പേടിഎമ്മിന് ഭീഷണിയായി ആമസോണ്‍. ഡിജിറ്റല്‍ വാലറ്റ് സേവനം ആരംഭിക്കാന്‍ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയ്ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഇത് ലഭിക്കുന്നതോടെ അമസോണ്‍ രാജ്യത്ത് അതിവേഗം വളരുന്ന ഡിജിറ്റര്‍ പേയ്മെന്റ് ബിസിനസിന്റെ മുഖ്യകേന്ദ്രമായി മാറുമെന്നാണ് സൂചന. ഈ മാറ്റം വരും നാളുകളിൽ പേടിഎം, ഫ്രീചാര്‍ജ്ജ് പോലുള്ള കമ്പനികള്‍ക്ക് കടുത്ത ഭീക്ഷണിയായിരിക്കും ഉയർത്തുന്നത്.
ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങള്‍ ആരംഭിക്കാനുള്ള പ്രീപെയ്ഡ് പേയ്മെന്റ് ഇന്‍സ്ട്രുമെന്റ് ലൈസന്‍സിന് ഒരു വർഷം മുൻപാണ് ആമസോണ്‍ ഇന്ത്യ അപേക്ഷ നല്‍കിയിരുന്നത്. ഇത് ലഭിച്ചതോടെ ഇനി പേടിഎം പോലുള്ള കമ്പനികളുടേതിന് സമാനമായ സേവനങ്ങള്‍ നല്‍കാന്‍ ആമസോണിന് കഴിയും. നിലവില്‍ പേ ബാലന്‍സ് സര്‍വ്വീസ് എന്ന പേരില്‍ ചെറിയ ഇ-വാലറ്റ് സേവനം ആമസോണ്‍ നല്‍കുന്നെങ്കിലും ഇതില്‍ സൂക്ഷിച്ചിരിക്കുന്ന പണം ഉപയോഗിച്ച് ആമസോണ്‍ വെബ്സൈറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ മാത്രമേ സാധിക്കുകയുള്ളൂ.
റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് കിട്ടിയ വിവരം ആമസോണ്‍ പുറത്തു വിട്ടെങ്കിലും തങ്ങളുടെ പേയ്മെന്റ് സര്‍വ്വീസ് ഏത് തരത്തിലായിരിക്കുമെന്ന് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. പേടിഎം സമാനമായ പ്രവർത്തനമോ അതോ മറ്റ് മേഖലകളില്‍ ശ്രദ്ധിക്കുന്ന സേവനമോ അവതരിപ്പിക്കാനാണ് സാധ്യത.
Post Your Comments