പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ കഴിഞ്ഞ ദിവസം ലോകസഭയില്‍ പാസായി കഴിഞ്ഞു. ഇതുപ്രകാരം ബില്‍ നടപ്പായിക്കഴിഞ്ഞാല്‍ ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ ആയിരം രൂപ പിഴ നല്‍കണം, ഇതിനൊപ്പം മൂന്ന് മാസത്തേക്ക് ലൈസന്‍സും റദ്ദാക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ റോഡപകടങ്ങളുടെ നിരക്ക് പകുതിയായി കുറയ്ക്കാന്‍ പുതിയ ഭേദഗതികള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. അടുത്തപടിയായി രാജ്യസഭയും രാഷ്ട്രപതിയും ബില്‍ അംഗീരകരിക്കുന്നതോടെ ഭേദഗതികളെല്ലാം പ്രാബല്യത്തില്‍ വരും.
ഭേദഗതി പ്രകാരം മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ഇനി പതിനായിരം രൂപ പിഴ നല്‍കണം. പിഴശിക്ഷയ്ക്ക് പുറമേ ഇ-ഗവേണന്‍സ്, വ്യാജ ലൈസന്‍സുകള്‍ കണ്ടെത്താനുള്ള പദ്ധതി, ട്രാഫിക് നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ബില്ലിലുടെ ലക്ഷ്യമിടുന്നുണ്ട്. വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിച്ചാല്‍ 5000 രൂപയാണ് പിഴ. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ലെങ്കിലും ഇനിമുതല്‍ പിഴ ഒടുക്കേണ്ടി വരും, പതിനായിരം രൂപ. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിനോ, വാഹനത്തിന്റെ ഉടമയ്‌ക്കോ 25000 രൂപ പിഴയും മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. അമിത വേഗത്തിനും ലൈസന്‍സില്ലാതെ വാഹനം നിരത്തിലിറക്കിയാലും 5000 രൂപയാണ് പിഴ.
വാഹനാപകടങ്ങളില്‍ പരമാവധി ഇന്‍ഷൂറന്‍സ് 10 ലക്ഷം രൂപയാക്കുന്ന വ്യവസ്ഥ ഒഴിവാക്കിയും രക്ഷകസംരക്ഷണ വ്യവസ്ഥയില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഉള്‍പ്പെടുത്തിയുമാണ് ലോകസഭ ബില്‍ അംഗീകരിച്ചത്. ഇതോടെ ഇനി ട്രൈബ്യൂണലുകള്‍ നിശ്ചയിക്കുന്ന നഷ്ടപരഹാരം ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കേണ്ടിവരും. ട്രാന്‍സ്‌പോര്‍ട്ട് ലൈസന്‍സിന് മിനിമം വിദ്യാഭ്യാസ യോഗ്യത വേണമെന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. ലൈസന്‍സുകളുടെ കാലാവധി വര്‍ധിക്കുന്നതിനൊപ്പം ലേര്‍ണേഴ്‌സ് ലൈസന്‍സ് എടുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാനും സൗകര്യമൊരുക്കും.
Post Your Comments