ന്യൂഡല്‍ഹി : ഇന്ത്യ-പാക് നയതന്ത്രബന്ധം വഷളാകുന്നു. കുല്‍ഭൂഷണിന് പാകിസ്ഥാന്‍ വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഇന്ത്യ വിട്ടയക്കാന്‍ തീരുമാനിച്ചിരുന്ന 12 പാകിസ്ഥാന്‍ പൗരന്‍മാരുടെ മോചനം ഇന്ത്യ റദ്ദാക്കി.
‘ഇന്ത്യന്‍ ചാരന്‍’ എന്നാരോപിച്ച് 2016 മാര്‍ച്ചില്‍ പാക്കിസ്ഥാന്‍ പിടികൂടിയ കുല്‍ഭൂഷണ്‍ ജാദവിനു വധശിക്ഷ പ്രഖ്യാപിച്ച നടപടിയില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചു. പാക്ക് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്. വധശിക്ഷ നടപ്പാക്കിയാല്‍ അത് സാമാന്യനീതിയുടെ ലംഘനമാകുമെന്ന് ഇന്ത്യ അറിയിച്ചു. കുല്‍ഭൂഷണെതിരായ നടപടി അപഹാസ്യമാണ്. അടിസ്ഥാന നിയമവും നീതിയും കണക്കിലെടുത്തില്ലെങ്കില്‍ വധശിക്ഷ കൊലപാതകത്തിനു സമാനമായി കണക്കാക്കും. കുല്‍ഭൂഷണെതിരെ വിചാരണ നടത്തുന്ന വിവരം ഇന്ത്യന്‍ ഹൈക്കമ്മീഷണറെ അറിയിച്ചിരുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അതിനിടെ, ബുധനാഴ്ച വിട്ടയ്ക്കാനിരുന്ന 12 പാക്ക് പൗരന്മാരുടെ മോചനം ഇന്ത്യ റദ്ദാക്കി.
ഭീകരപ്രവര്‍ത്തനം, അട്ടിമറിശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പാക്ക് സൈനിക കോടതിയാണ് കുല്‍ഭൂഷണിന് വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ചാരസംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിനു (റോ) വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ചാണ് കുല്‍ഭൂഷണെ പാക്കിസ്ഥാന്‍ പിടികൂടിയത്. 2003 മുതല്‍ ഇറാനിലെ ചാബഹറില്‍ കച്ചവടം നടത്തിവന്ന ജാദവ് പാക്കിസ്ഥാനിലേക്കു പോകും വഴിയാണു പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയുടെ വലയിലായത്. കുല്‍ഭുഷണ്‍ ജാദവിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനം, അട്ടിമറിശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) റജിസ്റ്റര്‍ ചെയ്തിരുന്നു.
Post Your Comments