വാഷിങ്ടണ്‍: യാത്രികര്‍ അധികമെന്ന കാരണത്താല്‍ അമേരിക്കയിലെ വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജനെ വലിച്ചിഴച്ച് പുറത്താക്കി. ചിക്കാഗോയില്‍ നിന്ന് ലൂയിസ് വില്ലയിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ സീറ്റില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഏഷ്യന്‍ വംശജരായ ഡോക്ടറും ഭാര്യയുമാണ് ടിക്കറ്റെടുത്ത് വിമാനത്തില്‍ പ്രവേശിച്ചിട്ടും പുറത്താക്കപ്പെട്ടത്.
യാത്രികരില്‍ ഒരാള്‍ സംഭവത്തെ കുറിച്ച് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ – അധികബുക്കിങ് നടന്നതിനാല്‍ ഏതെങ്കിലും നാലു യാത്രികര്‍ സ്വമേധയാ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആരും ഇതിന് തയാറായിരുന്നില്ല. ഒടുവില്‍ അധികൃതര്‍ തന്നെ പുറത്താക്കേണ്ടവരെ തിരഞ്ഞെടുക്കുകയായിരുന്നു. ഏഷ്യന്‍ വംശജനായ ഡോക്ടറോടും ഭാര്യയോടും ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ കൂട്ടാക്കിയില്ല. അടുത്ത ദിവസം തനിക്ക് ജോലിക്ക് പോകേണ്ടതാണെന്ന് ഡോക്ടര്‍ അറിയിച്ചിരുന്നു എങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സീറ്റില്‍ നിന്ന് പിടിച്ചുവലിച്ച് വിമാനത്തിന് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
യാത്രികന്‍ വിമാനത്തില്‍ നിന്ന് സ്വമേധയാ പുറത്തിറങ്ങാന്‍ കൂട്ടാക്കാത്തതിനാല്‍ പോലീസിനെ വിളിക്കുകയായിരുന്നുവെന്ന് യുണൈറ്റഡ് സംഭവത്തോട് പ്രതികരിച്ചു. സാധാരണ ബുക്കിങ് നടന്നാലും എല്ലാ യാത്രികരും എത്തിച്ചേരാറില്ല. വിമാനത്തിന്റെ വരുമാനനഷ്ടം തടയുന്നതിനാണ് അധികബുക്കിങ് അനുവദിക്കുന്നത്. എന്നാല്‍ ഇങ്ങനൊരു പ്രശ്‌നമുണ്ടായതില്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ അറിയിച്ചു.
Post Your Comments