ബിജ്നോര്‍•ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ ഒരു ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണിയെ ചൊല്ലി തര്‍ക്കം. രാമനവമിയുടെ ഭാഗമായി സ്ഥാപിച്ച ഉച്ചഭാഷിണി ഒരു സമുദായത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നീക്കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഉച്ചഭാഷിണി അനുവദിച്ചില്ലെങ്കില്‍ ഗ്രാമം വിട്ടുപോകുമെന്നാണ് ഹിന്ദുക്കളുടെ ഭീഷണി. പ്രതിഷേധത്തിന്റെ ഭാഗമായി ഹിന്ദുക്കള്‍ തങ്ങളുടെ വീടും പറമ്പും വില്‍ക്കുന്നതായി കാട്ടി വാതിലുകളില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്.
ആക്രമണ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നുവെങ്കിലും ശനിയാഴ്ചവരെയും അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല.
രാമ നവമിയുടെ ആഘോഷങ്ങളുടെ ഭാഗമായി നജിബാബാദ് താലൂക്കിലെ ജോഗിരാംപുര ഗ്രാമത്തിലെ ശിവ ക്ഷേത്രത്തില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിച്ചതാണ് തര്‍ക്കത്തിന്റെ തുടക്കം. ഹിന്ദു യുവ വാഹിനി എന്ന സംഘടന പ്രവര്‍ത്തകരായ പ്രദേശവാസികളായ ഹിന്ദുക്കളാണ് ഉച്ചഭാഷിണികള്‍ സ്ഥാപിച്ചത്. എന്നാല്‍ ഇതിനെതിരെ ന്യൂനപക്ഷ സമുദായം എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെ സംഘര്‍ഷമായി. തുടര്‍ന്ന് പോലീസും മറ്റ് ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്തെത്തി ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുകയായിരുന്നു.
അധികൃതരുടെ നടപടിയോട് രോഷാകുലമായാണ് ഹിന്ദു സമുദായാംഗങ്ങള്‍ പ്രതികരിച്ചത്. അവര്‍ രാത്രി തന്നെ ‘വീട് വില്പനയ്ക്കെന്ന്’ കാട്ടി നോട്ടീസുകള്‍ പതിച്ചു. 10 വര്‍ഷം മുന്‍പ് ക്ഷേത്രത്തില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിരുന്നതാണെന്നും ഇത് പിന്നീട് നീക്കം ചെയ്യുകയായിരുന്നു വെന്നും പ്രദേശവാസികള്‍ പറഞ്ഞു. “ഇതാദ്യമായല്ല ച്ചഭാഷിണികള്‍ സ്ഥാപിക്കുന്നത്. ഞങ്ങള്‍ അത് പുനസ്ഥാപിക്കുക മാത്രമാണ് ഉണ്ടായത്. അതില്‍ എതിര്‍പ്പ് ഉണ്ടാകേണ്ട കാര്യമില്ല”- ഹിന്ദു യുവ വാഹിനി കോ-ഓര്‍ഡിനേറ്റര്‍ എന്‍.പി സിംഗ് പറഞ്ഞു.
“ഗ്രാമത്തിലെ 4000 ത്തോളം പേരില്‍ 500 ഓളം പേര്‍ ഹിന്ദുക്കളാണ്. ഈ ക്ഷേത്രത്തിന് 400 വര്‍ഷത്തിലേറെ പഴക്കമുണ്ട്. 2007 ല്‍ ഉച്ചഭാഷിണികള്‍ നീക്കം ചെയ്ത ശേഷം ഞങ്ങള്‍ അത് ക്ഷേത്രത്തിനുള്ളില്‍ മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ മറ്റേ സമുദായം ആരാധാനാലയത്തിന് മുകളില്‍ സ്ഥിരമായി ഉച്ചഭാഷിണി ഉപയോഗിക്കുന്നുണ്ട്.”- ഗ്രാമവാസിയായ നരേഷ് സൈനി പറഞ്ഞു.
ഉത്സവകാലത്ത് മാത്രം ഉച്ചഭാഷിണി ഉപയോഗിക്കാനാണ് അധികൃതര്‍ പറയുന്നത് .അത് അംഗീകരിക്കാന്‍ കഴിയില്ല. എല്ലാ ദിവസവും ആരതിയ്ക്ക് തങ്ങള്‍ക്ക് ഉച്ചഭാഷിണി ഉപയോഗിക്കണമെന്നും ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ദയാറാം സൈനി പറഞ്ഞു.
പ്രശ്നപരിഹാരത്തിനായി അധികൃതര്‍ ഇരു സമുദായവുമായി നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. ഉത്സവകാലത്ത് മാത്രം ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നാണ് ന്യൂനപക്ഷ സമുദായത്തിന്റെ നിലപാട്. പക്ഷേ, ക്ഷേത്രത്തിന് ചുറ്റും നിരവധി ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ താമസിക്കുന്നതിനാല്‍ എല്ലാ ദിവസവും ഉപയോഗിക്കാന്‍ പാടില്ലെന്നും അവര്‍ പറയുന്നു. ചര്‍ച്ചകളില്‍ ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണെന്ന് നജിബാബാദ് സബ്-ഡിവിഷണല്‍ മജിസ്ട്രേറ്റ് വി.കെ സിംഗ് പറഞ്ഞു.
Post Your Comments