KeralaLatest NewsNews

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇനി മലയാളത്തെ അവഗണിയ്ക്കാന്‍ കഴിയില്ല : സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് ഇറക്കി

തിരുവനന്തപുരം; സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കികൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കി. ഇതു പ്രകാരം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സിബിഎസ്ഇ, ഐ.സി.എസ്.ഇ തുടങ്ങി മുഴുവന്‍ സിലബസിലും ഇനി മുതല്‍ മലയാളം നിര്‍ബന്ധമായും പഠിച്ചിരിക്കണം. സംസ്ഥാനത്തെ പല സ്‌കൂളുകളിലും മലയാളം എഴുതുന്നതിനും, സംസാരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തുന്നു എന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍.
ഇന്നും സംസ്ഥാനത്തിന്റെ പല സ്‌കൂളുകളിലും മലയാളം വിഷയം സിലബസില്‍ നിന്നും ഒഴിവാക്കുകയും, മലയാളം പഠിപ്പിക്കുന്നതിന് സ്‌കൂളുകളില്‍ മതിയായ അദ്ധ്യാപകരില്ലാത്തതുമാണ് സര്‍ക്കാര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടാന്‍ കാരണം.

മലയാളത്തിനെ അവഗണിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധ സ്വരങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിന് നിയമ നിര്‍മ്മാണത്തിലൂടെ പരിഹാരം കണ്ടെത്താന്‍ നേരിട്ട് ഇടപെടുകയാണ് സര്‍ക്കാര്‍. ഇതിന് മുന്‍പ് സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കാന്‍ മലയാളം പഠിച്ചിരിക്കണമെന്ന നിബന്ധന പിഎസ് സി വെച്ചിരുന്നു.

കഴിഞ്ഞ ദിവസം മലയാള ഭാഷ പഠനം തങ്ങളുടെ അവകാശമാണെന്ന് പറഞ്ഞുകൊണ്ട് കേരള മുഖ്യമന്ത്രിക്കും, വിദ്യഭ്യാസ മന്ത്രിക്കും കത്തെഴുതി നാല്‍പതിലേറെ പെണ്‍കുട്ടികള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ ബണ്‍പത്തടുക്ക എസ്ഡിപിഎഎ യുപി സ്‌കൂളിലെ എല്‍പി വിഭാഗം വിദ്യാര്‍ത്ഥികളാണ് മലയാളം തങ്ങള്‍ക്ക് പഠിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button