തിരുവനന്തപുരം : സംസ്ഥാനത്ത് യു.ഡി.എഫും ബിജെപിയും ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ തുടങ്ങി. ജിഷ്ണുവിന്റെ അമ്മക്കും ബന്ധുക്കള്‍ക്കും നേരെ ഇന്നലെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും അവിടെ നിരാഹാര സമരം തുടരുകയാണ്.
രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ മലപ്പുറം ഒഴികെയുള്ള ജില്ലകളിലെല്ലാം പൂര്‍ണ്ണമാണ്. ഏതാനും ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളില്‍ നിരത്തിലിറങ്ങിയത്. ദീര്‍ഘദൂര സര്‍വ്വീസുകളടക്കം കെ.എസ്.ആര്‍.ടി.സി ബസുകളൊന്നും സര്‍വ്വീസ് ആരംഭിച്ചിട്ടില്ല. നിരത്തിലിറങ്ങിയ ചില ഓട്ടോറിക്ഷകള്‍ രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ തടയാന്‍ ശ്രമിക്കുകയും ചെയ്തു.
മെഡിക്കല്‍ കോളേജ്, റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലേക്ക് പോകാന്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്കായി പൊലീസ് പ്രത്യേകം വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ജിഷ്ണുവിന്റെ അമ്മ മഹിജ ആശുപത്രിയില്‍ നിരാഹാര സമരം തുടരുകയാണ്. ഇന്നലെ പൊലീസ് ആസ്ഥാനത്ത് നിന്ന് പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയ മഹിജയെ അവിടെ നിന്ന് പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments