മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസിന് ഓര്‍ക്കാനും ഓര്‍മ്മിപ്പിക്കാനുമുള്ള ഒരുപാടു കാര്യങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു
ബിജെപിയെ ക്കുറിച്ച് ഓർക്കുമ്പോൾ ഒരു സംഭവം മനസിലെത്തുന്നു. 1980 -ലെ ഒരു ‘അധികാരത്തർക്ക’മാണ്. 1980-ലേത് എന്ന് പറഞ്ഞത് ബിജെപി രൂപീകരിക്കാൻ ദൽഹിയിൽ യോഗം നടക്കുമ്പോഴത്തെ കാര്യം. മുതിർന്ന നേതാക്കൾ എല്ലാവരും ഒന്നിച്ചിരിക്കുന്നു. വാജ്‌പേയി , അദ്വാനി, എസ് എസ് ഭണ്ഡാരി, ഷെഖാവത്, ജഗന്നാഥ റാവു ജോഷി, ഭായ് മഹാവീർ …… അങ്ങിനെയുള്ള മുതിർന്ന നേതാക്കളെല്ലാം അവിടെയുണ്ട്. പുതിയ കക്ഷിയുടെ സംഘടനാരൂപം ആലോചിക്കുകയാണ്. ആരാവണം പുതിയ പ്രസിഡണ്ട് എന്നതാണ് പ്രധാന ചോദ്യം, അല്ലെങ്കിൽ അവർക്കുമുന്നിലെ ചിന്ത. വാജ്‌പേയിയും അദ്വാനിയും തമ്മിലാണ് തർക്കം. അദ്വാനി പറയുന്നത് സമ്മതിക്കാൻ വാജ്‌പേയി തയ്യാറല്ല; വാജ്‌പേയിയുടെ നിർദ്ദേശം അംഗീകരിക്കാൻ അദ്വാനിയും തയ്യാറല്ല. മറ്റു നേതാക്കൾ രണ്ടുപേരോടും പറയുന്നു, ഇങ്ങനെയായാൽ പറ്റില്ല എന്ന്. തർക്കം എന്താണെന്നോ…… വാജ്‌പേയി പറയുന്നു അദ്വാനിജി പ്രസിഡണ്ട് ആകണം എന്ന് ; അതേസമയം അദ്വാനി സമ്മതിക്കാൻ തയ്യാറല്ല, അദ്ദേഹം പറയുന്നു അടൽജി ( വാജ്‌പേയി ) ആ ചുമതല ഏറ്റെടുക്കണം എന്ന്. ഇതാണ് അവർക്കിടയിലെ യോജിപ്പ്. അഖിലേന്ത്യാ അധ്യക്ഷനാകാൻ പറയുമ്പോഴും അതിനു സമ്മതിക്കാതെ മറ്റൊരാളെ ഏൽപ്പിക്കാൻ ശ്രമിക്കുന്ന ശൈലി. ഇത് ബിജെപിയിലല്ലേ കാണാൻ കഴിയൂ. അന്ന് അവസാനം വാജ്‌പേയി അദ്വാനിക്ക് കീഴടങ്ങി; ബിജെപിയുടെ പ്രഥമ അധ്യക്ഷനാവാൻ സമ്മതിച്ചു. എന്നാൽ വാജ്‌പേയിക്ക് അപ്പോൾ രണ്ടു വ്യവസ്ഥകളുണ്ടായിരുന്നു ; അദ്വാനി ജനറൽ സെക്രട്ടറി ആകണം എന്നതാണ് അതിലൊന്ന് ; മറ്റൊരു വ്യവസ്ഥ, അടുത്ത വർഷം അദ്വാനിജി തന്നെ അധ്യക്ഷ പദവി ഏറ്റെടുക്കണം. അതങ്ങിനെതന്നെ നടന്നു. അത്രമാത്രം മനപ്പോരുത്തത്തോടെയാണ് ദേശീയതലത്തിൽ വാജ്‌പേയിയും അദ്വാനിയുമൊക്കെ പ്രവർത്തിച്ചത്. എത്രയോ ദശാബ്ദങ്ങൾ അവർ ഒന്നിച്ചുണ്ടായിരുന്നു. ഒരേ മനസ്സോടെ ഒരേ ചിന്തയോടെ ഒരു പ്രസ്ഥാനത്തിനായി അണിനിരന്നവർ. ഒരിക്കലെങ്കിലും അവർക്കിടയിൽ പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ ഉയർന്നുവന്നതായി കേട്ടിട്ടുണ്ടോ?. ഇല്ലതന്നെ.
ഇന്നിപ്പോൾ ഇതോർത്തത് ഭാരതീയ ജനതാപാർട്ടിക്ക് വയസ്സ് മുപ്പത്തിയേഴ് തികയുന്നു എന്നതാണ് . ഏപ്രിൽ ആറിനാണ് പിറന്നാൾ. 1980 ഏപ്രിൽ ആറിനാണ് ബിജെപി എന്ന ദേശീയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകൃതമായത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ അനവധി കടുത്ത പരീക്ഷണങ്ങളെ അഭിമുഖീകരിച്ച ഈപാർട്ടി ഇന്നിപ്പോൾ ഇന്ത്യയുടെ ഭരണകക്ഷിയാണ്. ലോക്സഭയിൽ അതിനിന്ന് തനിച്ചു ഭൂരിപക്ഷമുണ്ട്. 360 ഓളം എംപിമാർ, 1400 ഓളം എംഎൽഎമാർ. രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളിൽ ഇന്ന് ബിജെപി മുഖ്യമന്ത്രിമാരുണ്ട് ; മറ്റ് രണ്ടു് സംസ്ഥാനങ്ങളിൽ ബിജെപി പിന്തുണയുള്ള ഭരണകൂടം. അതുമാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷി എന്ന മഹനീയ സ്ഥാനവും അതിനു കരഗതമായിരിക്കുന്നു. ഏതാണ്ട് പത്ത് കോടിയിലേറെ ഭാരതീയരെയാണ് അവർ ഇക്കഴിഞ്ഞ വർഷം പാർട്ടിയിൽ അംഗമാക്കിയത്. ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിക്കായിരുന്നു ഇതുവരെ ആ റെക്കോർഡ്. അതാണ് ബിജെപി തിരുത്തിക്കുറിച്ചത്. ബിജെപിയുടെ അംഗത്വ പ്രവർത്തനം അവസാനിച്ചിട്ടില്ല; അത് ഈ മാസാവസാനത്തോടെ പൂർത്തിയാകുമ്പോൾ അംഗങ്ങളുടെ എണ്ണം ചുരുങ്ങിയത് 10 കോടി കഴിയും എന്നാണു സൂചനകൾ. തീർച്ചയായും ഇത് ഒരു സുപ്രധാന കാര്യമാണ്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു ചെയ്തത് ഏതാണ്ട് 17.17 കോടി ജനങ്ങളാണ്. അവരിൽ പത്തോ പതിനൊന്നോ കോടി പേരെ പാർട്ടിയിൽ ചെർക്കാനാവുക എന്നത് വലിയ കാര്യം തന്നെ. തങ്ങൾക്ക് വോട്ടുചെയ്തവരിൽ ഏതാണ്ട് എഴുപതു ശതമാനം പേരെ പാർട്ടി അംഗമാക്കി എന്നർഥം. ഒരിക്കൽ പോലും നിയമസഭാ- ലോകസഭാ തിരഞ്ഞെടുപ്പുകളിൽ ജയിച്ചിട്ടില്ലാത്ത കേരളത്തിൽ പോലും വൻ മുന്നേറ്റം നടത്താൻ ബിജെപിക്കായി. അവിടെ ഏതാണ്ട് 26 ലക്ഷം പേരെ അംഗങ്ങളാക്കി എന്നതാണ് കണക്ക്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് ലഭിച്ചത് 18.56 ലക്ഷം വോട്ടാണ്. തങ്ങൾക്കു ലഭിച്ച വോട്ടിനേക്കാൾ കൂടുതൽ മെമ്പർമാരെ ചേർക്കാൻ കേരളത്തിലെ ബിജെപിക്ക് കഴിഞ്ഞു എന്നത് കണക്കിലെടുക്കേണ്ട കാര്യം തന്നെയാണ്. രാഷ്ട്രീയമായും സംഘടനാപരമായും ഇതിനു വളരെയേറെ പ്രാധാന്യമുണ്ട്. മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ കിട്ടിയ വോട്ടിലും അധികം പേരെ അംഗങ്ങളാക്കിയിട്ടുണ്ടോ എന്നറിയില്ല. ആർ എസ് എസിന്റെ ഉപദേശ നിർദ്ദേശങ്ങളും സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ കൂട്ടായ പ്രവർത്തനവും നല്കുന്ന സൽഫലങ്ങളാണ് ഇതെല്ലാം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അതിന്റെ ഫലവും ഗുണവും നാം കണ്ടു. അതിന്റെ തുടർച്ചയാണ് അംഗത്വ പ്രവർത്തനത്തിലും പ്രകടമായത് എന്നുവേണം കരുതാൻ.
അനവധി പരീക്ഷണങ്ങളെ നേരിട്ട പ്രസ്ഥാനമാണിത് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ബിജെപിയുടെ പൂർവ്വ രൂപമായ ജനസംഘ കാലഘട്ടത്തിലാണ് രാജ്യത്ത് അടിയന്തരാവസ്ഥ നിലവിൽ വരുന്നത്. എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും കോണ്‍ഗ്രസ്സിന്റെയും ഇന്ദിരാഗാന്ധിയുടെയും ആ ഏകാധിപത്യ ശാസനക്കുമുന്നിൽ വലിയ പ്രതിസന്ധിയിലകപ്പെട്ടു. വാജ്പേയി, അദ്വാനി, രാജമാതാ വിജയരാജ സിന്ധ്യ, സുന്ദർസിങ്ങ് ഭണ്ഡാരി, നാനാജി ദേശ്മുഖ് തുടങ്ങിയ മുതിർന്ന നേതാക്കൾ മുതൽ താഴെ തട്ടിലുള്ളവർ വരെ അറസ്റ്റ് ചെയ്യപ്പെട്ടു. പക്ഷെ അന്നും ജനസംഘ – ആർ എസ് എസ് പ്രവർത്തകർ ഒളിവിലും തെളിവിലും പ്രവർത്തിച്ചു. അനവധി പേർ പരസ്യമായി സമരം ചെയ്ത് അറസ്റ്റ് വരിച്ചു. എന്നാൽ അവസാനം ജയം അവർക്കായിരുന്നു. ഏകാധിപത്യത്തിനെതിരായ വിധിയെഴുത്ത് 1977- ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത നടത്തി എന്നത് ചരിത്രത്തിന്റെ ഭാഗമാണിന്ന്. അതോടെയാണ് ജനസംഘ യുഗത്തിന് പരിസമാപ്തി കുറിച്ചത്. ലോക്നായക് ജയപ്രകാശ് നാരായണന്റെയും ആചാര്യ കൃപലാനിയുടെയുമൊക്കെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിക്കൊണ്ടാണ് ജനതാപാർട്ടിയിൽ ലയിക്കാൻ ജനസംഘം തീരുമാനിച്ചത്. ജനത പാർട്ടിയുടെ ചരിത്രം ഇവിടെ ആവർത്തിക്കേണ്ടതില്ല. അതിൽനിന്ന് പഴയ ജനസംഘക്കാരെ തുടച്ചുനീക്കാൻ ചിലർ മുന്കയ്യെടുത്തിറങ്ങി. ആർ എസ് എസ് ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു അത്. ആർ എസ് എസ് ജനത പാർട്ടിയിൽ ലയിക്കണം അല്ലെങ്കിൽ ജനസംഘക്കാരെ പുറത്താക്കണം…….. ഇതായിരുന്നു അവരുടെ ലക്ഷ്യവും മുദ്രാവാക്യവും. മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് തുടങ്ങിയപ്പോൾ പാർട്ടിയിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയവരാണ് അതിനൊക്കെ തയ്യാറായത്. അതോടെ എന്തിനു ഈ യുദ്ധം ചെയ്തു നടക്കണം, അതിനേക്കാൾ ഭേദം സ്വന്തം പ്രസ്ഥാനം വീണ്ടെടുക്കുന്നതല്ലേ എന്ന് ജനസംഘക്കാർ ചിന്തിച്ചു. അതാണ് ബിജെപിയുടെ രൂപീകരണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
ബിജെപിയെ എല്ലാ ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങളും പ്രതീക്ഷയോടെയാണ് കണ്ടത്. ഇന്ത്യയുടെ രാഷ്ട്രീയമേഖലയിൽ അത്തരമൊരു പ്രസ്ഥാനത്തിന്റെ അഭാവം നിഴലിച്ചിരുന്നു എന്നതാണ് പരമാർത്ഥം. ജനസംഘത്തിനു പിന്തുണയും സഹായവും നൽകിപ്പോന്നവർ ജനതാ പാർട്ടി യുടെ കാലത്ത് യഥാർഥത്തിൽ കടുത്ത നിരാശയിലായിരുന്നു. ജനത പാർട്ടിയിലെ പ്രശ്നങ്ങൾ അവരെയൊക്കെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. പക്ഷെ, പഴയ ജനസംഘത്തിന്റെ പാതയിലൂടെയല്ല ബിജെപി മുന്നോട്ടു നീങ്ങാൻ തീരുമാനിച്ചത്, മറിച്ച് ജനതാപാർട്ടിയുടെ ഏതാണ്ടൊരു തുടർച്ച എന്ന മട്ടിലാണ്. അല്ലെങ്കിൽ അങ്ങിനെ ഒരു തോന്നൽ പല കേന്ദ്രങ്ങളിലും അന്നുണ്ടായി. ജനസംഘ മനസ്ഥിതി വെച്ച് പുലർത്തിയിരുന്ന പലരിലും ആ വിധത്തിലുള്ള ചിന്തകളും മറ്റും ഉണ്ടായി എന്നത് മറച്ചുവെച്ചിട്ടുകാര്യമില്ല. അതിനു പല കാരണങ്ങൾ ഉണ്ടാവാം. ജനസംഘത്തിന്റെ ആശയാദർശങ്ങൾക്കല്ല മറിച്ച് മറ്റെന്തിനോയോക്കെയാണ് പുതിയ പാർട്ടി പ്രാമുഖ്യം നൽകുന്നത് എന്ന് അന്ന് പലരും ചിന്തിച്ചു. ആർ എസ് എസ് നേതൃത്വത്തിലെ ചിലർ അന്നതൊക്കെ രഹസ്യമാക്കിവെച്ചതുമില്ല. ഗാന്ധിയൻ സോഷ്യലിസം, ഭാവാത്മക മതേതരത്വം തുടങ്ങിയ മുദ്രാവാക്യങ്ങൾ അന്ന് ബിജെപിയുടെ അടിസ്ഥാന നയപരിപാടികളുടെ ഭാഗമായിരുന്നു. ജനസംഘത്തിന്റെ അടിസ്ഥാന നയപരിപാടികൾക്ക് സ്ഥാനം ലഭിച്ചില്ല എന്ന തോന്നലും ഏകാത്മ മാനവവാദം പോലുള്ള ദാർശനിക ചിന്തകൾക്കും സങ്കൽപ്പങ്ങൾക്കും ബിജെപി ഒഴിവു നൽകുന്നു എന്ന ആക്ഷേപങ്ങളും ഉണ്ടായി.
എന്നാൽ പഴയ ജനസംഘക്കാർ മാത്രമല്ല അന്ന് ബിജെപിയിൽ അണിനിരന്നത് എന്നതോർക്കുക. ജനതാ പാർട്ടിയിൽ നിന്ന് കഴിയുന്നത്ര ആൾക്കാരെ കൂടെ കൊണ്ടുവരാൻ ശ്രമം നടന്ന കാലഘട്ടമാണത്. പിന്നെ രാഷ്ട്രീയ നഭോമണ്ഡലത്തിൽ പുതിയ കക്ഷിക്ക് ഒരു പൊതു സ്വീകാര്യത ഉണ്ടാക്കാനുള്ള നീക്കവും നടന്നു. പക്ഷെ അന്നും കാര്യങ്ങൾ നിയന്ത്രിച്ചത് ആർ എസ് എസിൽ നിന്ന് ജനസംഘത്തിലെത്തിയ പ്രമുഖന്മാർ തന്നെയായിരുന്നു. എ ബി വാജ്‌പേയി , എൽ കെ അദ്വാനി, സുന്ദർസിംഗ് ഭണ്ഡാരി , ജഗന്നാഥ റാവു ജോഷി, കെ എൻ സാഹ്നി, ജെ പി മാത്തൂർ, ഭൈരോണ്‍ സിംഗ് ഷെഖാവത്, രാജമാത വിജയരാജെ സിന്ധ്യ …………… അവർക്കൊക്കെ ഏകാത്മ മാനവവാദ ദർശനത്തൊടോ ദീനദയാൽ ഉപാധ്യായയോടോ സംഘ സംസ്കാരത്തോടെ വൈമുഖ്യം ഉണ്ടെന്നാരെങ്കിലും പറയില്ലല്ലോ. പക്ഷെ, അന്ന് എല്ലാവരുംകൂടി അന്നങ്ങിനെ തീരുമാനിച്ചു. ജനസംഘത്തിന്റെ പതാക ആയിരുന്ന കാവിക്കൊടിക്ക് പകരം പച്ചയും കാവിയും അടങ്ങിയതായി ബിജെപിയുടെ പതാക. ജനസംഘത്തിന്റെ ചിഹ്നം ‘ദീപം’ ആയിരുന്നുവെങ്കിൽ ബിജെപി തിരഞ്ഞെടുത്തത് ‘താമര’യാണ് . ഇതൊക്കെ സംഘ പരിവാറിൽ പലതലത്തിലും ചർച്ചാവിഷയമായി. എന്നാൽ ഇത്തരം തീരുമാനങ്ങൾ അന്നത്തെ നേതൃത്വം കൈക്കൊള്ളുമ്പോൾ ആർ എസ് എസിന്റെ നേതൃത്വവുമായി ആശയവിനിമയം നടത്തിയിരുന്നില്ല എന്ന് കരുതാൻ എന്നെപ്പോലുള്ള ഒരാൾക്ക് കഴിയില്ല. വാജ്പേയിയേയും അദ്വാനിയെയും നാനാജി ദേശ്മുഖിനെയും സുന്ദർസിങ്ങ് ഭണ്ഡാരിയേയുമൊക്കെ മനസ്സിലാക്കിയിട്ടുള്ള ഒരാൾക്ക് അങ്ങിനെയേ കരുതാനാവൂ.
ജനസംഘ സഹയാത്രികരല്ലാതിരുന്ന അനവധി പേർ അക്കാലത്ത് ബിജെപിയുടെ ഭാഗമായി. സമൂഹത്തിൽ ആദരിക്കപ്പെടുന്നവർ അനവധി അക്കൂട്ടത്തിലുണ്ടായിരുന്നു. ജസ്റ്റിസ് കെ എസ് ഹെഗ്ഡേ, രാം ജെത്മലാനി, ജഗ്മോഹൻ, ശാന്തി ഭൂഷൻ, വീരൻ ജെ ഷാ …. ……… ആ ലിസ്റ്റ് അത്രമാത്രം വലുതാണ്. സത്യസന്ധമായ രാഷ്ട്രീയത്തിനായി അവർ ആഗ്രഹിച്ചു എന്നതാണ് അതിൽ പ്രധാനം. എ ബി വാജ്പേയിയാവട്ടെ ആ നിലക്ക് ഒരു നല്ല പ്രതിച്ഛായ ഉണ്ടാക്കുകയും ചെയ്തിരുന്നുവല്ലോ. 1980- ൽ മുംബൈയിലാണ് ആദ്യ ദേശീയ സമ്മേളനം നടന്നത്. എം സി ചഗ്ലയെപ്പോലുള്ള പ്രമുഖർ അന്നവിടെവന്ന് ബിജെപിക്ക് ആശംശകൾ നേർന്നിരുന്നു. ആ സമ്മേളനമാവട്ടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതുമാണ്. മുഴുവൻ നേതാക്കളും പ്രവർത്തകരും ഒരേ സ്ഥലത്ത് താൽക്കാലിക ടെന്റുകളിൽ കഴിഞ്ഞ കാലമാണത്. ജനകീയത വിളിച്ചോതിയ സമ്മേളനം. പ്രമോദ് മഹാജൻ തന്റെ സംഘാടക മികവു തെളിയിച്ച മഹാസമ്മേളനം കൂടിയാണത്. അതിന്റെ മുഖ്യസംഘാടകൻ മഹാജൻ ആയിരുന്നു.
എന്നാൽ ബിജെപി നേരിട്ട ആദ്യ പൊതുതിരഞ്ഞെടുപ്പ് വലിയ ദുരന്തമായി എന്നത് പറയാതെവയ്യ. 1984-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കാര്യമാണ് സൂചിപ്പിച്ചത്. ഇന്ദിരാ ഗാന്ധിയുടെ വധത്തെതുടർന്നുണ്ടായ സഹതാപ തരംഗത്തിൽ അക്ഷരാർഥത്തിൽ എല്ലാ പ്രതിപക്ഷ കക്ഷികളും ഒലിച്ചുപോയിരുന്നു. വെറും രണ്ടു എംപി മാരെ ജയിപ്പിക്കാനെ അന്ന് ബിജെപിക്ക് കഴിഞ്ഞുള്ളൂ. കിട്ടിയത് 7. 74 ശതമാനം വോട്ടും. ഇന്ദിര വധം അതിനൊരു കാരണമാണ് എന്നറിയാമെങ്കിലും കൂടുതൽ ജാഗ്രതയോടെ കാര്യങ്ങളെ കാണാനും ആവശ്യമായ സ്വയം വിമർശനത്തിനും തിരുത്തലിനും അന്ന് ബിജെപി തയ്യാറായി. അതിന്റെ ഭാഗമായി ഡോ. മുരളി മനോഹർ ജോഷിയുടെ അധ്യക്ഷതയിൽ ഒരു സമിതിയെ നിയോഗിച്ചു. ആ സമിതിയിൽ പെട്ടവർ രാജ്യം മുഴുവൻ യാത്രചെയ്ത് പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും അഭിപ്രായം ആരായുകയും അത് പാർട്ടി നേതൃത്വത്തിന് സമർപ്പിക്കുകയും ചെയ്തു. ആ സ്വയം വിമർശനവും വിശകലനവുമൊക്കെയാണ് ബിജെപിയുടെ കർമ്മ – നയ പരിപാടികളിൽ വലിയ മാറ്റം വരുത്തിയത്. ഏകാത്മ മാനവവാദം പാർട്ടി പരിപാടികളിൽ തിരിച്ചുവന്നു എന്ന് മാത്രമല്ല ആർ എസ് എസിന്റെ സൂക്ഷ്മമായ മാർഗദർശനവും നിരീക്ഷണവും സഹായവും ഒക്കെ കടന്നുവരികയും ചെയ്തു. അനവധി ആർ എസ് എസ് പ്രചാരകന്മാരുടെ സേവനം ബിജെപിക്ക് കൂടുതലായി ലഭിച്ചതും അതിനുശേഷമാണ്. 1984-ലെ തിരഞ്ഞെടുപ്പ് ബിജെപിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി എന്നർഥം.
1984 -ലെ തകർച്ചയിൽ നിന്ന് കരകയറുന്ന ബിജെപിയെയാണ് പിന്നീട് കണ്ടത്. അയോധ്യ പ്രക്ഷോഭം അതിൽ വഹിച്ച പങ്ക് എടുത്തുപറയാതെവയ്യ. അദ്വാനി എന്ന നേതാവിന്റെ ശ്രമങ്ങളുടെ വിജയമായും അതിനെ വിലയിരുത്തണം. 1989- ൽ അവർക്ക് 85 എംപിമാരെ ലോക്സഭയിലെത്തിക്കാൻ കഴിഞ്ഞു. 1991 ആയപ്പോൾ അത് 120 സീറ്റായി കൂടി. 1996-ൽ 161 സീറ്റും 1998-ൽ 182 സീറ്റും ബിജെപി നേടി. 1996 – ൽ ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലക്ക് സർക്കാർ രൂപീകരിക്കാൻ പോലും ക്ഷണിക്കപ്പെട്ടു. വാജ്പേയിയുടെ ആ പതിമൂന്നു നാൾ നീണ്ട ഭരണം ബിജെപിക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. 1998-ൽ വീണ്ടും അധികാരത്തിലെത്തിയ വാജ്പേയി പതിമൂന്നു മാസം ഭരിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ, 1999 -ൽ, അഞ്ചുവര്ഷം നീണ്ട ഒരു സർക്കാരിന് നേതൃത്വം നൽകാനുതകുന്ന ജനവിധി ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എ ക്ക് ലഭിച്ചു. പിന്നീടിപ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി ഇന്ത്യയുടെ ഭരണം നിയന്ത്രിക്കുന്നു. 1984 ലെ വെറും രണ്ടു സീറ്റിൽ നിന്ന് 282 സീറ്റുകളിലേക്കുള്ള ജൈത്രയാത്ര നിസ്സാരമായി കാണേണ്ട ഒന്നല്ലല്ലോ.
ഈ പശ്ചാത്തലത്തിൽ വേണം ബിജെപിയുടെ ഭാവിയെ വിലയിരുത്താൻ. കേന്ദ്രത്തിലും ഒട്ടേറെ സംസ്ഥാനങ്ങളിലും ഭരണം ഉണ്ടെങ്കിലും അതിന് ഇ നിയും കുറെയേറെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചെയ്തു തീർക്കാനുണ്ട്. നരേന്ദ്ര മോഡി സർക്കാർ അതിന്റെ മൂന്നാം വാർഷികം ആഘോഷിക്കാൻ പോകുകയാണ്. ആ സർക്കാരിന്റെ നല്ല പ്രവർത്തികൾ, ജനക്ഷേമകരമായ തീരുമാനങ്ങളും നടപടികളും, ജനഹൃദയത്തിൽ എത്തിക്കേണ്ട ചുമതല ബിജെപിക്കാണല്ലോ. അതാണ് അവർ ആദ്യമായിചെയ്യേണ്ടത്. അതിനൊപ്പം പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപങ്ങൾക്ക് വിശദീകരണവും മറുപടിയും നൽകാനും പാർട്ടി പ്രവർത്തർക്കാവണം . കോടിക്കണക്കിന് മെമ്പർമാരെ ചേർത്തതുകൊണ്ട് മാത്രമായില്ല; അവരെ പാർട്ടി ധാരയിൽ കൊണ്ടുവരാനും ശ്രമം വേണമല്ലോ. അതും ഇന്നിപ്പോൾ നേതൃത്വത്തിന്റെ വലിയ ഉത്തരവാദിത്തമാണ്. യുപിയും, ഉത്തരാഖണ്ഡും, മണിപ്പൂരും, ഗോവയുമൊക്കെ ജയിച്ചുവെങ്കിലും വെല്ലുവിളികൾ കൂടുകയാണ്. ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിലേതുപോലെ ബിജെപി വിരുദ്ധർ എല്ലാവരും യോജിക്കാനുള്ള സാധ്യതയും കണക്കിലെടുക്കണം. പാർലമെന്റിൽ ഇന്നിപ്പോൾ അവർക്കൊക്കെ ഒരു മനസാണ്, ഒരു ചിന്തയാണ്. ഇനിയുള്ള ദിവസങ്ങളിൽ ബിജെപിപ്രധാന്യത്തോടെ കാണേണ്ട വിഷയമാണ്. 2019 ലാണ് ലോകസഭാ തിരഞ്ഞെടുപ്പ്. അതിലേക്ക് ഇനി ഏറെ അകലമില്ല. അതിനിടയിൽ കുറെ സംസ്ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. മധ്യപ്രദേശ്, രാജസ്ഥാനം ഛത്തീസ് ഗഡ്, ഹിമാചൽ പ്രദേശ്, കർണാടകം എന്നിവയാണവ. അതും വിജയിക്കേണ്ടിയിരിക്കുന്നു. ചുരുക്കത്തിൽ 37 വർഷം പിന്നിടുമ്പോഴും വലിയ വെല്ലുവിളികളാണ് ബിജെപിക്ക് മുന്നിലുള്ളത് എന്നു ചുരുക്കം.
അധികാരം എന്നും പലരെയും വഴിതെറ്റിച്ചിട്ടുണ്ട് . അത്തരം അധികാര ചിന്തകളിൽ നിന്നൊക്കെ വഴിമാറി നിൽക്കാൻ ചെറുതല്ലാത്ത ആത്മധൈര്യവും ചിന്താശക്തിയും മനശക്തിയും വേണം. അതൊക്കെ എല്ലാവർക്കും എളുപ്പത്തിൽ സാധ്യമാവുന്ന കാര്യമല്ല. അതിന്റെയൊക്കെ കുഴപ്പം നാം രാഷ്ട്രീയരംഗത്ത് പലപ്പോഴും കാണാറുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തെപ്പറ്റിയുള്ള വ്യക്തമായ ധാരണ ഇല്ലാത്തതാണ് അതിനു ഒരു കാരണം. പൊതു പ്രവർത്തനം, അത് രാഷ്ട്രീയ രംഗത്തായാലും മറ്റെവിടെയാണെങ്കിലും, സമാജ സേവനമാണ് എന്നതാണ് ഭാരതീയ സങ്കൽപ്പം. അതാണ് സംഘ പരിവാർ മുന്നോട്ടുവെക്കുന്ന ചിന്താസരണി. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ പ്രചാരകന്മാർ സന്യാസിമാരെപ്പോലെ സമാജത്തിനായി സ്വയം സമർപ്പിക്കുന്നവരാണ്. അതേ പ്രചാരകന്മാർ തന്നെയാണ് ബിജെപി അടക്കമുള്ള പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ നിയുക്തരാവുന്നത്. അതുകൊണ്ട് സാധാരണ നിലക്ക് അത്തരം പ്രശ്നങ്ങൾ ബിജെപിയിൽ വലിയതോതിൽ ഉണ്ടായിക്കൂടാ. പക്ഷെ എല്ലാവരും പ്രചാരകന്റെ മനസ്സോടെ പ്രവർത്തിക്കുന്നവരല്ലല്ലോ. അതുകൊണ്ട് കുറെ പ്രശ്നങ്ങൾ അവിടെയും ഇവിടെയുമൊക്കെ ഉണ്ടാകുന്നു. അതൊക്കെ പരിഹരിക്കാൻ ഇന്നിപ്പോൾ കഴിയുന്നു എന്നതും പറയാതെ പൊയ്ക്കൂടാ. ഒരു രാഷ്ട്രീയ കക്ഷി വലിയ അടിത്തറയോടെ ബഹുജന പ്രസ്ഥാനമായി മാറുമ്പോൾ അതിലേക്ക് എല്ലാതരത്തിലുമുള്ളവർ കടന്നുവരും. അതുണ്ടാക്കുന്ന പ്രശ്നങ്ങൾ സ്വാഭാവികമാണ്. അതോക്കെയെ ഇന്നിപ്പോൾ ബിജെപിയിൽ കാണുന്നുള്ളൂ.
മറ്റൊന്ന്, നേതാക്കൾക്കിടയിലെ അധികാര ചിന്തയാണ്. സ്ഥാനമാനങ്ങൾ കയറിപ്പിടിക്കാൻ വേണ്ടിയുള്ള നെട്ടോട്ടം. അതിന്നു രാഷ്ട്രീയ രംഗത്ത് സർവ്വ സാധാരണമാണെങ്കിലും മറ്റു പലതിനെയും അപേക്ഷിച്ച് നോക്കുമ്പോൾ ബിജെപിയിൽ കുറവാണ് എന്നത് പറയാതെവയ്യ. എന്നാൽ അത്തരം പ്രശ്നങ്ങൾ ബിജെപിയിൽ ഇല്ലേയില്ല എന്ന് പറയാനും കഴിയില്ല. അത് യഥാർഥത്തിൽ നിയന്ത്രിക്കപ്പെടുകയാണ്. ഇന്നത്തെ ബിജെപി നേതാക്കളിൽ ഏറെപ്പേരും അതിന്റെ തുടക്ക കാലഘട്ടത്തിൽ പ്രവർത്തനത്തിൽ ഉണ്ടായിരുന്നവരല്ല. അന്നത്തെ ചരിത്രവും പ്രവർത്തനവും ബുദ്ധിമുട്ടുകളുമൊക്കെ അറിയാത്തവരാണ്. ആ കാലഘട്ടത്തിനുശേഷം പാർട്ടിയിൽ വന്നവരാണ് ബഹുഭൂരിപക്ഷവും, ചെറുപ്പക്കാരാണ് . എന്നാൽ അവരെ പഴയ ചരിത്രം പഠിപ്പിക്കാൻ, മനസ്സിലാക്കിക്കൊടുക്കാൻ ഒരു സംവിധാനം വേണ്ടതാണ്. താൻ വന്ന ശേഷമാണ് എല്ലാം ശരിയായത് , അതിനുമുന്പുള്ളതൊക്കെ കണക്കിലില്ല എന്ന ചിന്ത ഒരു പ്രസ്ഥാനത്തിനും നല്ലതുമല്ലല്ലോ.
ജനസംഘത്തിന്റെ സ്ഥാപകനായ ഡോ. ശ്യാമപ്രസാദ് മുഖർജിയുമൊത്തുള്ള തന്റെ സംവാദങ്ങളെ സംബന്ധിച്ച് ആർ എസ് എസ് സർസംഘചാലക് ( അധ്യക്ഷൻ) ആയിരുന്ന ഗുരുജി ഗോൾവൾക്കർ നടത്തിയ അഭിപ്രായപ്രകടനങ്ങളും പരാമർശങ്ങളുമൊക്കെ വായിച്ചത് ഓർമ്മയിൽ വരുന്നു. ജനസംഘം രൂപീകരിക്കുന്ന വേളയിൽ സഹായം അഭ്യർദ്ധിച്ചാണ് ഡോ. മുഖർജി നാഗപ്പൂരിൽ എത്തിയത്. ആർ എസ് എസിന്റെ നിലപാട് ഗുരുജി വിശദീകരിച്ചു. രാഷ്ട്രീയത്തിൽ ആർ എസ് എസ് ഇടപെടില്ല, എന്നാൽ സ്വയം സേവകർക്ക് ( ആർ എസ് എസ് പ്രവർത്തകർക്ക് ) ഏതു പാർട്ടിയിലും ചേരാം. അതേസമയം തന്നെ മുഖർജിയെ സഹായിക്കാൻ ചിലരെ വിട്ടു നൽകാം. അതായിരുന്നു ധാരണ. ” ഞങ്ങൾ പരസ്പരം ചർച്ച ചെയ്യാതെ സംഘടനയുടെയും പ്രവർത്തന മണ്ഡലത്തിലെയും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തിരുന്നില്ല” എന്ന് ഗുരുജി ഗോൾവൾക്കർ പറയുന്നുണ്ട്. അതാണ് അന്നുമുതലേ ആർ എസ് എസും ജനസംഘവും തമ്മിലെ ബന്ധം. നല്ല ധാരണയോടെ പ്രവർത്തിക്കാനായാൽ പരസ്പര സ്നേഹവും വിശ്വാസവും വളന്നുവരും എന്നതാണ് ഗുരുജി ഗോൾവൾക്കർ മനസ്സിലാക്കിത്തന്നത്. അതൊക്കെ ഇന്നും ഏവർക്കും ഓർക്കാവുന്നതേയുള്ളൂ. അങ്ങിനെ ചിന്തിച്ചാൽ എവിടെയാണ് പ്രശ്നമുണ്ടാവുക, എവിടെയാണ് തെറ്റിദ്ധാരണകൾ ഉടലെടുക്കുക?. ശ്യാമപ്രസാദ് മുഖർജിയുടെ മനസ്സ് ഏതൊരു ബിജെപിക്കാരനും ഉണ്ടായാൽ, അല്ലെങ്കിൽ ബിജെപിയുടെ കാര്യകർത്താക്കളിൽ കുറച്ചെങ്കിലും അത് ഉണ്ടാക്കാനായാൽ, ബിജെപിയിൽ ഇന്നും ഉണ്ടെന്ന് പലരും കരുതുകയും പറയുകയും ചെയ്യുന്ന “വലിയ” പ്രശ്നങ്ങൾ പരിഹരിക്കപ്പെടുക തന്നെ ചെയ്യും.
Post Your Comments