Latest NewsPrathikarana Vedhi

മാതൃത്വം നടുറോഡില്‍ വലിച്ചിഴയ്ക്കപ്പെടുന്ന കാടത്തമോര്‍ത്ത് : സാംസ്‌കാരിക കേരളമേ, ലജ്ജിക്കുക നീ! : അറുപതാം വാര്‍ഷിക ദിനത്തില്‍ തന്നെ ഇത് വേണമായിരുന്നോയെന്ന് കണ്ണീരോടെ അഞ്ജു പ്രഭീഷ്

സാംസ്കാരിക കേരളമേ,ലജ്ജിക്കുക നീ !! ലോകത്തിലാദ്യമായി ബാലറ്റ് പെട്ടിയിലൂടെ ഒരു ജനാധിപത്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ രൂപം കൊണ്ടതിന്റെ അറുപതാം വാര്‍ഷികദിനത്തില്‍, ചരിത്രത്തിലിടം നേടിയ അതേ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഭരിക്കുന്ന കേരളത്തില്‍ ഇന്ന് രാവിലെ നടുറോഡില്‍ വച്ച് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്നത് മാതൃത്വമെന്ന ഉദാത്തഭാവമാണ് !!! രോഹിത് വെമൂലയെന്ന അയല്‍സംസ്ഥാനത്തെ യുവത്വത്തിനു വേണ്ടി കണ്ണുനീര്‍ വാര്‍ത്ത‍,സമരനടപടികള്‍ കൊണ്ട് പ്രതിഷേധത്തിന്റെ പ്രതിരോധങ്ങള്‍ തീര്‍ത്ത അതേ പ്രസ്ഥാനത്തിനു പക്ഷേ സ്വന്തം പാര്‍ട്ടിയിലെ ഒരണിയുടെ ആത്മാവിന്‍റെ,ജിഷ്ണു പ്രാണോയ് എന്ന എസ് എഫ് ഐക്കാരനായിരുന്ന യുവത്വത്തിനു നീതിനേടിക്കൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് കാട്ടിത്തരുന്നത് കാലഹരണപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ ജീര്‍ണ്ണിച്ച പ്രത്യയശാസ്ത്രം മാത്രമാണ്…വെമൂലയുടെ അമ്മയ്ക്ക് നീതികിട്ടാന്‍ വേണ്ടി സമരം ചെയ്ത പ്രസ്ഥാനം ഭരിക്കുന്ന കേരളത്തില്‍ ഇന്ന് അതേ പോലൊരു അമ്മയെ കാക്കിയണിഞ്ഞ നീതിനിര്‍വഹണത്തിന്റെ കാവല്‍ഭടന്മാര്‍ നടുറോഡില്‍ വലിച്ചിഴച്ചപ്പോള്‍ തകര്‍ന്നുടഞ്ഞത് ജനാധിപത്യമെന്ന ആ വലിയ സത്യം തന്നെയായിരുന്നു .ഇതാണോ ഇരട്ടച്ചങ്കുള്ള ജനനായകന്റെ നീതിബോധം ??””എടോ”യെന്നു ഒരാളെ സംബോധന ചെയ്യേണ്ടത് ഓരോരുത്തരുടയും നിലവാരമനുസരിച്ചാണെന്നു ഉറക്കെ പ്രസ്താവിച്ച മുഖ്യമന്ത്രിയോട് അതേ സംബോധനാവാചകം തന്നെ കടമെടുത്തു കൊണ്ട് ഇവിടുത്തെ ഓരോ അമ്മയും ചോദിക്കുകയാണ് നാണമുണ്ടോ ഇനിയും ആഭ്യന്തരം സ്വന്തം കൈപ്പിടിയില്‍ ഒതുക്കി പട്ടാളഭരണം നടത്തുവാന്‍ ???

കണ്മുന്നിലെ നീതിനിഷേധം കണ്ടില്ലെന്നു നടിച്ചുക്കൊണ്ട് ഉത്തരേന്ത്യയെയും ഗുജറാത്തിനെയും ഫോക്കസ് ചെയ്തുക്കൊണ്ട് എത്രനാള്‍ ഭരിക്കാന്‍ ഈ പ്രസ്ഥാനത്തിന് കഴിയും ?? വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം നോക്കി ഭരിക്കുന്ന ഒരു സര്‍ക്കാരിനു,കുത്തക മുതലാളിമാര്‍ക്ക് മാത്രം നീതി ലഭ്യമാക്കുന്ന ഈ നാട്ടില്‍ ജനാധിപത്യത്തിന് എന്ത് വിലയാണ് ഉള്ളത് ?? അമ്പത്തൊന്നു വെട്ടുകള്‍ കൊണ്ട് ഒരു കുലംകുത്തിയെ നിശബ്ദമാക്കിയ പ്രസ്ഥാനത്തിന് മഹിജയെന്ന അമ്മയെയും ഇല്ലായ്മ ചെയ്യാന്‍ എളുപ്പം കഴിയുമായിരിക്കും അല്ലേ??എല്ലാം ശരിയാക്കുമെന്ന് പറഞ്ഞു മന്ത്രിസഭ കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനം എന്താണ് ഇവിടെ ശരിപ്പെടുത്തിയത് ??എന്തായിരുന്നു ആ ശരിയാക്കലിന്റെ യഥാര്‍ത്ഥ അര്‍ഥം ??പാവപ്പെട്ടവന്റെ അവകാശങ്ങളെ കശാപ്പു ചെയ്തുകൊണ്ട് പണക്കാരന്റെ ധാര്‍ഷ്ട്യം നടപ്പിലാക്കുന്നതായിരുന്നോ ആ ശരിയാക്കല്‍ ??സ്ത്രീസുരക്ഷ ഘോരം ഘോരം പ്രസംഗിച്ച ഒരു പടുവൃദ്ധന്‍റെ രതിക്രീഡകളെ തേന്‍ക്കെണിയൊരുക്കി കുടുക്കിയ ഒരു ചാനലിനെയും അതിന്റെ ജീവനക്കാരെയും അറസ്റ്റ് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം വേണ്ടി വന്ന കേരളത്തിലെ ആഭ്യന്തര വകുപ്പിന് ഒരു യുവാവിന്‍റെ ദാരുണമരണത്തിനു ഹേതുവായ കുത്തകമുതലാളിയെ അറസ്റ്റ് ചെയ്യാന്‍ രണ്ടുമാസം വേണ്ടി വരുന്നുവെങ്കില്‍ അത് കാട്ടിത്തരുന്നത് നെറികെട്ട ഭരണത്തിന്റെ നേര്‍ക്കാഴ്ചയാണ്..ആ അമ്മ ഇന്ന് നീതിതേടി വന്നത് പാര്‍ട്ടി ആസ്ഥനത്തല്ല, മറിച്ച് നിയമത്തിന്‍റെ കാവലാളന്മാരുടെ ആസ്ഥാനത്താണ് ..നീതി കിട്ടുമെന്നു യാതൊരു ഉറപ്പും ഇല്ലാതായപ്പോള്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കൊപ്പം ഡി ജി പി യുടെ ഓഫിസിനു മുന്നില്‍ നീതിതേടിയെത്തിയ ഒരമ്മയെ വലിച്ചിഴച്ച പോലീസ് സേനയുടെ ധാര്‍മ്മിക ബോധം എത്രമേല്‍ അധപതിച്ചു പോയിയെന്നു കേരളം സാക്ഷിയായി …അറുപതാം പിറന്നാളിന് ഒരമ്മയുടെ അടിവയറ്റില്‍ തന്നെ ബൂട്ടിട്ട റെഡ് സല്യൂട്ട് കൊടുക്കാന്‍ കഴിഞ്ഞ ഈ ഭരണം എത്ര സുന്ദരം !!!ഇതാണ് ജനാധിപത്യം !!നീതിതേടി വന്ന ഒരമ്മയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട ആ ധര്‍മ്മബോധത്തിനിരിക്കട്ടെ നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍ …..കൃഷ്ണദാസ് എന്ന നെഹ്‌റു കോളേജു മുതലാളിയെ അറസ്റ്റ് ചെയ്തപ്പോള്‍ പോലീസ് അയാള്‍ക്ക് സംരക്ഷണ വലയം തീര്‍ത്താണല്ലോ കൊണ്ടുപോയത് ..ഇന്ന് അതേ കാട്ടാളന്‍ വേട്ട ചെയ്ത മകനെ നഷ്ടപ്പെട്ട മഹിജയെന്ന അമ്മയെ റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടു പോയപ്പോള്‍ പണത്തിനു മീതെ ഒരു പ്രത്യയശാസ്ത്രവും പറക്കില്ല എന്ന് പറയാതെ പറഞ്ഞു ഈ ജനകീയ സര്‍ക്കാര്‍ ….

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ എത്രമാത്രം സമരപരിപാടികളുമായി മുന്നിട്ടിറങ്ങിയിരുന്നു നിങ്ങളുടെ പ്രസ്ഥാനം .,ആ സമരപരിപാടികള്‍ കൊണ്ട് എത്രമാത്രം പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു നിങ്ങളുടെ അണികള്‍ ..ബസിനു കല്ലെറിയുന്നത്‌ സമരത്തിന്റെ ഭാഗമാണെന്നു പോലും വിളിച്ചു പറഞ്ഞിരുന്നു ജേക്ക് എന്ന കുട്ടി സഖാവ് ..ഹൈദ്രാബാദ് സര്‍വകലാശാലയിലെ സമരപരിപാടികള്‍ക്ക് പിന്തുണ നല്‍കിയ ഇവിടുത്തെ വിദ്യാര്‍ഥി പ്രസ്ഥാനം എന്തുകൊണ്ട് നെഹ്രുകോളേജു വിഷയത്തില്‍ ചോരച്ചാലുകള്‍ നീന്തിക്കയറാന്‍ മടിച്ചു ??ഇന്ന് മകന്‍ നഷ്ടപെട്ട ഒരമ്മ നീതി തേടി ഡി ജി പിയുടെ ആസ്ഥാനത്ത് എത്തിയത് ജനാധിപത്യ വിരുദ്ധമായി നിങ്ങളുടെ നേതാക്കള്‍ വിളിച്ചുപറയുമ്പോള്‍ ജജ്ജിച്ചു തലതാഴ്ത്തുന്നത് ജനാധിപത്യം തന്നെയാണ് …നാളെ ആ അമ്മ മാവോയിസ്റ്റ് ആയി മുദ്ര കുത്തപ്പെട്ടെക്കാം ..ആ മകന്‍ നക്സലൈറ്റ് എന്നോ കുലംകുത്തിയെന്നോ വാഴ്ത്തപ്പെട്ടെക്കാം…സൈബര്‍ പോരാളികള്‍ക്ക് ഇപ്പോള്‍ തന്നെ ആ അമ്മ അനഭിമതയായി കഴിഞ്ഞുവല്ലോ !!!ഇടതുപക്ഷമെന്ന പ്രസ്ഥാനം ഹൃദയപക്ഷത്താണെങ്കില്‍,ഹൃദയമുള്ള സഖാക്കള്‍ അന്യം വന്നിട്ടില്ലെങ്കില്‍ ,നിങ്ങളില്‍ മുല പാല്‍കുടിച്ചു വളര്‍ന്നവരുണ്ടെങ്കില്‍,മാതൃത്വമെന്ന വികാരം പാവനമാണെന്ന് കരുതുന്നുവെങ്കില്‍ ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുക തന്നെ വേണം ..രാഷ്ട്രീയതിമിരം ബാധിക്കാത്ത കണ്ണുകള്‍ കൊണ്ട് വേണം ഇന്ന് നടന്ന അനീതിയെ കാണുവാന്‍ …ഏതു പ്രത്യയശാസ്ത്രത്തേക്കാളും മഹത്വമുള്ളതാണ് മാതൃത്വം …ഏതൊരു ആശയത്തേക്കാളും പരിപാവനമാണ്‌ മാതൃത്വം എന്ന വികാരം …

ഇതാണോ ജനകീയ സർക്കാരിന്റെ നീതി നിർവ്വഹണം?? ഒരമ്മയുടെ കണ്ണുനീരിനു കാക്കിയുടെ ധാർഷ്ട്യം കൊണ്ട് മറുപടി പറയുന്നതാണോ ആഭ്യന്തര മന്ത്രിയുടെ നീതിബോധം?? പൊതു സമൂഹമേ, കണ്ടില്ലേ മകൻ നഷ്ടപ്പെട്ട ഒരമ്മയെ റോഡിൽ കൂടി വലിച്ചിഴച്ച പോലീസ് സേനയുടെ കൃത്യനിർവ്വഹണം??ഇതാണോ ശരിയാക്കൽ ?? ഒരമ്മയുടെ വേദനയുടെ ആഴം എന്തെന്നറിയാത്ത, ഗർഭപാത്രത്തിന്റെ മഹത്വം മനസ്സിലാക്കാത്ത ഒരു ജനകീയ സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തേ പറ്റൂ.. സമൂഹമേ, ഇവിടെ നമ്മൾ കണ്ണടച്ചാൽ നാളെ നിങ്ങളുടെ ,നമ്മുടെ കുടുംബങ്ങളിൽ ജിഷ്ണു പ്രാണോയ് മാർ ഉണ്ടാകും..ടി പി യെ പോലെ ജിഷ്ണുവും ഒരു കുലംകുത്തിയായി തീരാതിരിക്കട്ടെ..രോഹിത് വെമൂലയ്ക്ക് വേണ്ടി കണ്ണുനീർ പൊഴിച്ച ഇടതുപക്ഷ പ്രസ്ഥാനം ജിഷ്ണുവിനു വേണ്ടി എന്തേ പ്രതികരിക്കുന്നില്ല??വെമൂലയുടെ അമ്മയ്ക്ക് നീതി കിട്ടണമെന്ന് മുറവിളി കൂട്ടിയ പ്രസ്ഥാനത്തിന്റെ ഭരണത്തിൻ കീഴിൽ ഇവിടെ മകനെ നഷ്ടപ്പെട്ട ഒരമ്മ വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്നു.. ഈ കാട്ടാള ഭരണമല്ലേ യഥാർത്ഥ ഫാസിസം?? എവിടെ പോയി സ്ത്രീപക്ഷവാദികൾ?? ഒരമ്മയുടെ മാതൃത്വത്തിന്റെ അവകാശമാണിവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നത്… ഈ അവകാശത്തിനു വേണ്ടി പ്രതികരിക്കാൻ കെല്പുളള ഒരൊറ്റ സ്ത്രീപക്ഷവാദികളെയും കാണാനില്ല… പോലീസ് സേനയുടെ ഈ അസഹിഷ്ണുതയ്ക്കെതിരെ പ്രതിഷേധിക്കാൻ ഒരു സാംസ്കാരിക നായകന്മാരെയും കാണുന്നില്ല.. ഒരവാർഡും തിരിച്ചേല്പിക്കുകയും വേണ്ട… സാംസ്കാരിക കേരളമേ ലജ്ജിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button