കോഴിക്കോട് : പാമ്പാടി എഞ്ചിനീയറിംഗ് കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ ഫോണ്‍ വിവരങ്ങള്‍ വീണ്ടെടുത്തു. വാട്സാപ്പ് സന്ദേശങ്ങളും അന്വേഷണ സംഘം വീണ്ടെടുത്തു. സാങ്കേതിക സർവ്വകലാശാല വിസി , വിദ്യാഭ്യാസ മന്ത്രി, ഗവർണർ എന്നിവർക്ക് ജിഷ്ണു പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് അയച്ച ഇമെയിലുകളടക്കമുള്ള വിവരങ്ങളാണ് വീണ്ടെടുത്തത്. പരീക്ഷമാറ്റണമെന്ന ആവശ്യമുയർത്തി ജിഷ്ണു സമരത്തിന് നേതൃത്വം നൽകിയതാണ് മാനേജ്മെന്‍റിന്‍റെ ശത്രുതക്ക് കാരണമെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം.
നെഹ്റു കോളേജിലെ സഹപാഠികൾക്ക് ജിഷ്ണു അയച്ച വാട്സ് ആപ് സന്ദേശത്തില്‍ പരീക്ഷാ തീയതി മാറ്റാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും താന്‍ ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്. കേരളാ സാങ്കേതിക സർവ്വകലാശാല ബി ടെക് പരീക്ഷ നേരത്തെ ആക്കിയത് പഠിക്കാൻ ആവശ്യത്തിന് സമയം ഇല്ലാതെയാക്കുമെന്നായിരുന്നു വിദ്യാർത്ഥികളുടെ പരാതി. ഇക്കാര്യം ഉന്നയിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് 2016 ഡിസംബർ 7 ന് ജിഷ്ണു മെയിൽ അയച്ചു. പിന്നാലെ ഗവർണർ, സാങ്കേതിക സർവ്വകലാശാല വിസി എന്നിവർക്കും ഇ മെയിൽ അയിച്ചു. എസ്.എഫ്. ഐ നേതാവ് ജെയ്ക് സി തോമസ് ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിലും ഇക്കാര്യം കൊണ്ട് വരാൻ മുൻകൈ എടുത്തത് ജിഷ്ണു തന്നെയായിരുന്നു.
എഎസ്‍പി കിരൺ നാരായണന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആണ് സന്ദേശങ്ങള്‍ വീണ്ടെടുത്തത്. കേസിൽ മാനേജ്മെന്‍റിനെ പ്രതി ചേർക്കാൻ ആവശ്യത്തിന് തെളിവുകൾ ഇല്ലെന്ന കോടതി നിരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിൽ പുതിയ തെളിവുകൾ നിർണായകമാവും എന്നാണ് കരുതുന്നത് .
കേരളാ സാങ്കേതിക സർവ്വകലാശാല ഡിസംബർ രണ്ടിനായിരുന്നു ബിടെക് പരീക്ഷ ആദ്യം നിശ്ചയിച്ചത്. പിന്നീട് ജനുവരിയിൽ ആയിരിക്കുമെന്ന് അറിയിച്ചു. ഒടുവിൽ പരീക്ഷ ഡിസംബർ 13 ന് നടത്താൻ സർവ്വകലാശാല തീരുമാനിക്കുകയായിരുന്നു.
Post Your Comments