കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്.ബി.ഐ. ബാങ്കിങ് സേവനങ്ങൾക്കുള്ള നിരക്കുകൾ വൻതോതിൽ ഉയർത്തി. സൗജന്യേതര എ.ടി.എം. ഇടപാടുകൾക്കുള്ള നിരക്ക്, ലോക്കർ വാടക എന്നിവയുടെ നിരക്കും വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ ഒട്ടേറെ സേവനങ്ങൾക്ക് പുതുതായി നിരക്ക് ഈടാക്കാനും തുടങ്ങി. ഏപ്രിൽ ഒന്നുമുതൽ ഇതിനു പ്രാബല്യമുണ്ടാവും.
പ്രതിമാസ മിനിമം ബാലൻസ് അക്കൗണ്ടിൽ ഇല്ലാത്തവർക്ക് പിഴ ഈടാക്കും. മിനിമം ബാലൻസായി മെട്രോ നഗരങ്ങളിൽ 5,000 രൂപയും നഗരങ്ങളിൽ 3,000 രൂപയും അർധ-നഗരങ്ങളിൽ 2,000 രൂപയും ഗ്രാമങ്ങളിൽ 1,000 രൂപയുമാണ് വേണ്ടത്. ശരാശരിയായി ഈ തുകയില്ലെങ്കിൽ സേവിങ്സ് ബാങ്ക് (എസ്.ബി.) അക്കൗണ്ടുകളിൽ 20 രൂപ മുതൽ 100 രൂപ വരെയും കറന്റ് അക്കൗണ്ടിൽ 500 രൂപയുമാണ് ഒരു മാസത്തെ പിഴ. ഇതിനു പുറമെ സേവന നികുതിയും ബാധകമാണ്. ശമ്പള അക്കൗണ്ടുകൾ , പൂജ്യം ബാലൻസ് അക്കൗണ്ടുകൾ, ജൻധൻ അക്കൗണ്ടുകൾ എന്നിവയ്ക്ക് ഈ പിഴ ബാധകമല്ല.
സൗജന്യ എ.ടി.എം. ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ പിന്നീടുള്ള ഓരോ ഇടപാടിനും 10 രൂപ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഇതു അഞ്ചു രൂപ മാത്രമായിരുന്നു. സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ മൂന്നുതവണ പണം നിക്ഷേപിക്കുന്നത് സൗജന്യമാണ്. കൂടുതലായുള്ള ഓരോ നിക്ഷേപത്തിനും 50 രൂപയും സേവന നികുതിയും നൽകണം. എസ്.ബി. അക്കൗണ്ടുകളിൽ ഒരു മാസം പണമായി നിക്ഷേപിക്കുന്ന തുക ഒരു ലക്ഷം രൂപ കടന്നാൽ സേവന നിരക്ക് നൽകേണ്ടി വരും. ഒരു ലക്ഷത്തിനു മുകളിലുള്ള ഓരോ 1,000 രൂപയ്ക്കും 1.25 രൂപയാണ് ഈടാക്കുക.
Post Your Comments