ന്യൂഡൽഹി: പ്രതിപക്ഷം വിവിധ വിഷയങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒബിസി ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളോടുള്ള സർക്കാർ നിലപാട്, ജിഎസ്ടി നിയമനിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് മോദി പറഞ്ഞത്. മോദി മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ എംപിമാരുമായി നടത്തിയ യോഗത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
ഒബിസി ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങൾക്ക് മോദി സർക്കാരിൽ വലിയ പ്രതീക്ഷയാണുള്ളത്. സാധാരണക്കാരും സ്ത്രീകളും സമൂഹത്തിന്റെ മറ്റുവിഭാഗത്തിൽപ്പെട്ട ജനങ്ങളും കേന്ദ്രസർക്കാരിൽ പ്രതീക്ഷ അർപ്പിക്കുകയാണെന്നും എംപിമാരോട് മോദി പറഞ്ഞു. സർക്കാരിനെതിരെ പ്രതിപക്ഷം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ജനങ്ങൾ ഇതിൽ വീണുപോകാതെ ശ്രദ്ധിക്കണം. സർക്കാർ നടപ്പാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ അതിന്റെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിവിധ മേഖലകളിൽ സംവരണങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഒബിസി കമ്മിഷൻ പിരിച്ചുവിടാനുള്ള ശ്രമത്തിലാണ് എന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. എന്നാൽ, ഇത് കേന്ദ്രം തള്ളി.
Post Your Comments