തൃശൂർ: ഇനി മുതൽ ജയിൽ പുള്ളികളെ തല്ലാൻ പാടില്ല. തടവുകാരെ മർദിക്കരുതെന്ന ഡിജിപിയുടെ ഉത്തരവ് വീണ്ടും കർശനമാക്കി ജയിൽവകുപ്പ്. സൂപ്രണ്ടുമാരോടും കീഴ‍്‍ജീവനക്കാരോടും മാന്യമായി വേണം തടവുകാരോട് പെരുമാറണമെന്നും വാടാ, പോടാ വിളികൾ വേണ്ടെന്നുമാണ് നിർദേശിച്ചിരിക്കുന്നത്.
അടുത്തിടെ മനോദൗർബല്യമുള്ള തടവുകാരനെ മർദിച്ചതിനു വിയ്യൂർ സെൻട്രൽ ജയിലിലെ ഹെഡ് വാർഡർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു. പക്ഷെ തടവുകാരുടെ തമ്മിലടിയും സമാന്തര ജയിൽഭരണവും മുറയ്ക്കു നടക്കുന്നുണ്ടെങ്കിലും സസ്പെഷൻ ഭയന്നു റിപ്പോർട്ട് ചെയ്യാതെ ഇരിക്കുകയാണ് ജീവനക്കാർ. ജയിലിൽ മർദനമേറ്റാൽ തടവുകാർക്കു പരാതിപ്പെടാൻ വരാന്തകളിൽ കോടതിയുടെ മേൽനോട്ടത്തിൽ സീൽ ചെയ്ത പരാതിപ്പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. തടവുകാരെ മർദിച്ചാൽ ജീവനക്കാർക്കൊപ്പം സൂപ്രണ്ടിനെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന ഡിജിപിയുടെ ഉത്തരവു കൂടിയെത്തിയതോടെ ജീവനക്കാർ ഭീതിയിലായി.
മർദിച്ചതായി പരാതി ലഭിച്ചാൽ സസ്പെൻഷൻ ഉറപ്പാണെന്നു വന്നതോടെ ജയിലുകളിൽ തടവുകാരുടെ സമാന്തരഭരണമാണിപ്പോൾ. ‘എടാ’ എന്നു വിളിച്ച വാർഡർക്കു നേരെ ടിപി കേസ് പ്രതികളിലൊരാൾ അസഭ്യവർഷം നടത്തുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തു. തടവുകാർ തമ്മിലടിച്ചാലും ജീവനക്കാർ ഇടപെടുന്നതു കുറവാണ്. ഇതോടെ സ്ഥിരം കുറ്റവാളികൾ വീണ്ടും സജീവമായി. ഇടപെടാൻ ശ്രമിക്കുന്ന ജീവനക്കാർക്കു നേരെ വെല്ലുവിളിയും പതിവായി മാറിയിരിക്കുകയാണ്.
Post Your Comments