ന്യൂഡല്‍ഹി: ഉയര്‍ന്ന തുകയുടെ ഇലക്ട്രോണിക് ഇടപാടുകളും നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രോണിക് കൈമാറ്റത്തിലൂടെ ഉയര്‍ന്ന തുകയുടെ നിക്ഷേപങ്ങള്‍ സ്വീകരിച്ച ആരെ വേണമെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യാവുന്നതാണ്. 2.5 ലക്ഷത്തിന് മുകളിലുള്ള തുകയാണ് ഉയര്‍ന്ന തുകയായി കണക്കാക്കുന്നത്.
നോട്ട് അസാധുവാക്കിയ നവംബര്‍ 9 മുതല്‍ ഉയര്‍ന്ന തുകയുടെ നിക്ഷേപങ്ങള്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ഇതിനൊപ്പം ഇലക്ട്രോണിക് രീതിയില്‍ കൈമാറ്റം ചെയ്യപ്പെട്ട പണമിടപാടുകളും ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചിരുന്നു. പ്രധനമായും ഇത്തരത്തിൽ നിരീക്ഷിച്ചത് ജന്‍ധന്‍ അക്കൗണ്ടുകളിലൂടെയുള്ള കൈമാറ്റങ്ങളാണ്.
സാധാരണക്കാരെ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി പ്രകാരം തുടങ്ങിയ അക്കൗണ്ടുകളില്‍ നോട്ടു നിരോധനത്തിന് ശേഷം വന്‍ തോതില്‍ നിക്ഷേപങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിര്‍ജീവമായിരുന്ന ജന്‍ധന്‍ അക്കൗണ്ടുകളില്‍ പോലും നോട്ടു നിരോധനത്തിന് ശേഷം വന്‍ തോതില്‍ നിക്ഷേപങ്ങള്‍ നടന്നു.
പല ജന്‍ധന്‍ അക്കൗണ്ടുകളും കള്ളപ്പണം വെളുപ്പിക്കാനായി ഉപയോഗപ്പെടുത്തിയെന്നും ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിക്ഷേപത്തിന്റെ ഉറവിടത്തെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ നിയമപ്രകാരം നിക്ഷേപങ്ങള്‍ നടത്തിയവര്‍ക്ക് ഇത് പ്രശ്‌നമാകില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഓഗസ്റ്റിന് മുമ്പ് 23 കോടി ജന്‍ ധന്‍ അക്കൗണ്ടുകളാണുണ്ടായിരുന്നത്. നവംബറില്‍ ഇത് 25 കോടിയായി. ഇപ്പോള്‍ 28 കോടിക്ക് മുകളില്‍ ജന്‍ധന്‍ അക്കൗണ്ടുകളുണ്ട്.
Post Your Comments