ന്യൂഡല്‍ഹി: താല്‍പ്പര്യമില്ലെങ്കില്‍ രാജ്യസഭാ അംഗമെന്ന പദവിയില്‍ നിന്നും ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒഴിയണമെന്ന് ആവശ്യം. സച്ചിനും മറ്റൊരു രാജ്യസഭാംഗമായ ബോളിവുഡ് നടി രേഖയും ഒഴിയണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത് സമാജ്‌വാദി പാര്‍ട്ടിയുടെ എംപിയായ നരേഷ് അഗര്‍വാള്‍ ആണ്.
പാര്‍ലമെന്റ് സെഷനിലെ നടപടികളില്‍ ഇവര്‍ പങ്കെടുക്കുന്നത് ഇത് വരെ താന്‍ കണ്ടിട്ടില്ലെന്നും അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ താരങ്ങള്‍ പദവിയില്‍ നിന്ന് ഒഴിഞ്ഞ് കൊടുക്കണമെന്നും രാജ്യസഭയില്‍ ക്രമപ്രശ്‌നമായി അദ്ദേഹം ഉന്നയിച്ചു.
അതേസമയം, ഇത് ക്രമപ്രശ്‌നമായി ഉന്നയിക്കാനാവില്ലെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍ വ്യക്തമാക്കി. നാമനിര്‍ദേശം വഴിയെത്തിയ അംഗങ്ങളെ രാജ്യസഭയിലെത്തിക്കാന്‍ അഗര്‍വാള്‍ ശ്രമിക്കണമെന്ന് കുര്യന്‍ വ്യക്തമാക്കി. ചെയര്‍ അങ്ങനെ ആവശ്യപ്പെടുകയാണെങ്കില്‍ ഇക്കാര്യം സംബന്ധിച്ച് അംഗങ്ങള്‍ക്ക് എഴുതുമെന്ന് അഗര്‍വാള്‍ മറുപടി പറഞ്ഞു.
വിവിധ മേഖലകളില്‍ നിന്നുള്ള 12 പേരെയാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുക. സച്ചിനേയും രേഖയെയും കൂടാതെ സുരേഷ് ഗോപി, രൂപ ഗാംഗുലി, അനു ആഗ, സംബാജി ഛത്രപതി, സ്വപന്‍ ദാസ്ഗുപ്ത, നരേന്ദ്ര ജാദവ്, എം സി മേരി കോം, കെ പ്രസാരണ്‍, സുബ്രഹ്മണ്യന്‍ സ്വാമി കെ.ടി.എസ് തുളസി എന്നിവരാണ് നാമനിര്‍ദേശം വഴിയുള്ള നിലവിലെ അംഗങ്ങള്‍. മുഴുസമയ രാഷ്ട്രീയക്കാരെല്ലാത്തതിനാല്‍ ഇവരില്‍ പലരും അപൂര്‍വമായാണ് പാര്‍ലമെന്റ് സെഷനുകളില്‍ പങ്കെടുക്കാറുള്ളത്. ഇതില്‍തന്നെ ഏറ്റവും കുറവ് ഹാജരുള്ളത് സച്ചിനും രേഖയ്ക്കുമാണ്.
Post Your Comments