പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടി. ഓഡീഷയിലെ ജായ്പൂര്ജില്ലയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. മണ്ണിനടിയില്‍ രണ്ടു കുഞ്ഞിക്കാലുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഗ്രാമീണന് നോക്കുകയായിരുന്നു. കുഞ്ഞിക്കാലിനൊപ്പം നീലത്തുണികൂടി കണ്ടതോടെ അതൊരു ശിശുവിന്റെ ജഡമായിരിക്കുമെന്നുറപ്പിച്ചു. പക്ഷേ കുഞ്ഞിനെ പുറത്തെടുത്ത അയാള്‍ ഞെട്ടി. പൊക്കിള്‍ക്കൊടി പോലും അറുത്തുമാറ്റാത്ത കുഞ്ഞിനു ജീവനുണ്ടായിരുന്നു. ധര്‍മ്മശാല ബ്ലോക്കിലെ ശ്യാംസുന്ദര്‍പൂര്‍ ഗ്രാമത്തിലെ അലോക് രഞ്ജന്‍ റൗട്ട് ആണ് കുഞ്ഞിനെ കണ്ടെത്തിയത്.
മണ്ണില്‍ നിന്നും പുറത്തെടുത്ത കുഞ്ഞിനു ജീവനുണ്ടെന്നു കണ്ട അദ്ദേഹം അവളെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ചു. നവജാതശിശുവിനോട് ആരാണ് ഈ കൊടുംക്രൂരത ചെയ്തതെന്നു അന്വേഷിച്ചു വരുകയാണെന്നും കുഞ്ഞിന്റെ മാതാപിതാക്കള്‍ തന്നെയാണ് ഇതു ചെയ്യാന്‍ സാധ്യതയെന്നും പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷണം നടത്തുന്നുണ്ടെന്നും എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. ആശാവര്‍ക്കറുടെ സഹായത്തോടെ കുഞ്ഞിനെ ധര്‍മ്മശാലയിലെ ആശുപത്രിയിലേക്കു മാറ്റിയെന്നും കുഞ്ഞിന്റെ ചികിത്സകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഭൂമിയില്‍ നിന്നും ലഭിച്ച കുഞ്ഞായതു കൊണ്ട് അവള്‍ക്ക് ധരിത്രി എന്നു പേരിട്ടതായും അവര്‍ അറിയിച്ചു.
Post Your Comments