KeralaNews

പാക് നിർമ്മിത വ്യാജ കറൻസി വ്യാപനം; കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് കേന്ദ്ര ഏജൻസി അന്വേഷണം

കരിപ്പൂർ: സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലേക്കും പാക് നിർമ്മിത വ്യാജ കറൻസി വ്യാപനവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. കൊച്ചിയിലും കോഴിക്കോട്ടുമായി പ്രവർത്തിക്കുന്ന വിദേശ നാണയവിനിമയ സ്ഥാപനങ്ങളെകുറിച്ചാണ് എൻഫോഴ്‌സ്‌മെന്റും ദേശീയ അന്വേഷണ ഏജൻസിയും അന്വേഷണമാരംഭിച്ചിരിക്കുന്നത്.

2.38 കോടി രൂപയുടെ വിദേശ കറൻസികളുമായി ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കോഴിക്കോട് വിമാനത്താവളത്തിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. എയർ ഇന്ത്യയുടെ കോഴിക്കോട്- കൊച്ചി വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ യാത്രക്കാരനിൽ നിന്നാണ് വിദേശ കറൻസികൾ കണ്ടെടുത്തത്.

സൗദി റിയാൽ, ഖത്തർ റിയാൽ, കുവൈറ്റ് ദിനാർ, ഒമാൻ റിയാൽ, യു.എ.ഇ. ഡോളർ എന്നിവയാണ് കണ്ടെടുത്തത്. പ്രമുഖവിദേശനാണയ വിനിമയ സ്ഥാപനത്തിലെ ജോലിക്കാരനാണെന്നാണ് മൊഴി നൽകിയത്. വ്യാജരേഖകൾ ഉപയോഗിച്ചാണ് ഇയാൾ പണം കടത്താൻ ശ്രമിച്ചത്.

കൈവശമുള്ള തുകയും രേഖകളും തമ്മിൽ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖകൾ ഹാജരാക്കാൻ സ്ഥാപനത്തിന് സമയം അനുവദിച്ചെങ്കിലും ഇവർക്ക് സാധിച്ചില്ല. ഇതേതുടർന്ന് ഇവരുടെ കോഴിക്കോട്ടെയും കൊച്ചിയിലെയും ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

വിമാനത്താവളങ്ങളിലെ അനധികൃത വിദേശനാണയ വിനിമയ കേന്ദ്രങ്ങൾ വഴി കോടികളുടെ ഇടപാടാണ് ഇവർ നടത്തിയിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇടപാടുകാർക്ക് വിതരണം ചെയ്ത നോട്ടുകളിൽ പാക് നിർമ്മിത വ്യാജ ഇന്ത്യൻ കറൻസികളുമുണ്ടെന്ന സംശയം ബലപ്പെടുകയാണ്. നോട്ടു നിരോധനം വന്ന ശേഷമാണ് ഏറെ ഇടപാടുകളും നടന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button