ദുബായി: അപകടത്തില്‍പ്പെടുന്നവര്‍ക്ക് രക്ഷകരായി കുതിരപ്പുറത്തെത്തുന്ന രാജാക്കന്മാരുടെ കഥകള്‍ ഏറെ നാം വായിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു കഥ യാഥാര്‍ത്ഥ്യമായിരിക്കുകയാണ് യുഎഇയില്‍. ഇവിടെ മണ്ണില്‍ ചരക്കുലോറി പുതഞ്ഞുപോയതിനെ തുടര്‍ന്ന് മരുഭൂമിയില്‍ കഷ്ടപ്പെട്ട ഒരു ഡ്രൈവറെ രക്ഷിക്കാനെത്തി ദുബായി രാജകുമാരന്. എത്തിയത് കുതിരപ്പുറത്തല്ല, തന്റെ മെഴ്സിഡസ് കാറിലാണെന്നു മാത്രം.
ദുബായി കിരീടാവകാശി ഷെയ്ക്ക് ഹംദാനാണ് കഥാനായകന്. നിറയെ മണല്‍ നിറച്ച വലിയ ലോറി മണ്ണില്‍ നിന്നു വലിച്ചുകയറ്റാന്‍ തന്റെ മെഴ്സിഡസ് ജി സീരിസ് കാറുപയോഗിച്ച് രാജകുമാരന് പരമാവധി ശ്രമിച്ചെങ്കിലും ആദ്യം ഇതിനു കഴിഞ്ഞില്ല. കാറിന്റെ ചക്രങ്ങള്‍ മണലിന് പുറമെ കിടന്ന് ഉരുണ്ടെങ്കിലും ലോറിയുടെ ഭാരം നിമിത്തം മൂന്നോട്ടുവലിക്കാന് കഴിഞ്ഞില്ല. പിന്നീട് ഒരു പിക്ക് അപ്പ് രാജകുമാരന്റെ കാറുമായി ബന്ധിപ്പിച്ചായിരുന്നു ശ്രമം. ഇതും വിജയം കണ്ടില്ല. പിന്നീട് ഒരു ട്രാക്ടറില്‍ കാര്‍ ബന്ധിപ്പിച്ച് കാറും ട്രാക്ടറും ഒത്തുചേര്‍ന്ന് ലോറി വലിക്കാനായി ശ്രമം. ഇതിനിടെ ലോറി കെട്ടിവലിച്ച കയര്‍ പൊട്ടുകയും ചെയ്തു. ഒടുവില്‍ ലോറിയിലെ മണല്‍ പകുതി നീക്കം ചെയ്തശേഷം നടത്തിയ ശ്രമത്തില്‍ ലോറിയെ രാജകുമാരന്റെ കാറും ട്രാക്ടറും ചേര്‍ന്ന് വലിച്ചു റോഡിലെത്തിക്കുകയായിരുന്നു.
ഈ രക്ഷാപ്രവര്‍ത്തനത്തില്‍ സ്വന്തം കാറില്‍ അദ്ദേഹം തന്നെയാണ് ഡ്രൈവ് ചെയ്തത്. പിന്നീട് ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിച്ച ഈ വീഡിയോ ദൃശ്യം സാമൂഹ്യമാധ്യമങ്ങളിലൂടെ ഏറെ പ്രചരിക്കുകയായിരുന്നു. തന്റെ പദവിയോ തിരക്കോ പരിഗണിക്കാതെ ഒരു ലോറി ഡ്രൈവറെ സഹായിക്കാന്‍ രാജകുമാരന് കാണിച്ച സന്മനസിന് ഏറെ അഭിനന്ദനമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
Post Your Comments