ദുബായ്: എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ ഗ്രേസ് എന്ന നായ്ക്കുട്ടിയെ ഏറ്റെടുത്ത് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ. ആഴ്ചകൾക്ക് മുൻപ് വെടിയേറ്റ ഗ്രേസിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വലിയ തരത്തിലുള്ള സങ്കടം സൃഷ്ടിച്ചിരുന്നു. തുടർന്ന് ഷെയ്ഖ് ഹംദാൻ അവളെ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ അവളുടെ ശരീരത്തിൽ മുറിവുകളില്ല, അവൾ മുൻപത്തേതിനേക്കാൾ വേഗത്തിൽ ഓടുകയും കളിക്കുകയും ചെയ്യുന്നുണ്ട്. അവളുടെ വിവരങ്ങൾ ഷെയ്ഖ് ഹംദാൻ തന്നെയാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്.
ഷെയ്ഖ് ഹംദാന്റെ ദത്തു പുത്രിയാണ് ഗ്രേസ് ഇപ്പോൾ. തന്റെ കയ്യിൽ ഇവൾ സുരക്ഷിതയായിരിക്കുമെന്ന് ദത്തെടുക്കുമ്പോഴേ ഹംദാൻ പറഞ്ഞിരുന്നു. ഗുരുതര പരുക്കേറ്റ ഗ്രേസിന്റെ ചിത്രങ്ങൾ ബബിൾസ് പെറ്റ് റെസ്ക്യൂ എന്ന ഗ്രൂപ്പാണ് ആഴ്ചകൾക്ക് മുൻപ് പങ്കുവച്ചത്. കുറഞ്ഞത് എട്ട് എയർ ഗൺ പെല്ലറ്റുകളെങ്കിലും ശരീരത്തിൽ ഉള്ളതായി എക്സ്-റേയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് സംഭവം കേട്ടറിഞ്ഞു ഷെയ്ഖ് ഹംദാൻ അവളെ ഏറ്റെടുക്കുകയായിരുന്നു.
ലോകം മുഴുവൻ കണ്ട വാർത്തയായത് കൊണ്ട് തന്നെ ഗ്രേസിന്റെ പുതിയ അവകാശിയെയും ലോകം കണ്ടു. ഒപ്പം അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും നൽകുകയും ചെയ്തു. ഷെയ്ഖ് ഹംദാന്റെ ഈ പ്രവർത്തനത്തെ അഭിനന്ദിച്ചു പലരും രംഗത്തു വന്നിട്ടുണ്ട്. ഈ സ്നേഹത്തിനപ്പുറം മറ്റെന്താണ് ഈ വാർത്തയെക്കുറിച്ച് പറയേണ്ടതെന്നാണ് സംഭവത്തിൽ സോഷ്യൽ മീഡിയയുടെ പ്രതികരണം.
Post Your Comments