NewsIndia

യുപിയില്‍ ‘യോഗി ഷോ’; മുഖ്യമന്ത്രി ആദിത്യനാഥ് എടുത്തത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ 50 തീരുമാനങ്ങള്‍

ലക്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റത്തിനു പിന്നാലെ യോഗി ആദിത്യനാഥ് എടുത്തത് 50 തീരുമാനങ്ങള്‍. ഒരു മന്ത്രിസഭാ യോഗം പോലും ചേരാതെയാണ് ഇത്രയും തീരുമാനങ്ങള്‍ എടുത്തത്. അതേസമയം, പുതിയ മുഖ്യമന്ത്രിയുടെ നടപടികളോട് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്.
അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുകയെന്ന നടപടിയും ആന്റി-റോമിയോ സ്‌ക്വാര്‍ഡിന്റെ രൂപീകരണവുമാണ് നടപടികള്‍ ഏറെ ശ്രദ്ധേയമായത്. ഇവ രണ്ടിനും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതും. അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുന്നതിനെതിരെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു രൂപീകരിച്ച ആന്റി-റോമിയോ സ്‌ക്വാര്‍ഡ് സദാചാരഗുണ്ടായിസം കാണിക്കുന്നുവെന്നാണ് ആരോപണം.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ രേഖപ്പെടുത്തുന്നതിനായി ബയോമെട്രിക് മെഷിനുകള്‍ സ്ഥാപിച്ചതും രാവിലെ പത്തുമണിക്ക് മുന്‍പ് ഉദ്യോഗസ്ഥര്‍ എത്തണമെന്നുമുള്ള നിര്‍ദേശം സാധാരണക്കാരെ സഹായിക്കുന്നതാണ്. സര്‍ക്കാര്‍ ഓഫിസുകളില്‍ പാന്‍മസാല, പ്ലാസ്റ്റിക് എന്നിവയുടെ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയതിനോടു നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മാനസസരോവര്‍ തീര്‍ഥാടനത്തിന് പോകുന്നവര്‍ക്കുള്ള ഗ്രാന്‍ഡ് തുക 50,000 രൂപയില്‍നിന്നും ഒരു ലക്ഷമാക്കി ഉയര്‍ത്തിയ നടപടിയും ഡല്‍ഹിയില്‍ തീര്‍ഥാടകര്‍ക്കായി മാനസസരോവര്‍ ഭവന്‍ സ്ഥാപിക്കുമെന്ന വാഗ്ദാനവും കയ്യടി നേടി.
ജൂണ്‍ 15ന് മുന്‍പ് സംസ്ഥാനത്തെ റോഡുകളുടെ മോശം സ്ഥിതി മാറ്റണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനും ജനങ്ങളുടെ മികച്ച പിന്തുണയാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരും ഫയലുകള്‍ വീട്ടില്‍ കൊണ്ടുപോയി പരിശോധിക്കുന്നത് അവസാനിപ്പിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും റിസപ്ഷനില്‍ ഒരു വനിത പൊലീസും ഒരു പുരുഷ പൊലീസും വേണമെന്ന് നിര്‍ദേശം നല്‍കി. പൊലീസ്‌സേനയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും പരാതിയുമായി എത്തുന്ന സ്ത്രീകളുടെ സൗകര്യത്തിനും വേണ്ടിയാണ് നടപടി.

സര്‍ക്കാര്‍ ഓഫിസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. രാഷ്ട്രീയ നേതാക്കള്‍ക്ക് അനാവശ്യമായി നല്‍കുന്ന സുരക്ഷ നീക്കണം. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരും മന്ത്രിമാരും സ്വത്ത് വിവരം വെളിപ്പെടുത്തണം. അനാവശ്യമായി സ്‌കൂള്‍ സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്- തുടങ്ങിയ നിര്‍ദേശങ്ങളാണ് യോഗി അധികാരമേറ്റതിനു ശേഷം മുന്നോട്ടുവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button