തിരുവനന്തപുരം : വില്‍ക്കാന്‍ കഴിയാതെ കിടക്കുന്ന വാഹനങ്ങളൊക്കെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പുതിയതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍ക്കുന്ന ഏജന്റുമാരുടെ കള്ളക്കളി വെളിച്ചത്തു കൊണ്ടുവന്ന് മോട്ടോര്‍ വാഹനവകുപ്പ്. നാല് ഡീലര്‍മാര്‍ക്ക് ആലപ്പുഴ ആര്‍.ടി.ഒ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
ചെങ്ങന്നൂര്‍ ആര്‍.ടി.ഒ ആറ് ഡീലര്‍മാര്‍ക്കെതിരെ ആലപ്പുഴ ആര്‍.ടി.ഒ നാല് ഡീലര്‍മാര്‍ക്കെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അഞ്ച് ഏജന്‍സികളുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ ആറു മാസത്തേക്ക് റദ്ദു ചെയ്തു. നാലെണ്ണത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ക്രമക്കേട് കാണിച്ച കോട്ടയം ടി.വി.എസ് മോട്ടോഴ്‌സ്, എസ്.ജി മോട്ടോഴ്‌സ്, കളത്തില്‍പടി, മാവേലിക്കര മീനത്ത് മോട്ടോഴ്‌സ്, കായംകുളം എ.എസ്.ടി മോട്ടോഴ്‌സ് എന്നീ ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റുകളാണ് സസ്‌പെന്‍ഡ് ചെയ്തത്.
2016 ല്‍ നിര്‍മിച്ചതും വിറ്റഴിക്കാന്‍ കഴിയാത്തതുമായ വാഹനങ്ങള്‍ 2017 ല്‍ നിര്‍മ്മിച്ചതാണെന്ന് കാണിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന് നല്‍കുന്ന രേഖകളിലാണ് ചില ഡീലര്‍മാര്‍ കൃത്രിമം കാട്ടിയത്.
നിര്‍മിച്ച വര്‍ഷം, മോഡല്‍, എന്‍ജിന്‍, ഷാസി നമ്പരുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന വില്‍പനപത്രം ഡീലര്‍മാരാണ് തയാറാക്കുന്നത്. ഇതില്‍ നിര്‍മ്മിച്ച വര്‍ഷം തിരുത്തിയാണ് നല്‍കിയിരുന്നത്. കഴിഞ്ഞവര്‍ഷം നിര്‍മ്മിച്ച വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അക്കാര്യം ഉപഭോക്താവിനെ അറിയിക്കണമെന്നാണ് നിയമം. ഇത്തരം വാഹനങ്ങള്‍ക്ക് കമ്പനി വിലയില്‍ ഇളവും നല്‍കാറുള്ളത്. ഈ ആനുകൂല്യം സ്വന്തമാക്കുന്നതിന് വേണ്ടിയാണ് ചില ഡീലര്‍മാര്‍ കൃത്രിമം കാട്ടിയതെന്ന് സംശയിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാഹന ഉടമയ്ക്കും പുതിയ വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വാഹന ചേസിസ് പരിശോധിച്ച് നിര്‍മ്മാണവര്‍ഷവും മാസവും കണ്ടുപിടിക്കാനുതകുന്ന സൗകര്യം മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.keralamvd.gov.in) ലഭ്യമാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായ Find vehicle year and month എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഈ വിവരങ്ങള്‍ പരിശോധിക്കാം.
വാഹനം നിര്‍മ്മിച്ച മാസം, വര്‍ഷം പ്ലാന്റ് തുടങ്ങിയ വിവരങ്ങള്‍ ഉപഭോക്താവിന് നേരിട്ട് കണ്ടെത്താന്‍ കഴിയും. ഒരോ വാഹനങ്ങള്‍ക്കും അവയുടെ നിര്‍മ്മാണ വിശദാംശങ്ങള്‍ ഉള്‍ക്കൊളളിക്കുന്ന വെഹിക്കിള്‍ ഇന്‍ഡിക്കേഷന്‍ നമ്പരുണ്ട് (വിന്‍). എന്‍ജിന്‍, ഷാസി നമ്പരുകളുടെഭാഗമാണിത്. എന്‍ജിന്‍, ഷാസി നമ്പരുകളുടെ നിശ്ചിത അക്കങ്ങള്‍ നിര്‍മിച്ച വര്‍ഷം മാസം എന്നിവയുടെ കോഡാണ്. വാഹന നിര്‍മാതാക്കള്‍ അവര്‍ ഉപയോഗിക്കുന്ന കോഡ് വിശദീകരിക്കാറുണ്ട്. മോട്ടോര്‍വാഹനവകുപ്പിനും ഇതിന്റെ പകര്‍പ്പ് നല്‍കാറുണ്ട്.
വാഹനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഇന്ത്യ പോലുള്ള കേന്ദ്രസ്ഥാപനങ്ങളുടെ അനുമതിയോടെയാണ് വിന്‍ ക്രമീകരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ക്കും നല്‍കും. വാഹനത്തിന്റെ മോഡലില്‍ സംശയമുള്ളപക്ഷം വിന്‍ നമ്ബര്‍ ഡീകോഡ് ചെയ്യാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടാവുന്നതാണ്.
പുതിയ വാഹനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഡീലര്‍മാര്‍ നല്‍കുന്ന രേഖകളില്‍ റോഡ്ക്ഷമതാസാക്ഷ്യപത്രം മാത്രമാണ് വാഹന നിര്‍മ്മാതാവിന്റേതായിട്ടുള്ളത്. ഇതില്‍ നിര്‍മിച്ച വര്‍ഷം രേഖപ്പെടുത്താറില്ല. സ്ഥിരം രജിസ്‌ട്രേഷന് വേണ്ട മറ്റു രേഖകള്‍ ഡീലര്‍മാരാണ് തയാറാക്കുന്നത്. ഇതാണ് ക്രമക്കേടിന് വഴിവച്ചത്.
Post Your Comments