കൊല്ലം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഫാന്‍സ് അസോസിയേഷനുകളുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ച സി.ആര്‍.മഹേഷ്. ഫാന്‍സ് അസോസിയേഷനുകള്‍ പിരിച്ചുവിടാന്‍ നേതാക്കള്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബിജെപിയില്‍ താന്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെമേല്‍ രാജി പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍നിന്ന് തല്‍ക്കാലത്തേക്ക് മാറിനില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. തന്റെ ഭാഗം വിശദീകരിച്ച് രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ രംഗം മൊത്തത്തില്‍ മോശം അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അത് ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്. എന്നാല്‍ അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഞാന്‍ ആര്‍എസ്എസ് ആണെന്ന് പ്രചാരണമുണ്ടായി. ഇതിലൂടെ ഇടതുപക്ഷക്കാര്‍ക്ക് പ്രചരിപ്പിക്കാന്‍ ഒരു ആയുധം കിട്ടുകയായിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സഹോദരന്‍മാരായിരുന്നു അപ്പോളൊക്കെ തനിക്കൊപ്പം നിന്നത്.
വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ആരോപണങ്ങളാണ് സ്ഥിരമായി വന്നുകൊണ്ടിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തനിക്കെതിരായി കടുത്ത ആരോപണങ്ങളാണ് ഉയര്‍ന്നത്. നേതൃത്വത്തിന് പരാതികൊടുക്കാതിരുന്നത് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ ഉപദേശപ്രകാരമാണ്. തനിക്ക് പല ഭാഗത്തുനിന്നും സമ്മര്‍ദ്ദമുണ്ടായിട്ടുണ്ട്. അതാണ് രാജിയിലേയ്ക്കെത്തിച്ചത്. അതിനു പിന്നില്‍ ആരായിരുന്നു എന്ന് പറയുന്നില്ല. അന്തരീക്ഷം കൂടുതല്‍ കലുഷമാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഹൈക്കമാന്‍ഡിനെ അംഗീകരിക്കുകയും വിമര്‍ശിക്കാതിരിക്കുകയും ചെയ്യാന്‍ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും പോലുള്ളവര്‍ ബാധ്യസ്ഥരാണ്. അതുകൊണ്ടുതന്നെ അവര്‍ക്കെ തന്റെ അഭിപ്രായത്തെ അനുകൂലിക്കാന്‍ സാധിക്കുന്നില്ല.
Post Your Comments