പാലക്കാട്: പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്കിനും ഇതിന്റെ എടിഎം കാർഡുകൾക്കും സർവീസ് ചാർജില്ലെന്ന കാരണത്താൽ ജനപ്രീതി കൂകൂടുകയാണ്. എന്നാൽ ഇതിനു തടയിടാൻ ബാങ്കുകൾ കൂട്ടമായി തപാൽ വകുപ്പിനു ‘പണി’ കൊടുത്തു. ഇനി മുതൽ വാണിജ്യ ബാങ്കുകളുടെ എടിഎമ്മുകളിൽ നിശ്ചിത പരിധിയിലധികം ഇടപാടുകൾക്കായി തപാൽ വകുപ്പിന്റെ കാർഡുകൾ ഉപയോഗിച്ചാൽ അധികമുള്ള ഓരോ ഇടപാടിനും 23 രൂപ വീതം സർവീസ് ചാർജ് നൽകണം. പണം പിൻവലിക്കുന്നതിനു പുറമെയുള്ള ഇടപാടുകൾക്കും ഇതു ബാധകമാണ്.
ഇത് കഴിഞ്ഞ 22 മുതൽ പ്രാബല്യത്തിൽ വന്നതായി തപാൽ വകുപ്പിന്റെ എടിഎം യൂണിറ്റുകളുടെ ചുമതലയുള്ള ബെംഗളൂരുവിലെ സാങ്കേതിക വിഭാഗം തപാൽ ഓഫിസുകളെ അറിയിച്ചു. അതേസമയം, പോസ്റ്റ് ഓഫിസുകളിലെ എടിഎമ്മുകളിൽ പരിധിയില്ലാതെ ഇടപാടുകൾ നടത്താം. എങ്കിലും ഇവ എണ്ണത്തിൽ കുറവാണെന്നതിനാൽ സേവനങ്ങൾക്കു പരിമിതിയുണ്ട്.
ഒട്ടേറെ ഉപയോക്താക്കളെ ആകർഷിച്ചിരുന്ന ഒന്നാണ് 50 രൂപയിൽ പോസ്റ്റൽ സേവിങ്സ് ബാങ്ക് അക്കൗണ്ടും എടിഎം കാർഡും. ബാങ്കുകൾ ഇടപാടുകൾക്കു പരിധി നിശ്ചയിച്ചതോടെ പോസ്റ്റൽ സേവിങ്സ് അക്കൗണ്ട് ഉടമകളുടെ എണ്ണവും ഈയിടെ വർധിച്ചു. ബാങ്കുകളുടെ എടിഎമ്മുകളിലും തപാൽ എടിഎം കാർഡുകൾ പരിധിയില്ലാതെ ഉപയോഗിക്കാമെന്നതും സവിശേഷതയായിരുന്നു. ഈ സാഹചര്യത്തിൽ തങ്ങളുടെ എടിഎമ്മുകളുടെ സാങ്കേതികകാര്യങ്ങളുടെ ചുമതലയുള്ള ഏജൻസികളോട് ഈ സൗജന്യ സേവനം നിർത്താൻ വിവിധ ബാങ്കുകളുടെ ഉന്നത അധികൃതർ നിർദേശിക്കുകയായിരുന്നു.
Post Your Comments