പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റായ സ്‌നാപ്ഡീല്‍ മറ്റേതെങ്കിലും കമ്പനിക്ക് വിറ്റഴിക്കാന്‍ ഉടമകൾ തീരുമാനിച്ചു. ഇതിനായി മുഖ്യ എതിരാളികളായ ഫ്ലിപ്കാർട്ട്, പേടിഎം എന്നിവയുമായി സ്നാപ്ഡീലിന്റെ ഉടമകളായ ജാസ്പർ ഇൻഫോടെക് ചർച്ചകൾ ആരംഭിച്ചതായാണ് സൂചന. എന്നാൽ ഓഹരി വില്പന സംബന്ധിച്ച ചർച്ചകളൊന്നും നടക്കുന്നില്ലെന്ന വിശദീകരണമാണ് സ്നാപ്ഡീൽ നൽകുന്നത്. സ്നാപ്ഡീലിൽ 90 കോടി ഡോളർ(ഏതാണ്ട് 6,000 കോടി രൂപ)ലധന നിക്ഷേപം നടത്തിയിരിക്കുന്ന ജാപ്പനീസ് നിക്ഷേപക സ്ഥാപനമായ സോഫ്റ്റ്ബാങ്കാണ് ചർച്ചകൾക്കു നേതൃത്വം നൽകുന്നത്. സോഫ്റ്റ്ബാങ്കിൽ നിന്നുൾപ്പെടെ 176 കോടി ഡോളറിന്റെ മൂലധന നിക്ഷേപം (ഏതാണ്ട് 11,700 കോടി രൂപ) സ്നാപ്ഡീൽ ഇതുവരെ നേടിയിട്ടുണ്ടെന്നാണ് വിവരം.
ഇടപാട് എളുപ്പത്തിൽ പൂർത്തിയാക്കുവാൻ വേണ്ടിയാണ് ഫ്ളിപ്കാർട്ടും,പേടിഎമ്മുമായും ഒരേസമയം ചർച്ച നടത്തുന്നത്. ആദ്യം ആരു വാങ്ങാൻ സന്നദ്ധമാകുന്നുവോ അവർക്കാവും കമ്പനി വിൽക്കുക. പേടിഎം ആണ് സ്നാപ്ഡീലിനെ സ്വന്തമാക്കാൻ കൂടുതൽ താത്പര്യം കാണിക്കുന്നതെന്നാണ് സൂചന. പേടിഎമ്മിന്റെ മുഖ്യ ഓഹരിയുടമകളായ ആലിബാബയ്ക്കും സ്നാപ്ഡീലിനെ ഏറ്റെടുക്കുന്നതിൽ എതിർപ്പില്ല. ചുരുങ്ങിയത് 150 കോടി ഡോളർ (ഏതാണ്ട് 10,000 കോടി രൂപ) ആണ് സ്നാപ്ഡീലിന്റെ ഓഹരിയുടമകൾ പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ ദൈനംദിന പ്രവർത്തനത്തിനാവശ്യമായ അഞ്ചു കോടി ഡോളർ (330 കോടി രൂപ) ഹ്രസ്വകാല വായ്പയായി സോഫ്റ്റ്ബാങ്ക് സ്നാപ്ഡീലിനു ലഭ്യമാക്കും.
Post Your Comments