മുളങ്കുന്നത്തുകാവ്: റെയിൽവേ ട്രാക്കിലിരുന്ന് മദ്യപാനം മൂന്നംഗ സംഘത്തിലെ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. മറ്റു രണ്ടു പേർ ട്രെയിനിന്റെ ശക്തമായ കാറ്റേറ്റ് സമീപത്തെ കുഴിയിലേക്ക് തെറിച്ച് വീണ് അബോധാവസ്ഥയിലായി. വെളപ്പായ ബിവറേജിസിന്റെ ഷോപ്പിൽ നിന്നും മദ്യം വാങ്ങിയെത്തിയ ശേഷം ഇവർ റെയിൽവേ പാളത്തിലിരുന്ന് കഴിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. തമിഴ്നാട് സ്വദേശിയായ 46 വയസുകാരനാണ് മരിച്ചത്. മൂന്നുപേരും ആക്രി സാധനങ്ങൾ പെറുക്കി വിൽപ്പന നടത്തി ജീവിക്കുന്നവരാണ്.
ട്രാക്കിലിരുന്നവരെ ട്രെയിൻ തട്ടിയ വിവരം ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ മെഡിക്കൽ കോളജ് പോലീസ് ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും കനത്ത ഇരുട്ടു മൂലം ആരെയും കണ്ടെത്താനായില്ല. പിന്നീട് രാത്രി 12ന് പോയ മറ്റൊരു ട്രെയിന്റെ വെളിച്ചത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് കുഴിയിൽ വീണ രണ്ടുപേരെയും പോലീസ് കണ്ടെത്തിയപ്പോഴാണ് കൂടെ മദ്യപിക്കാനുണ്ടായിരുന്ന ആൾ മരിച്ച വിവരം ഇവർ അറിയുന്നത്. മെഡിക്കൽ കോളജ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Post Your Comments