തിരുവനന്തപുരം: സി.പി.എമ്മും സി.പി.ഐയും ഏറ്റുമുട്ടുന്നു. മൂന്നാര്‍ പ്രദേശത്തെ ഭൂവിനിയോഗം സംബന്ധിച്ച നിയന്ത്രണങ്ങളിലാണ് സി.പി.എമ്മും സി.പി.ഐ.യും ഏറ്റുമുട്ടുന്നത്. ദേവികുളം സബ് കളക്ടറെ മാറ്റണമെന്ന സി.പി.എമ്മിന്റെ ആവശ്യം സി.പി.ഐ. തള്ളിയതിനെച്ചൊല്ലിയാണ് ഭിന്നത. സി.പി.എം. ഇടുക്കി ജില്ലാ നേതൃത്വം സബ് കളക്ടര്‍ ഡോ. ശ്രീറാം വെങ്കിേടഷിനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷസമരത്തിലാണ്. നിയമസഭയിലും ഇക്കാര്യം ഉന്നയിച്ചു. റവന്യൂഭൂമി സംരക്ഷിക്കാന്‍ ശക്തമായ നടപടിയെടുക്കുന്ന സബ് കളക്ടറെ മാറ്റാനാകില്ലെന്നാണ് സി.പി.ഐ.യുടെയും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെയും നിലപാട്. കഴിഞ്ഞ ഇടതുമുന്നണിയോഗത്തിലും ഇക്കാര്യം ചര്‍ച്ചയായി. റവന്യുമന്ത്രിയുടെ കൂടി സാന്നിധ്യത്തിലായിരുന്നു മുന്നണിയോഗത്തിലെ ചര്‍ച്ച. ഇതേത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ ഭൂമിപ്രശ്‌നം ചര്‍ച്ചചെയ്യാന്‍ 27-ന് മുഖ്യമന്ത്രി യോഗംവിളിച്ചു.
മൂന്നാര്‍ പ്രദേശത്ത് പട്ടയഭൂമിയില്‍ മാത്രമേ നിര്‍മാണം നടത്താൻ പാടുള്ളു. കൃഷിയാവശ്യത്തിന് നല്‍കിയ ഭൂമിയില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള നിര്‍മാണം പറ്റില്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ട്. കൃഷിഭൂമിയില്‍ പാര്‍പ്പിടാവശ്യത്തിനുള്ള നിര്‍മാണമേ 2010-ലും 2016-ലും വന്ന ഹൈക്കോടതിവിധി അനുവദിക്കുന്നുള്ളൂ. കൂടാതെ മണല്‍, പാറ അടക്കമുള്ള ഖനനവും നിരോധിച്ചിട്ടുണ്ട്.
സബ് കളക്ടര്‍ അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിച്ചതോടെയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ തെറ്റിയത്. അനുമതി വാങ്ങാതെ നടത്തിക്കൊണ്ടിരുന്ന റിസോര്‍ട്ട് നിര്‍മാണങ്ങള്‍ക്ക് അദ്ദേഹം സ്റ്റോപ് മെമ്മോ നല്‍കി. നിര്‍മാണസാമഗ്രികളും മണ്ണിടിക്കല്‍ യന്ത്രങ്ങളും പിടിച്ചെടുത്തു. കൃഷിക്കായി സര്‍ക്കാര്‍ നല്‍കിയ പട്ടയഭൂമി വകമാറ്റി വാണിജ്യാവശ്യങ്ങള്‍ക്കുപയോഗിച്ചതിനെതിരേ നോട്ടീസ് നല്‍കി. ഇതോടെ പ്രാദേശിക സി.പി.എം. നേതൃത്വം റവന്യുവകുപ്പിനെതിരേ സമരം തുടങ്ങി. വീട് വെയ്ക്കാന്‍ അനുമതി ലഭിക്കുന്നില്ലെന്നായിരുന്നു ഇതിനു പറഞ്ഞ ന്യായം. റവന്യുമന്ത്രിയുടെ അധ്യക്ഷതയില്‍ ഇടുക്കിയില്‍നിന്നുള്ള ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി രണ്ടുവട്ടം യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, റവന്യുവകുപ്പിന്റെ നിലപാടിനെതിരേ അന്ന് എം.എം. മണിയും എസ്. രാജേന്ദ്രനും തുറന്നടിച്ചു.
മൂന്നാര്‍ പ്രശ്‌നം ചര്‍ച്ചചെയ്യാനായി ഇടതുമുന്നണിയോഗത്തില്‍ സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ റവന്യുമന്ത്രിയെക്കൂടി ഒപ്പം കൂട്ടുകയായിരുന്നു. മുന്നണിയോഗത്തിലെ ധാരണയനുസരിച്ചാണ് മുഖ്യമന്ത്രി 27-ന് റവന്യു, വനം മന്ത്രിമാര്‍, ഇടുക്കിജില്ലയില്‍നിന്നുള്ള ജനപ്രതിനിധികള്‍, റവന്യു അധികൃതര്‍ എന്നിവരുടെ യോഗം വിളിച്ചത്.
Post Your Comments