പ്രശസ്ത ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ് ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങുന്നു. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ മുതൽ ബി എം ഡബ്ല്യു’, ‘മിനി’ ശ്രേണിയുടെ വിലയില്‍ രണ്ടു ശതമാനം വരെ വില വർദ്ധന നടപ്പാക്കുമെന്ന് കമ്പനി അറിയിച്ചു. ഇത് കൂടാതെ പുതുമയുള്ള ഉല്പന്നങ്ങള് അവതരിപ്പിച്ചും ലോകോത്തര നിലവാരമുള്ള ഡീലര്‍ഷിപ്പുകള്‍ സ്ഥാപിച്ചും ഇന്ത്യയിലെ വിപണി സാധ്യത വർദ്ധിപ്പിക്കുമെന്ന് ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ അറിയിച്ചു. പ്രീമിയം ഇടപാടുകാര്‍ക്ക് അര്‍ഹമായ മൂല്യം ഉറപ്പാക്കാനാണു ‘ബി എം ഡബ്ല്യു’, ‘മിനി’ ശ്രേണിയുടെ വില വർദ്ധിപ്പിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. വാഹന വിപണിയിൽ പ്രീമിയം വിഭാഗത്തിലാണു ബി എം ഡബ്ല്യുവിന്റെ സ്ഥാനം.
കാറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും പുറമെ വാഹനങ്ങള്‍ക്ക് വായ്പ ഉറപ്പാക്കാന്‍ കമ്പനിയുടെ സാമ്പത്തിക സേവന വിഭാഗവും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. ചെന്നൈയിലെ നിര്‍മാണശാലയ്ക്കും മുംബൈയിലെ പാര്‍ട്സ് വെയര്‍ഹൗസിനും ഗുരുഗ്രാമിലെ പരിശീലന കേന്ദ്രത്തിനും പ്രധാന നഗരങ്ങളിലെ വിപണന കേന്ദ്രങ്ങള്‍ക്കുമായി മൊത്തം 490 കോടിയോളം രൂപ കമ്പനി നിക്ഷേപിച്ചിട്ടുണ്ട്. രാജ്യത്ത് 41 വില്‍പ്പന കേന്ദ്രങ്ങളുള്ള ബി എം ഡബ്ല്യു ഇന്ത്യയില്‍ അറുനൂറ്റി അന്‍പതോളം ജീവനക്കാരാണുള്ളത്.
Post Your Comments