Kerala

തന്നെ പോലുള്ള പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല: മുഖ്യമന്ത്രിക്ക് ഏഴാംക്ലാസ്സുകാരിയുടെ കത്ത്

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന പീഡന കഥകളും അക്രമങ്ങളും കുട്ടികളെയടക്കം ഭയപ്പെടുത്തുകയാണ്. എവിടെയാണ് സുരക്ഷിതത്വം എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനിടയില്‍ ഏഴാം ക്ലാസുകാരി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. അനന്തര എന്ന പെണ്‍കുട്ടിയാണ് കത്തെഴുതിയത്. തന്നെ പോലുള്ള പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.

ഓരോ ദിവസും ഓരോതരം പീഡന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. കുറച്ചു കാലം മുമ്പ് വരെ തനിക്കു ഒരു പെണ്‍കുട്ടിയായതില്‍ വളരെ അഭിമാനം തോന്നിയിരുന്നു. എന്നാലിപ്പോള്‍ പേടിയാണെന്നും അനന്തര കുറിക്കുന്നു. മുഖ്യമന്ത്രിക്ക് അയച്ച കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായിരിക്കുകയാണ്. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

എന്നെ പോലുള്ള പെണ്‍കുട്ടികള്‍ ഈ സമൂഹത്തില്‍ ഇപ്പോള്‍ തീരെയും സുരക്ഷിതരല്ല. അതിന്റെ കാരണവും അങ്ങയ്ക്ക് തന്നെ അറിയാമല്ലോ. ഓരോ ദിവസവും വാര്‍ത്ത വായിക്കുമ്പോഴും കാണുമ്പോഴും പുതിയ പുതിയ പീഡന കേസുകളാണ് കാണുന്നത്. ഈ കൂട്ടത്തില്‍ എന്നെ ഏറ്റവും വിഷമിപ്പിച്ച കേസുകളില്‍ ഒന്നാണ് വാളയാറിലെ കൃതികയ്ക്കും ശരണ്യയ്ക്കും സംഭവിച്ചത്. രണ്ടു കുഞ്ഞ് കുട്ടികളെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുപോലെ എത്ര എത്ര പെണ്‍കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടാകും. അതില്‍ ചിലത് പുറം ലോകം അറിയുന്നു. ചിലത് ആരുമറിയാതെ പോകുന്നു. പിഞ്ചു കുഞ്ഞുങ്ങളെപ്പോലും ആരും വെറുതെ വിടുന്നില്ല.

സൈക്കിള്‍ ഓടിച്ചു സ്‌കൂളില്‍ പോകുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ എനിക്കു പേടിയാണ്. എനിക്കു ഒറ്റയ്ക്ക് വെളിയില്‍ ഇറങ്ങാന്‍ വരെ പേടിയാണ്. എന്റെ അമ്മയ്ക്കും നല്ല പേടിയുണ്ടെന്ന് എനിക്കറിയാം. ആ മരിച്ചു പോയ രണ്ടു പെണ്‍കുട്ടികളില്‍ മൂത്തയാള്‍ക്കും എനിക്കും ഒരേ പ്രായമാണ്. ഇതറിഞ്ഞപ്പോള്‍ എനിക്കു വളരെ സങ്കടം തോന്നി, കാരണം എന്നെപ്പോലെ അവള്‍ക്കും എത്രയെത്ര സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും. എനിക്കു ഇപ്പോള്‍ പേടികാരണം ഉറങ്ങാനെ പറ്റുന്നില്ല.

കണ്ണടച്ചാല്‍ കൃതികയുടെയും ശരണ്യയുടെയും ടി വിയില്‍ കണ്ട മുഖം എന്റെ മുന്നില്‍ തെളിയും. ഈ ലോകത്ത് ആരെയാണ് വിശ്വസിക്കുക, ആരെയാണ് വിശ്വസിക്കേണ്ടാത്തത് എന്നു പോലും മനസിലാവുന്നില്ല. ഈയിടെ കുണ്ടറയില്‍ ഒരു പത്തുവയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വാര്‍ത്തകളില്‍ പറയുന്നത് അവളെ സ്വന്തം അപ്പൂപ്പനാണ് പീഡിപ്പിച്ച് കൊന്നതെന്ന്. സ്വന്തം അപ്പൂപ്പന് എങ്ങനെയാണ് കൊച്ചു മകളെ ഉപദ്രവിക്കാന്‍ കഴിയുക. അത് കേട്ടപ്പോള്‍ എനിക്കുണ്ടായ ഞെട്ടല്‍ ഇപ്പൊഴും മാറിയിട്ടില്ല.

പക്ഷേ ഇപ്പോള്‍ ഞാന്‍ ആകെ ഒരു ചിന്താകുഴപ്പത്തിലാണ് ആരെയാണ് വിശ്വസിക്കണ്ടതെന്ന് എനിക്കു അറിഞ്ഞുകൂടാ. എല്ലാവരെയും സംശയത്തോടെ, പേടിയോടെ നോക്കാനെ എനിക്കു പറ്റുന്നുള്ളൂ. ഞാന്‍ റോഡില്‍ കൂടി നടക്കുമ്പോള്‍ എന്നെ ആരെങ്കിലും നോക്കിയാല്‍ പോലും എനിക്കു പേടി തോന്നും. പള്ളിയിലും അമ്പലത്തിലും മദ്രസയിലും സ്‌കൂളിലും വീട്ടിലും എല്ലാം കുട്ടികളെ പീഡിപ്പിക്കുന്ന വര്‍ത്തകളുടെ എണ്ണം ദിവസംതോറും കൂടി വരുന്നു. എന്നെയും ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ചിന്തയാണ് എപ്പോഴും എന്റെ മനസ്സില്‍.

എന്റെ അമ്മയും അച്ഛനും വളരെ സ്വതന്ത്രമായി ചിന്തിക്കുന്ന ആളുകളാണ്. എന്നാല്‍ ഈ കുറച്ചു കാലമായി ഒരു പേടി അവരുടെ ഉള്ളിലുമുണ്ടെന്ന് എനിക്കു മനസ്സിലാകുന്നുണ്ട്. കുട്ടികളെ ഉപദ്രവിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്കണം. ഇനി ഒരു കുട്ടിയും പീഡിപ്പിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം. ആരെയും പേടിക്കാതെ കുറെ സ്വപ്നങ്ങള്‍ കണ്ട് കുറെ പുസ്തകങ്ങള്‍ വായിച്ചും കളിച്ചും ചിരിച്ചും എനിക്കും മറ്റ് കുട്ടികള്‍ക്കും സന്തോഷത്തോടെ ഈ ഭൂമിയില്‍ ജീവിക്കണം.ബഹുമാനപ്പെട്ട മുഖ്യമന്ത്രി അതിനുള്ള അവസരം ഉണ്ടാക്കി തരുമെന്ന് ഞാന്‍ കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button