ന്യൂഡൽഹി: പി.ടി ഉഷയുടെ സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നു. കോഴിക്കോട് പി.ടി.ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിൽ എട്ടരക്കോടി ചെലവിട്ട് നിർമിച്ച സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനമാണ് മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുക. വിഡിയോ കോൺഫറൻസിങ്ങിലൂടെയായിരിക്കും ഉദ്ഘാടനം നിർവഹിക്കുക.
ഇന്നലെ പ്രധാനമന്ത്രിയെ സന്ദർശിച്ച പി.ടി.ഉഷയ്ക്ക് ഇതു സംബന്ധിച്ച ഉറപ്പു ലഭിച്ചു. കേന്ദ്ര സർക്കാർ എല്ലാ പിന്തുണയും സ്കൂളിനു നൽകുമെന്നു പ്രധാനമന്ത്രി അറിയിച്ചതായി പി.ടി.ഉഷ പറഞ്ഞു. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ടാർഗറ്റ് ഒളിംപിക് പോഡിയം പദ്ധതിയുടെ നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനാണ് ഉഷ ഡൽഹിയിലെത്തിയത്.
ഉഷ അംഗമായി കമ്മിറ്റി പുനസംഘടിപ്പിച്ച ശേഷം നടക്കുന്ന ആദ്യ യോഗമാണിത്. പദ്ധതിയുടെ നടത്തിപ്പിൽ ഗുണകരമായ മാറ്റം വേണമെന്നു യോഗത്തിൽ ആവശ്യപ്പെടുമെന്നു ഉഷ പറഞ്ഞു. കഴിഞ്ഞ തവണ പ്രഖ്യാപിച്ച തുക പോലും കിട്ടാത്ത സാഹചര്യമുണ്ടായി. 25 ലക്ഷം രൂപ ആയിരുന്നു ടിന്റുലൂക്കയ്ക്ക് പ്രഖ്യാപിച്ചത് പക്ഷെ ലഭിച്ചതു മൂന്നു ലക്ഷം മാത്രമാണ്. വിദേശ പരിശീലകനു കീഴിൽ പരിശീലിക്കുന്നവർക്കു മാത്രമേ സഹായം നൽകൂവെന്ന നിലപാട് ശരിയല്ലെന്നു ഉഷ പറഞ്ഞു.
Post Your Comments