
തിരുവനന്തപുരം: രാജ്യത്ത് സ്ത്രീധന നിരോധന നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ഒന്നും വേണ്ടവിധത്തില്‍ ഫലപ്രദമാകുന്നില്ലെന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരികയാണ്. സ്ത്രീധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും കേസുകളും ആയിരകണക്കിനാണ് റിപ്പോര്‍ട്ട് ചെയ്തിരുക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
. സ്ത്രീധനം ആവശ്യപ്പെടുന്നതും വാങ്ങുന്നതും കുറ്റകരമാണെങ്കിലും ഇതിനെതിരായ നടപടികള്‍ കേരളത്തില്‍ കര്‍ശനമല്ലാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. സ്ത്രീധനം കര്‍ശനമായി നിയന്ത്രിക്കുന്നതിന് നിലവിലുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് ചട്ടങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള ഭേദഗതി വേണോ എന്ന് കഴിഞ്ഞയാഴ്ച ചീഫ് സെക്രട്ടറി സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറോട് ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കേരളത്തിലെ മൂന്ന് സോണലുകളിലെയും സ്ത്രീധന നിരോധന ഓഫീസര്‍മാരോട് ഇക്കാര്യത്തിലുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ സംസ്ഥാനത്തെ മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍കൂടിയായ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ ആവശ്യപ്പെട്ടു.
സ്ത്രീധന നിരോധന നിയമം
1961 ലെ കേരള സ്ത്രീധന നിരോധന നിയമപ്രകാരം 2004ല്‍ സംസ്ഥാന സര്‍ക്കാര്‍ കേരള ഡൗറി പ്രൊഹിബിഷന്‍ റൂള്‍സ് പുറപ്പെടുവിച്ചിരുന്നു.ദേശീയ വനിതാകമ്മിഷന്റെ ആവശ്യം മുന്‍നിറുത്തിയാണ് സ്ത്രീധന നിരോധന ചട്ടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളില്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിയമിച്ച് സ്വതന്ത്ര ചുമതലയും നല്‍കി.
സ്ത്രീധനം സംബന്ധിച്ചുള്ള പരാതികള്‍ സ്വന്തമായോ, രക്ഷാകര്‍ത്താക്കള്‍ അല്ലെങ്കില്‍ ബന്ധുക്കളോ അംഗീകൃത സംഘടനകളോ സ്ഥാപനങ്ങളോ വഴിയോ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് നല്‍കാം. റീജിയണല്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാര്‍ ഒരു മാസത്തിനുള്ളില്‍ പരാതി അന്വേഷിച്ച് കണ്ടെത്തലുകള്‍ രേഖപ്പെടുത്തണം. നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും അനുസരിക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടിയെടുക്കാം.
വിവാഹിതരാകാന്‍ പോകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് വിവാഹശേഷം വകുപ്പ് തലവന്മാര്‍ക്ക് സത്യവാങ്മൂലം നല്‍കണം. ഇതില്‍ സ്വന്തം പിതാവും ഭാര്യയും ഭാര്യാപിതാവും ഒപ്പിട്ടിരിക്കണം. ഇത് നിര്‍ബന്ധമായും നല്‍കേണ്ടതും ഈ രേഖ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നുമായിരുന്നു ചട്ടം. വര്‍ഷങ്ങള്‍ കഴിയുകയും സ്ത്രീധന പീഡനം നിത്യസംഭവമാകുകയും ചെയ്തിട്ടും നടപടികളില്ലാത്ത പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ആര്‍ഭാട വിവാഹങ്ങള്‍ക്കും സ്ത്രീധനഭ്രമത്തിനും ഒരു പരിധി വരെ അറുതിയാകും. വിവാഹവേളയില്‍ വധൂവരന്‍മാര്‍ക്ക് ലഭിക്കുന്ന ഗിഫ്റ്റുകള്‍ സ്ത്രീധനത്തില്‍ വരില്ലെന്നമട്ടില്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ നടന്ന ശ്രമങ്ങളും ഇതോടെ പൊളിയും. വിവാഹവുമായി ബന്ധപ്പെട്ട് മാതാപിതാക്കളോ ഉറ്റവരോ ബന്ധുക്കളോ സുഹൃത്തുക്കളോ ആര് നല്‍കുന്ന പാരിതോഷികങ്ങളും ഇനിമുതല്‍ വധൂവരന്‍മാര്‍ പ്രത്യേകം ലിസ്റ്റാക്കി സൂക്ഷിക്കേണ്ടതും വിവാഹ രജിസ്റ്റര്‍ വേളയില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ ഇതിന്റെ പകര്‍പ്പ് ഹാജരാക്കേണ്ടതുമാണ്. ലിസ്റ്റ് ഹാജരാക്കണമെന്ന നിര്‍ദേശം നിലവിലുള്ളതാണെങ്കിലും പാലിക്കാത്ത സാഹചര്യത്തില്‍ വിവാഹം രജിസ്‌ട്രേഷന് ലിസ്റ്റ് നിര്‍ബന്ധമാക്കും. അച്ഛനും അമ്മയുമുള്‍പ്പെടെ പാരിതോഷികങ്ങള്‍ നല്‍കുന്നവര്‍ ചെലവഴിച്ച പണത്തിന്റെ ഉറവിടവും ലിസ്റ്റില്‍ വെളിപ്പെടുത്തണം.
വിവാഹ ചടങ്ങില്‍ വധൂവരന്‍മാര്‍ക്ക് അണിഞ്ഞൊരുങ്ങാനും ചെലവഴിക്കാനുമുള്‍പ്പെടെയുള്ള തുകയ്ക്ക് പരിധി നിശ്ചയിക്കുന്നതിനൊപ്പം പരിധിക്കപ്പുറം പണമോ സ്വര്‍ണമോ, വാഹനങ്ങളോ വസ്തുവകകളോ പാരിതോഷികമായി കൈപ്പറ്റിയാല്‍ ഇതിന് ആഡംബര നികുതിയ്ക്ക് വിധേയമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിന് പുറമേ നിയമലംഘകര്‍ക്കുള്ള ശിക്ഷാ കാലാവധിയും പിഴത്തുകയും വര്‍ദ്ധിപ്പിക്കാനും ഉദ്ദേശമുണ്ട്. റീജിയണല്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാര്‍ ചീഫ് ഓഫീസറായ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ മുഖാന്തിരം സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ കൂടി ലഭിച്ചശേഷം ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ചട്ടം ഭേദഗതി ചെയ്യുകയോ പുതിയ നിയമം കൊണ്ടുവരികയോ ചെയ്യാനാണ് നീക്കം.
Post Your Comments