ബെംഗളൂരു: അന്ധവിശ്വാസത്തിന്റെപേരില്‍ അവയവങ്ങൾ മുറിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരു വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒഡിഷ സ്വദേശിയായ ബിജോയ് നായിക് (20) ആണ് നാവും ജനനേന്ദ്രിയവും മുറിച്ചത്. നാവും ജനനേന്ദ്രിയവും മുറിച്ചാല്‍ പ്രത്യേകശക്തി ലഭിക്കുമെന്ന വിശ്വാസത്തിലാണിതു ചെയ്തതെന്നാണ് യുവാവ് പോലീസിന് മൊഴി നല്‍കിയത്.
യുവാവ് സംഭവത്തെക്കുറിച്ച് വ്യത്യസ്തമൊഴികള്‍ നല്‍കുന്നത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. യുവാവ് ആദ്യം പോലീസിനോട് പറഞ്ഞത് നാലുപേര്‍ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി അവയവങ്ങള്‍ മുറിച്ചുമാറ്റിയെന്നാണ്. എന്നാല്‍, വിശദമായി ചോദ്യംചെയ്തപ്പോള്‍ അന്ധവിശ്വാസത്താല്‍ സ്വയംചെയ്തതാണിതെന്നു വ്യക്തമായി. വ്യാഴാഴ്ച നാലുപേര്‍ വിജനമായ സ്ഥലത്ത് കൊണ്ടുപോയി നാവും ജനനേന്ദ്രിയവും മുറിച്ചെന്നും വേദനകാരണം ബോധം നഷ്ടപ്പെട്ട തനിക്ക് ശനിയാഴ്ചയാണ് ബോധം വന്നതെന്നുമാണ് യുവാവ് ആദ്യം പോലീസില്‍ പറഞ്ഞത്. ബന്ധുക്കളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാല്‍, പോലീസ് ശനിയാഴ്ച രാത്രി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവാവ് സത്യം വെളിപ്പെടുത്തിയത്. ദേവത പ്രത്യക്ഷപ്പെട്ട്, നാവും ജനനേന്ദ്രിയവും മുറിച്ചാല്‍ അമാനുഷികശക്തി ലഭിക്കുമെന്ന് പറഞ്ഞതായാണ് പുതിയ മൊഴി. യുവാവിന് മാനസികവിഭ്രാന്തിയുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കെട്ടിടനിര്‍മാണത്തൊഴിലാളിയായ ബിജോയ് അപകടനില തരണം ചെയ്തു.
Post Your Comments