NewsInternational

റിയാദില്‍ മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറാകാതെ കുടുംബം

റിയാദ് : സൗദി അറേബ്യയിലെ റിയാദില്‍ മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കഴിയില്ലെന്ന് കുടുംബം. റിയാദില്‍ പാക്കിസ്ഥാന്‍ സ്വദേശിയുടെ വര്‍ക്ക് ഷോപ്പില്‍ ജീവനക്കാരനായിരുന്ന സോമന്‍ തങ്കപ്പന്‍ (61) ഈമാസം ഒന്നിനു ഹൃദയാഘാതം മൂലമാണു മരിച്ചത്. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ക്കായി സത്യവാങ്മൂലം ആവശ്യപ്പെട്ടപ്പോഴാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ വീട്ടുകാര്‍ വിസമ്മതിച്ചത്.

സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്നു നാട്ടിലേക്കയച്ചാല്‍ മൃതദേഹം ഏറ്റുവാങ്ങാമെന്നു ബന്ധുക്കള്‍ അറിയിച്ചെങ്കിലും ഇതുവരെ രേഖകളൊന്നും റിയാദിലേക്ക് അയച്ചിട്ടില്ല.
ഇതു സാമൂഹിക പ്രവര്‍ത്തകരെ പ്രശ്‌നത്തിലാക്കി. 25 വര്‍ഷമായി സൗദിയില്‍ കാര്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന ഇയാളുടെ നാട്ടിലെ കുടുംബത്തെ കണ്ടെത്താനും ഇന്ത്യക്കാരനാണെന്നു തെളിയിക്കുന്ന രേഖകള്‍ എത്തിക്കുന്നതിനും സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലും സൗദിയിലും വ്യാപക അന്വേഷണം നടത്തിയിരുന്നു. മാവേലിക്കര സ്വദേശിയാണെന്നും അവിടെ ചായക്കട നടത്തുന്ന ഗോപാലന്‍ എന്നൊരു സുഹൃത്തിനെക്കുറിച്ച് ഇയാള്‍ പറയാറുണ്ടായിരുന്നെന്നും മാത്രമായിരുന്നു ആകെ ലഭിച്ച വിവരം.
ഈ സൂചനയുമായി മാവേലിക്കരയിലെയും പരിസരങ്ങളിലെയും നഗരസഭ, വില്ലേജ് ഓഫിസ്, പോസ്റ്റ് ഓഫിസുകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ ഗോപാലനെ കണ്ടെത്തി. അതോടെയാണു സോമനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. മൂന്നു പതിറ്റാണ്ടിനു മുന്‍പേ മുംബൈയിലേക്കു പോയ സോമന്റെ കുടുംബം അവിടെയാണെന്ന വിവരവും അവരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ലഭിച്ചു. സോമന്റെ അച്ഛനും അമ്മയും വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചുപോയിരുന്നു.

സോമന്റെ ഭാര്യ പൊന്നമ്മയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് 20 വര്‍ഷത്തിലേറെയായി കുടുംബവുമായി ഇയാള്‍ക്ക് ഒരു ബന്ധവുമില്ലായിരുന്നെന്നു മനസിലായത്. അങ്ങനെയൊരാളുടെ മൃതദേഹം ഇനി കാണേണ്ടതില്ലെന്നാണു തങ്ങളുടെ നിലപാടെന്നും ഭാര്യയും പെണ്‍മക്കളും അറിയിച്ചു. 1995ല്‍ നാട്ടില്‍ പോയി വന്നതിനു ശേഷം 22 വര്‍ഷമായി കുടുംബാംഗങ്ങളുമായി സോമനു ബന്ധമില്ല. ഗള്‍ഫില്‍ വരുന്നതിനു മുമ്പു മുംബൈയില്‍ ജോലി ചെയ്തിരുന്ന കാലയളവില്‍ അവിടെ വച്ചു പരിചയപ്പെട്ട പൊന്നമ്മയെ വിവാഹം ചെയ്യുകയായിരുന്നു. രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് സോമനുണ്ടായിരുന്നത്. മകന്‍ 1995ല്‍ മരിച്ചശേഷമാണു തങ്ങളുമായുള്ള ബന്ധം തങ്കപ്പന്‍ ഉപേക്ഷിച്ചതെന്നു കുടുംബം പറയുന്നു. 1996ല്‍ സോമന്‍ തങ്കപ്പനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിക്കു കുടുംബം പരാതി നല്‍കിയിരുന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല.

ജോലിസ്ഥലത്തുവച്ചാണു സോമന്‍ തങ്കപ്പനു ഹൃദയാഘാതമുണ്ടായത്. ഉടന്‍തന്നെ സുഹൃത്തുക്കളായ പാക്കിസ്ഥാന്‍ സ്വദേശികള്‍ ബത്ഹയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും മതിയായ ചികിത്സ നല്‍കാനായില്ല. ഏതെങ്കിലും ആശുപത്രിയിലേക്കു മാറ്റണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ഇഖാമ ഉള്‍പ്പെടെയുള്ള രേഖകളൊന്നും ഇല്ലാത്തതിനാല്‍ ചികിത്സ ലഭിക്കുന്നതിനു തടസമുണ്ടായതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പിന്നീടു മരണവും സംഭവിച്ചു. മരണവിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടും രേഖകളൊന്നും ഇല്ലാത്തതിനാല്‍ മൃതദേഹം കൊണ്ടുപോകാന്‍ ആദ്യം തയാറായില്ല. പിന്നീടു രാത്രിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വന്നതിനുശേഷമാണു മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. ഇഖാമയില്ലാത്ത സോമന്‍ വിരലടയാളവും നല്‍കിയിട്ടില്ല. സ്‌പോണ്‍സര്‍ ആരാണെന്നും വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button