ആരോഗ്യ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമരീതിക്കെതിരേ ഡോക്ടർമാർ. കേരള ഗവ: മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ സംഭവിക്കുന്ന ആകസ്മികമായ സംഭവങ്ങള്‍ വസ്തുതകള്‍ ശരിയായി മനസ്സിലാക്കാതെ തെറ്റിദ്ധരിപ്പിക്കുന്ന വർത്തകൾ മാധ്യമങ്ങൾ നൽകുന്നത് വർധിക്കുകയാണെന്ന് വാർത്താകുറിപ്പിൽ പറയുന്നു.
അതിസങ്കീർണവും പലപ്പോഴും പ്രവചനാതീതവുമായ രോഗാവസ്ഥകളെയും പരിണിതഫലങ്ങളെയും
കുറിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോൾ ആരോഗ്യ മേഖലയില്‍ സാങ്കേതികജ്ഞാനമുളളവരുടെ സഹായം തേടി വസ്തുതകള്‍ മനസ്സിലാക്കി റിപ്പോർട്ട് ചെയ്യണമെന്ന് ഇവർ പറയുന്നു.
അങ്ങനെ ചെയ്യാത്ത പക്ഷം തെറ്റിദ്ധാരണ പരത്തുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കപ്പെടുകയും അവ സമൂഹത്തിൽ ആരോഗ്യ മേഖലയെ കുറിച്ചും ആധുനിക വൈദ്യശാസ്ത്രത്തെ കുറിച്ചും അവിശ്വാസം ജനിപ്പിക്കുകയും ചെയ്യും. ഇത് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
ഉദാഹരണമായി പ്രതിരോധ കുത്തിവയ്പ്പുകളെ കുറിച്ച് അശാസ്ത്രീയവും അതേസമയം തെറ്റിദ്ധാരണാ ജനകവുമായ ലേഖനങ്ങളും വാര്‍ത്തകളും സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങളെ സ്വാധീനിക്കുകയുണ്ടായിട്ടുണ്ട്. പലയിടത്തും ഇത്തരം മാദ്ധ്യമ വാർത്തകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ആളുകള്‍ പ്രതിരോധകുത്തിവയ്പ്പുകൾക്കെതിരെ പ്രചാരണം നടത്തുകയും സർക്കാരിന്റ്റെ രോഗപ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്യുന്നു. ഇതുമൂലം ഡിഫ്തീരീയ തുടങ്ങിയ മാരകരോഗങ്ങൾ നമ്മുടെ സമൂഹത്തിൽ വീണ്ടും പടരുന്നതിനും പിഞ്ചു കുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടുന്നതുമായ അവസ്ഥയുണ്ടായി.
ആദ്യം കേൾക്കുന്ന വാർത്തകൾ അസത്യമാണെങ്കിലും അത് മനുഷ്യ മനസ്സുകളിൽ ആഴത്തില്‍ പതിയുമെന്നത് സ്വാഭാവികമാണ്. ഇവിടെയാണ് അതിഭാവുകത്തോടെയും തിടുക്കത്തോടെയുമുളള അശാസ്ത്രീയ വാർത്താ റിപ്പോർട്ടിംഗുകളിലെ അപകടമെന്ന് കുറിപ്പിൽ പറയുന്നു.അതുപോലെ തെറ്റായ വാർത്തകൾ പലപ്പോഴും പ്രാധാന്യത്തോടെ മുൻപേജിൽ തന്നെ നൽകിയ ശേഷം സത്യാവസ്ഥ തുടർ ദിവസങ്ങളിൽ ഉൾപ്പേജിൽ
വാർത്താപ്രാധാന്യമില്ലാത്തവിധം നൽകുന്നതു കൊണ്ട് സമൂഹത്തിൽ സൃഷ്ടിക്കപ്പെട്ട തെറ്റിദ്ധാരണ
തിരുത്തപ്പെടുന്നില്ല.
ആരോഗ്യ മേഖലയില്‍ ആകസ്മികമായ സംഭവങ്ങളുണ്ടാകുമ്പോൾ അതിവൈകാരികതയോടെയും നിജസ്ഥിതി മനസ്സിലാക്കാതെയും പൊതുജനങ്ങളും രോഗിയുടെ ബന്ധുക്കളും ഡോക്ടര്‍മാർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളിൽ വിദഗ്ധരുടെ നിഷ്പക്ഷ അന്വേഷണം നടക്കുന്നതിന് മുൻപേ ഡോക്ടറെയും ആശുപത്രി അധികൃതരെയും പേരടക്കം പ്രസിദ്ധപ്പെടുത്തി കുറ്റവാളികളായി ചിത്രീകരിച്ച് വാർത്തകൾ നൽകുന്നത് നീതിയല്ലെന്നും ഇവ മാദ്ധ്യമ ധർമ്മത്തിന് നിരക്കുന്ന കാര്യവുമല്ലെന്നും പറയുന്നു.
ഇത്തരം സന്ദർഭങ്ങളിൽ സ്വകാര്യ ആശുപത്രികളുടെയോ സ്വകാര്യ സ്ഥാപനങ്ങളുടെയോ പേര്‍ വെളിപ്പെടുത്താതിരിക്കാൻ മാദ്ധ്യമങ്ങൾ അതീവ ജാഗ്രത പുലർത്താറുമുണ്ട്. ആകസ്മിക സംഭവങ്ങളെ
മാദ്ധ്യമങ്ങൾ കുറ്റകൃത്യങ്ങളായി റിപ്പോർട്ട് ചെയ്യുകയും പൊതുജനവികാരത്തിന്റ്റെ പുറത്തു ശാസ്ത്രീയ സത്യങ്ങളെ അവഗണിച്ചുകൊണ്ട് സർക്കാർ ഡോക്ടർമാരെ അച്ചടക്ക നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ തുടർക്കഥയാകുന്നത് പൊതുജനാരോഗ്യ രംഗത്തെ പരിമിത സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടര്‍മാർക്ക് മനോവിഷമം ഉണ്ടാക്കുന്നതും അവരുടെ ആത്മവീര്യം തകർക്കുന്നതുമാണ്.
ഈ പ്രവണത നമ്മുടെ പൊതുജനാരോഗ്യ രംഗത്തിനു ഗുണകരമാകില്ലെന്നും കുറിപ്പിൽ പറയുന്നു.
Post Your Comments