NewsGulf

കംപ്യൂട്ടര്‍ നിറയെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍: പ്രവാസിയ്ക്ക് തടവ് ശിക്ഷ

അബുദാബി•കംപ്യൂട്ടറുകളില്‍ നൂറുകണക്കിന് കുട്ടികളുടെ അശ്ലീല ചിത്രങ്ങളുമായി പിടിയിലായയാള്‍ക്ക് ആറുമാസം തടവ് ശിക്ഷ. ഫിലിപ്പിനോ സ്വദേശിയായ 30 കാരനെയാണ് അബുദാബി കോടതി ശിക്ഷിച്ചത്. ഇയാള്‍ക്ക് 50,000 ദിര്‍ഹം പിഴയും കോടതി വിധിച്ചിട്ടുണ്ട്.

നേരത്തെ ഫാസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ തള്ളിയ അബുദാബി അപ്പീല്‍ കോടതി കീഴ്ക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു. ഇയാള്‍ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഇന്‍റര്‍നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തതായും ഇവ കുട്ടികള്‍ക്ക് വിതരണം ചെയ്തതായും കോടതി കണ്ടെത്തി.

പ്രോക്സി സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാണ്‌ ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തിരുന്നത്. തുടര്‍ന്ന് മൊബൈല്‍ ഫോണിലൂടെ 11 വയസുമുതലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അയച്ചുകൊടുക്കുകയായിരുന്നു.

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു. ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത കംപ്യൂട്ടര്‍ ഡിവൈസുകള്‍ നിറയെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളായിരുന്നു.

200 ഓളം അശ്ലീല വീഡിയോകളാണ് ഇയാളുടെ ഫോണില്‍ നിന്നും കംപ്യൂട്ടറില്‍ നിന്നും പോലീസ് കണ്ടെത്തിയത്. കുട്ടികളുടെ ഉള്‍പ്പടെ നിരവധി മൊബൈല്‍ നമ്പരുകളിലേക്ക് ഈ ദൃശ്യങ്ങള്‍ ഇയാള്‍ അയച്ചതായും പോലീസ് കണ്ടെത്തി.

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തതിനും കൈകാര്യം ചെയ്തതിനും നിയമവിരുദ്ധമായ ഉള്ളടക്കം കുട്ടികളുടെ ഇടയില്‍ പ്രചരിപ്പിച്ചതിനുമാണ് ഫിലിപ്പിനോയ്ക്കെതിരെ കേസ് ചാര്‍ജ് ചെയ്തത്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തതായി സമ്മതിച്ച പ്രതി ഇവ ഷെയര്‍ ചെയ്തെന്ന ആരോപണം നിഷേധിച്ചു.

ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ യു.എ.ഇയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

വിദേശ വെബ്സൈറ്റുകള്‍ അന്താരാഷ്ട്ര സൈബര്‍ അതോറിറ്റികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഇവ സന്ദര്‍ശിച്ച് അശ്ലീല വീഡിയോകള്‍ പോലെയുള്ളവ ഡൌണ്‍ലോഡ് ചെയ്യുന്നത് ശിക്ഷാര്‍ഹമാനെന്നും അധികൃതര്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

യു.എ.ഇ സൈബര്‍ കുറ്റകൃത്യ നിയമപ്രകാരം ഒരാള്‍ മനപ്പൂര്‍വം, കുട്ടികളുടെ ഉള്‍പ്പെട്ട അശ്ലീല ദൃശ്യങ്ങള്‍ കൈകാര്യം ചെയ്ത് പിടിക്കപ്പെട്ടാല്‍ 150,000 ദിര്‍ഹം മുതല്‍ ഒരു മില്യണ്‍ വരെ പിഴശിയോ കുറഞ്ഞത് ആറുമാസം മുതല്‍ മൂന്ന് വരെ തടവ് ശിക്ഷയോ ലഭിക്കാം. അല്ലെങ്കില്‍ ഇവ രണ്ടും കൂടിയും ലഭിച്ചേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button