ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വന്‍വിജയം നേടിയ ബിജെപിയുടെ മുഖ്യമന്ത്രിയായി കേന്ദ്ര ടെലികോം, റെയില്‍വേ സഹമന്ത്രി മനോജ്കുമാര്‍ സിന്‍ഹ നിയമിതനാകും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ആയില്ലെങ്കിലും ബിജെപി കേന്ദ്രനേതൃത്വം മനോജ് സിന്‍ഹയെ മുഖ്യമന്ത്രിയാക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച മുഖ്യമന്ത്രിയെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുണ്ടാകമെന്നാണ് സൂചന.
നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ യുപിയില്‍ ഭരണം പിടിച്ച ബിജെപി, പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സംസ്ഥാന, കേന്ദ്രതലത്തില്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. രണ്ടുവര്‍ഷത്തിനകം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് പോലെയുള്ള സംസ്ഥാനത്ത് നിന്ന് മികച്ച വിജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ സര്‍വസമ്മതനും ജനകീയനുമായ മുഖ്യമന്ത്രിയെ വേണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം. ഇതാണ് ഐഐടി ബിരുദധാരിയും സര്‍വസമ്മതനുമായ സിന്‍ഹയ്ക്ക് വഴി തുറന്നത്. ഘാസിപൂര്‍ മണ്ഡലത്തില്‍ നിന്ന് മൂന്നാം തവണയാണ് മനോജ് സിന്‍ഹ പാര്‍ലമെന്റിലെത്തുന്നത്. മോദി മന്ത്രിസഭയില്‍ സഹമന്ത്രിസ്ഥാനവും ലഭിച്ചു.
അതേസമയം, ഉത്തരാഖണ്ഡില്‍ ബിജെപി മുഖ്യമന്ത്രിയായി ത്രിവേന്ദ്ര സിംഗ് റാവത്ത് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയില്‍ 57 സീറ്റുകള്‍ നേടി ഉജ്ജ്വല വിജയമാണ് ഉത്തരാഖണ്ഡില്‍ ബിജെപി കരസ്ഥമാക്കിയത്. 56 വയസുകാരനായ ത്രിവേന്ദ്ര റാവത്ത്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്. സംസ്ഥാനത്ത് മഖ്യമന്ത്രിയാകുമെന്ന് പറഞ്ഞുകേട്ട ആറു നേതാക്കളില്‍ നിന്നാണ് റാവത്തിനെ കേന്ദ്ര ബിജെപി നേതൃത്വം മുഖ്യമന്ത്രിയായി നിയോഗിച്ചത്.
Post Your Comments