ന്യൂഡല്‍ഹി : താജമഹലിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. താജ്മഹല്‍ കേന്ദ്രീകരിച്ച് ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിരുന്നു. ഐസിസ് അനുകൂല മാദ്ധ്യമ സംഘമായ അഹ്വാള്‍ ഉമ്മത് മീഡിയ സെന്റര്‍ താജ്മഹലിന്റെ ചിത്രത്തോടുകൂടിയ ഗ്രാഫിക് ചിത്രം ടെലിഗ്രാം ആപ്ലിക്കേഷനില്‍ ഈമാസം14ന് പോസ്റ്റു ചെയ്തതായി ഇന്റലിജന്‍സ് വിഭാഗമാണ് പുറത്ത് വിട്ടത്. താജ്മഹലിന്റെ പശ്ചാത്തലത്തില്‍ കൈയില്‍ ആയുധമേന്തി നില്‍ക്കുന്ന ഭടനും താജ്മഹലിനെ തോക്കില്‍ ലക്ഷ്യം വച്ചുകൊണ്ടുള്ള ചിഹ്നവും താഴെ പുതിയ ലക്ഷ്യമെന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതുമായ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഭീകരന്‍ സൈഫുള്ള ലക്‌നൗവില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചതിനു പിന്നാലെയും ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന തരത്തില്‍ ഭീഷണി പോസ്റ്റുകള്‍ ഐസിസ് അനുകൂല സംഘടനകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
താജ് മഹലിന്റെ ഉള്ളിലായി കേന്ദ്ര ഔദ്യോഗിക സുരക്ഷ സേനയും, പുറത്ത് ഉത്തര്‍പ്രദേശ് പൊലിസിനേയും, സ്വോറ്റ് കമാണ്ടോസിനേയും വിന്യസിപ്പിച്ചിട്ടുണ്ടെന്ന് പൊലിസ് സൂപ്രണ്ട് പ്രീതിന്ദര്‍ സിംഗ് അറിയിച്ചു. ആക്രമണം ഉണ്ടായാല്‍ കാര്യക്ഷമമായി സുരക്ഷ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ മോക്ക് ഡ്രില്ലുകളും നടത്തുന്നുണ്ട്. താജ് മഹലിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വിന്യസിച്ചിരിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ ടിക്കറ്റ് കൗണ്ടര്‍, പാര്‍ക്കിംഗ് ഗ്രൗണ്ട് സഹിതം എല്ലാ സ്ഥലങ്ങളിലും കര്‍ശനമായ സുരക്ഷയാണ് സജ്ജീകരിച്ചിരിക്കുന്നത്. പൊലിസ് മേധാവി സുശീല്‍ ഷിന്ദേയുടെ നേതൃത്വത്തില്‍ ബോംബ്,ഡോഗ് സ്‌ക്വാഡുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ താജ് മഹലില്‍ പരിശോധന നടത്തിയിരുന്നു.
Post Your Comments