തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുമ്പോൾ സുരക്ഷ നൽകേണ്ട വനിതാ പോലീസിനു സുരക്ഷിതത്വമില്ല. വനിതാ പോലീസ് സ്റ്റേഷനുകളിലേക്കും വനിതാ സെല്ലുകളിലേക്കും അശ്ലീല ഫോൺവിളികൾ വരുന്നത് വർധിക്കുന്നതായാണ് പോലീസ് നൽകുന്ന വിവരം. പലപ്പോഴും പബ്ലിക് ടെലഫോൺ ബുത്തുകളെയാണ് വനിതകൾ മാത്രം ജോലി ചെയ്യുന്ന സ്റ്റേഷനുകളുടെ നമ്പരെടുത്ത് വിളിക്കുന്നവർ ആശ്രയിക്കുന്നതെന്നതിനാൽ അന്വേഷണം നടത്താനും ബുദ്ധിമുട്ട് നേരിടുന്നത്. വനിതാ ഐപിഎസ് ഓഫിസർമാരും ഇത്തരം സാമൂഹികവിരുദ്ധരുടെ ഇരകളാകുന്നുണ്ട്.
ജോസ് തലസ്ഥാനത്തെ വനിതാ പോലീസ് സ്റ്റേഷനിലെ ജീവനക്കാർക്ക് പേടി സ്വപ്നമാണ്. നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്യുന്ന ഇയാൾ ചീത്ത വിളിക്കുന്നതും ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും പതിവാണ്. ഇയാൾക്കെതിരെ ഫോണിൽ വിളിച്ച് മോശം പദങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ പതിനഞ്ചോളം കേസുകൾ വിവിധ സ്റ്റേഷനിലുണ്ട്.
ഇത്തരം സാമൂഹികവിരുദ്ധരുടെ പട്ടികയിൽ ജോസ് മാത്രമല്ല ഉള്ളത്. മറ്റു പലരും ഫോൺ വിളിച്ച് ചീത്തവാക്കുകൾ പറയാറുണ്ടെന്നു തലസ്ഥാനത്തെ വനിതാ പോലീസ് സ്റ്റേഷനിലെ ജീവനക്കാർ വ്യക്തമാക്കുന്നു. മറ്റൊരു ജില്ലയിൽനിന്ന് ഫോൺ വിളിച്ച് അശ്ലീലം പറയുന്ന ആളാണ് പുതിയ തലവേദന. കോളർ ഐഡി ഇല്ലാത്തതിനാൽ വിളിക്കുന്നത് ആരാണെന്നു തിരിച്ചറിയാൻ വനിതാ പോലീസ് സ്റ്റേഷനിലെ ജീവനക്കാർക്കു കഴിയുന്നില്ല. മേലുദ്യോഗസ്ഥരോടു പരാതി പറയാറുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നു പോലീസുകാർ പറയുന്നു.
സംസ്ഥാന വനിതാ സെല്ലും തലസ്ഥാനത്തെ വനിതാ പോലീസ് സ്റ്റേഷനും പുറമേ ഓരോ ജില്ലയിലും വനിതാ സെല്ലുകൾ നിലവിലുണ്ട്. ഇവിടങ്ങളിലെല്ലാം സന്ദേശങ്ങൾ എത്താറുണ്ടെന്നു വനിതാ പോലീസുകാർ പറയുന്നു. കേസുകളിൽ പ്രതിയായതിന്റെ ദേഷ്യത്തിൽ വിളിച്ച് മോശമായി സംസാരിക്കുന്നവരുമുണ്ടെന്ന് വനിതാ സെല്ലിലെ ഉദ്യോഗസ്ഥർ പറയുന്നു. ചിലർ അശ്ലീല എസ്എംഎസുകൾ ഔദ്യോഗിക ഫോണുകളിലേക്കയയ്ക്കും. വനിതാ സെല്ലിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും മൊബൈൽ ഫോണിലേക്ക് ഒരുദിവസം ഒരുമിച്ച് മോശം സന്ദേശം അയച്ച ആളിനെ മുൻപ് പിടികൂടിയിരുന്നു. അയാളുടെ ശല്യം പിന്നീട് ഉണ്ടായില്ലെങ്കിലും ഇടയ്ക്കെല്ലാം അശ്ലീല പദങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഫോൺ വിളികൾ വരാറുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
Post Your Comments