തിരുവനന്തപുരം: പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് ഒറ്റയ്ക്കുപോയ യുവതി റോഡുവക്കില്‍ പ്രസവിച്ചു. ഇവർക്ക് സഹായമായത് നാട്ടുകാരായ സ്ത്രീകളും കോസ്റ്റ് ഗാര്‍ഡുമാണ്. ഇപ്പോൾ അമ്മയും കുഞ്ഞും എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിനടുത്തുള്ള റോഡില്‍ പ്രസവിച്ചത് പൂജപ്പുര സ്വദേശിനി ലീനാ വിശ്വനാഥാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30നാണ് സംഭവം.
ലീനയുടെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പ്രസവവേദനയെടുത്ത ലീന റോഡിലിറങ്ങി ഓട്ടോറിക്ഷ പിടിച്ച് ആശുപത്രിയിലേക്ക് പോകാനെത്തിയതായിരുന്നു. ലീനയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരായ സ്ത്രീകള്‍ പെട്ടെന്നുതന്നെ റോഡരികത്ത് തുണിമറച്ച് പ്രസവിക്കാനുള്ള സൗകര്യമൊരുക്കി. പക്ഷെ പൊക്കിള്‍ക്കൊടി മുറിച്ച് വേര്‍പെടുത്തിയെങ്കിലും അമിത രക്തസ്രാവമുണ്ടായി.
ആ സമയത്ത് പാങ്ങോട് നിന്നും വിഴിഞ്ഞത്തേക്ക് പോകുകയായിരുന്ന കോസ്റ്റ്ഗാര്‍ഡിന്റെ ആംബുലന്‍സ് വഴിയിലെ ആള്‍ക്കൂട്ടം കണ്ട് നിര്‍ത്തി. അവിടെയുണ്ടായിരുന്ന സ്ത്രീകളെയും അവശയായ ലീനയെയും കുഞ്ഞിനെയും ആംബുലന്‍സില്‍ കയറ്റി ഡ്രൈവര്‍ സുഭാഷ് ബാബു പെട്ടെന്നുതന്നെ തൈക്കാട് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ രക്തസ്രാവം നിലയ്ക്കാത്തതിനെ തുടര്‍ന്ന് അമ്മയെും കുഞ്ഞിനെയും പിന്നീട് മെഡിക്കല്‍കോളേജ് എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റിയെന്ന് തൈക്കാട് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Post Your Comments