ന്യൂഡല്‍ഹി : വൃക്കമാറ്റി വയ്ക്കിലിനു ശേഷം പൂര്‍ണമായി സുഖം പ്രാപിച്ച് ലോക്സഭയിലെത്തിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ഊഷ്മള സ്വീകരണം. വിദേശ ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സുഷമ നടത്തുന്ന അതിവേഗ ഇടപെടലുകളാണ് അവരെ ഏവരുടെയും പ്രിയങ്കരിയായി മാറ്റിയത്. ഏതുകാര്യത്തിനും ട്വിറ്ററിലൂടെ മറുപടി നല്കുന്ന സുഷമയുടെ നടപടിയെ ലോകമാധ്യമങ്ങള്‍ വരെ പ്രശംസിച്ചിരുന്നു. ഇതിന് സുഷമയുടെ ട്വിറ്റര്‍ നയതന്ത്രം എന്നുവരെ പേരിടുകയും ചെയ്തു. കക്ഷിഭേദമെന്യേ എല്ലാ സഭാ അംഗങ്ങളും ഊഷ്മള സ്വീകരണമാണു നല്കിയത്.
സുഷമയോടു ചോദ്യം ചോദിക്കാനായി എഴുന്നേറ്റ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെയാണ് ആദ്യമായി സ്വാഗതം ആശംസിച്ചത്. ദീര്‍ഘനാളത്തെ ചികിത്സയ്ക്കു ശേഷം സുഖംപ്രാപിച്ച് എത്തിയ സുഷമയ്ക്ക് സ്വാഗതം ആശംസിക്കുന്നതായി അദ്ദേഹം പറഞ്ഞു. സുഷമ ദീര്‍ഘനാള്‍ ആരോഗ്യത്തോടെ ജീവിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇതോടെ സഭയിലെ മറ്റ് അംഗങ്ങള്‍ എല്ലാവരും എഴുന്നേറ്റു നിന്ന് ഡസ്‌കില്‍ അടിച്ച് സുഷമയ്ക്ക് ആശംസ നേരുകയായിരുന്നു. ഇതിനിടെ സ്പീക്കര്‍ സുമിത്ര മഹാജനും സുഷമയുടെ വരവില്‍ സന്തോഷം പ്രകടിപ്പിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി സുഷമയും മറുപടി നല്കി. എല്ലാവരുടെയും പ്രാര്‍ത്ഥനയും ശുഭചിന്തയുമാണ് തന്റെ രോഗം പെട്ടെന്നു മാറാന്‍ കാരണമെന്നും അതില്‍ നന്ദി അറിയിക്കുന്നതായും അവര്‍ വൈകാരികമായി കൂട്ടിച്ചേര്‍ത്തു. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച വിജയം നേടിയശേഷം ആദ്യമായി സഭയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണകക്ഷി അംഗങ്ങള്‍ ആഹ്ലാദാരവങ്ങളോടെ സ്വീകരിച്ചു. കഴിഞ്ഞ ഡിസംബര്‍ 10ന് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ സുഷമ സ്വരാജ് ഇന്നാണ് ആദ്യമായി ലോക്സഭയിലെത്തിയത്.
Post Your Comments