കണ്ണൂര്‍ : കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന വിഷമാമ്പഴം വിപണിയില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന വഴിപാടാവുമ്പോള്‍ തടസ്സത്തിന്റെ പ്രശ്‌നമേയില്ല. കാത്സ്യം കാര്‍ബൈഡ് പ്രയോഗത്തില്‍ കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന മാമ്പഴം അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് വ്യാപകമായി എത്തുന്നത്. കാസര്‍കോട്ട് നെല്ലിക്കട്ടയില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റെയ്ഡില്‍ 1600 കിലോ വിഷമാമ്പഴമാണ് പിടിച്ചടുത്തത്. കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ചെടുത്തതാണ് ഇവയെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നല്ല മഞ്ഞ നിറത്തിലുള്ള മാമ്പഴത്തിന്റെ മറുപുറം ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനേ കഴിയില്ല.
മാങ്ങ നിറച്ച പെട്ടികളില്‍ കാത്സ്യം കാര്‍ബൈഡ് കടലാസു പൊതികളിലാക്കി വയ്ക്കും. മുറിയടച്ചിടുന്നതോടെ കാര്‍ബൈഡില്‍ നിന്നുണ്ടാകുന്ന അസറ്റിലിന്‍ വാതകത്തിന്റെ ചൂടില്‍ മണിക്കൂറുകള്‍ക്കകമാണ് മാങ്ങ പൂര്‍ണമായും പഴുത്ത നിലയിലാവുന്നത്. ഒപ്പം നിറവും. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട ഓര്‍ഗാനോക്ലോറിന്‍ വിഭാഗത്തില്‍ പെടുന്ന പല കീടനാശിനികള്‍ക്കും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഒരു വിലക്കുമില്ല. അവിടങ്ങളില്‍ ഇത്തരം കീടനാശിനികള്‍ ഉയര്‍ന്ന അളവില്‍ മാവുകളില്‍ തളിക്കുന്നതായി കര്‍ഷകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇങ്ങനെ വിളവെടുക്കുന്ന പച്ചമാങ്ങകള്‍ക്ക് ഇവിടെയെത്തിയാല്‍ രണ്ടാംഘട്ട രസതന്ത്രപ്രയോഗവും. കാര്‍ബൈഡില്‍ അടങ്ങിയ ആര്‍സനിക്, ഫോസ്ഫറസ് എന്നീ ഘടകങ്ങള്‍ മാങ്ങയുടെ നീരില്‍ ലയിക്കുമ്പോള്‍ അസറ്റലിന്‍ വാതകം വരവായി. ഇതുണ്ടാക്കുന്ന അമിതമായ ചൂടില്‍ പഴുക്കാത്ത മാങ്ങയും പഴുത്തുപോവും.
Post Your Comments