അന്താരാഷ്ട്ര വിപണിയിൽ കിലോയ്ക്ക് രണ്ടര ലക്ഷം രൂപ വരുന്ന മാമ്പഴം മോഷണം പോയതായി പരാതി. ഒഡീഷയിലെ നുവാപാഡ ജില്ലയിലെ ഒരു ഫാമിൽ നിന്നാണ് നേരം ഇരുട്ടി വെളുത്തപ്പോഴേക്കും മാമ്പഴം ഒന്നടങ്കം മോഷണം പോയത്. ജപ്പാനിലെ മിയാസാക്കി ഇനത്തിൽപ്പെടുന്ന മാമ്പഴമാണ് മോഷ്ടിക്കപ്പെട്ടത്. വിപണിയിൽ വൻ ഡിമാൻഡുള്ള മാമ്പഴമാണിത്.
ഫാമിൽ മിയാസാക്കി മാമ്പഴം വിളഞ്ഞ വിവരം ഫാം ഉടമയായ ലക്ഷ്മി നാരായണൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. കൂടാതെ, വിളവെടുക്കാൻ പാകമായ മാമ്പഴത്തിന്റെ ചിത്രവും ഫാം ഉടമ പങ്കുവെച്ചു. എന്നാൽ, പോസ്റ്റിട്ട് മണിക്കൂറുകൾക്കകമാണ് മാമ്പഴം മോഷണം പോയിരിക്കുന്നത്. ഫാമിൽ മിയാസാക്കി അടക്കം 38 ഇനം മാമ്പഴങ്ങൾ ലക്ഷ്മി നാരായണൻ കൃഷി ചെയ്യുന്നുണ്ട്.
അസാധാരണമായ വിലയുള്ള മാമ്പഴം വിളവെടുക്കാൻ പാകമായത് കണ്ടപ്പോഴുണ്ടായ സന്തോഷത്തെ തുടർന്നാണ് സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചത്. ഒരൊറ്റ മാമ്പഴത്തിന് 40,000 രൂപ വരെ വില ലഭിക്കുമെന്നതാണ് മിയാസാക്കിയെ മറ്റ് ഇനങ്ങളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്. അടുത്തിടെയാണ് ഈ അപൂർവ്വ ഇനം മാമ്പഴം സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്.
Post Your Comments