KeralaNews

ജേക്കബ് തോമസിനെ മാറ്റില്ല

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ടെന്നും അത് നടക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയുള്ള അഴിമതി ആരോപണവും അനധികൃത സ്വത്ത് സമ്പാദവുമായി ബന്ധപ്പെട്ടിട്ടുള്ള മാധ്യമവാര്‍ത്തയും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എം.വിന്‍സെന്റ് എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരെ വിട്ട് വീഴ്ചയില്ലാതെ നടപടിയെടുത്തയാളാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. മാത്രമല്ല മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ജേക്കബ് തോമസ് അഴിമതി നടത്തിയെങ്കില്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം ഗുരുതരമായ ആരോപണമാണ് ജേക്കബ് തോമസിനെതിരെ സഭയില്‍ ഉന്നയിച്ചത്. വിജിലന്‍സിനെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ സര്‍ക്കാര്‍ ചുവപ്പ് കാര്‍ഡ് കാണിക്കണമെന്നും തത്ത കോടതിയെയും സര്‍ക്കാരിനെയും തിരിഞ്ഞ് കൊത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി കള്ളന്റെ കയ്യിലാണ് താക്കോല്‍ കൊടുത്തിരിക്കുന്നത്. ജേക്കബ് തോമസ് നടത്തിയത് ഞെട്ടിപ്പിക്കുന്ന അഴിമതിയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. എന്നാല്‍ പരിശോധിക്കാതെ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും അഴിമതി നടത്തിയെങ്കില്‍ ജേക്കബ് തോമസിനെ സംരക്ഷിക്കുകയില്ലെന്നും മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button