തിരുവനന്തപുരം: മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതാക്കള്‍ മത്സരിക്കുന്ന കാര്യത്തില്‍ ബി.ജെ.പി തീരുമാനം വൈകുമ്പോള്‍ മലപ്പുറം ജില്ലയില്‍നിന്നുള്ള യുവനേതാക്കള്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടാന്‍ സാധ്യതയേറി. നാലോളം യുവനേതാക്കളുടെ പട്ടിക ബി.ജെ.പി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ജില്ലാ ജനറല്‍ സെക്രട്റി പി.ആര്‍ രശ്മില്‍നാഥ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എന്‍.ശ്രീപ്രകാശ്, സംസ്ഥാന സെക്രട്ടറി അഡ്വ.എ.കെ നസീര്‍ എന്നിവരാണ് അന്തിമപട്ടികയിലുള്ളത്. ഇതില്‍ രശ്മില്‍ നാഥിനോ അജി തോമസിനോ ആയിരിക്കും കൂടുതല്‍ സാധ്യത. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ കാഴ്ചവച്ച മിന്നും പ്രകടനമാണ് രശ്മില്‍നാഥിനെ പരിഗണിക്കാനുള്ള പ്രധാന കാരണം. തൊട്ടുമുന്‍പത്തെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ മുപ്പതിനായിരം വോട്ട് എണ്‍പതിനായിരത്തില്‍ അധികമായി ഉയര്‍ത്താന്‍ വയനാട്ടില്‍ മത്സരിച്ച രശ്മില്‍നാഥിന് കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍ മത്സരിച്ച് ശക്തമായ സാനിദ്ധ്യം അറിയിക്കാനും അദ്ദേഹത്തിന് സാധിച്ചു. യുവമോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ അജി തോമസ് പൊതുസമ്മതനാണ് എന്നതാണ് അദ്ദേഹത്തെ പരിഗണിക്കാനുള്ള ഘടകം.
Post Your Comments