Prathikarana Vedhi

സ്ത്രൈണ കാമശാസ്ത്രത്തിന്റെ സൃഷ്ടികര്‍ത്താവില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍? സ്വയം ബുദ്ധിജീവി ചമയുന്നവരുടെ അല്‍പ്പത്തരം ഗംഗയേയും മണികണ്ഠനേയും തിരിച്ചറിയാന്‍ അനുവദിച്ചില്ലെങ്കില്‍ അത് തികച്ചും സ്വാഭാവികം; വകതിരിവില്ലാതെ ഫേസ്ബുക്കിലൂടെ എന്തും എഴുതുന്നവരോട് സഹതാപപൂര്‍വ്വം അഞ്ജു പ്രഭീഷിന് പറയാനുള്ളത്

ചമത്കാരമുള്ള ഗദ്യപദ്യങ്ങള്‍ രചിക്കുന്നവര്‍ സാഹിത്യകാരന്മാര്‍!!. മലയാള സാഹിത്യ തറവാടിന്റെ മുറ്റത്ത്‌ പടര്‍ന്നു പന്തലിച്ചു തണല്‍ വിരിച്ചു നിന്ന പല വടവൃക്ഷങ്ങളും കാലപ്രവാഹത്തില്‍ നിലംപതിച്ചുവെങ്കിലും ആ മഹാവൃഷങ്ങള്‍ നമുക്കായി വച്ചുനീട്ടിയ ഫലങ്ങള്‍ അഥവാ അവരുടെ രചനകള്‍ ഇന്നും കാലാനുവര്‍ത്തിയായി നിലക്കൊള്ളുന്നുണ്ട് .മാത്രവുമല്ല അവയുടെ തണലില്‍ വളര്‍ന്നുവന്ന ചില ചെറുമരങ്ങളെങ്കിലും പൂര്‍വികരുടെ പൈതൃകത്തെ എഴുത്തിലൂടെ നിലനിറുത്തി പോരുന്നുമുണ്ട് .എന്നിരുന്നാലും ഇത്തിള്‍ക്കണ്ണികള്‍ എന്ന സംജ്ഞ നിലനിറുത്തി പോരാന്‍ ഉതകുന്ന സാഹിത്യകാരന്മാരും സാഹിത്യകാരികളുമാണ് ഈ തറവാട്ടുമുറ്റത്ത് ഏറിയപങ്കും .നവമാധ്യമങ്ങളില്‍ പോസ്റ്റ്‌ രൂപേണ ഇവരില്‍ ചിലര്‍ നാട്ടുന്ന വാചകങ്ങള്‍ കാണുമ്പോള്‍ സാഹിത്യമെന്ന വാക്കിനു ഇത്രയേറെ അപചയമോയെന്നു സാധാരണ ജനങ്ങള്‍ ധരിക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല .പറഞ്ഞുവന്നത് നവമാധ്യമങ്ങളില്‍ വൈറല്‍ ആയ എഴുത്തുകാരിയെന്നു സ്വയം അവകാശപ്പെടുന്ന ഒരു സ്ത്രീയുടെ പോസ്റ്റും അതിനെതിരെയുള്ള ജനരോഷത്തെയും കുറിച്ചാണ് .

KAMMATTY

ഒന്നോ രണ്ടോ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ സ്വയം ബുദ്ധിജീവി ചമയുന്ന ഒരു വിഭാഗം നമുക്കിടയില്‍ തന്നെയുണ്ട്‌ .ആരും ശ്രദ്ധിക്കാത്ത ഇക്കൂട്ടര്‍ മുഖപുസ്തകത്തില്‍ വിവാദമുണ്ടാക്കുന്ന തരത്തില്‍ ഏതെങ്കിലും പോസ്റ്റ്‌ ഇട്ടുകൊണ്ട്‌ ജനശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കും. കുപ്രസിദ്ധിയിലൂടെയെങ്കിലും വാര്‍ത്തകളില്‍ ഇടം പിടിക്കുകയെന്നതാണ് ഇപ്പോഴത്തെ ട്രെന്‍റ്. അത്തരത്തിലൊന്ന് ശ്രമിച്ചതാണ് ഈ സാഹിത്യകാരി .പക്ഷേ എഴുതിവന്നപ്പോള്‍ ഉള്ളിലുള്ള സവര്‍ണ്ണ മേധാവിത്വം ചരടുപൊട്ടിച്ചു വെളിയില്‍ വന്നു പോയി .സ്ത്രൈണ കാമാശാസ്ത്രമെന്ന പുസ്തകത്തിലൂടെ സ്ത്രീയുടെ രതികാമനകളെ പുറത്തേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിച്ച കഥാകാരിക്ക് തന്റെ ഉള്ളിലുള്ള സവര്‍ണ്ണ മനോഭാവത്തെ അടക്കി വയ്കക്കുവാന്‍ കഴിഞ്ഞില്ല .വാത്സ്യായനന്റെ കാമസൂത്രത്തിനു ബദലായി രചിച്ച “സ്ത്രൈണ കാമശാസ്ത്രത്തിനു യാതൊരു ശ്രദ്ധയും സാഹിത്യലോകം കൊടുക്കാതെ വന്നതിലുള്ള കടുത്ത അപകര്‍ഷതാബോധമാവാം ഈ കഥാകാരിയെ ഭരിച്ചിരുന്നത് .തൃശൂര്‍ ആകാശവാണിയിലെ ഒരുദ്യോഗസ്ഥയെ ജാതിപ്പേരു വിളിച്ചു ആക്ഷേപിച്ചുവെന്നൊരു കേസ് ഈ കഥാകാരിയുടെ പേരില്‍ മുമ്പ് ഉണ്ടായിട്ടുണ്ട് .ഉള്ളില്‍ അടക്കി വച്ച ജാതിചിന്തകളുമായി അക്ഷരങ്ങളെ വ്യഭിചരിക്കാന്‍ ഇറങ്ങിയ നിങ്ങള്‍ക്ക് ഒരിക്കലും ചേരില്ല എഴുത്തുകാരിയെന്ന പേര്.സമൂഹത്തിനു നേര്‍വഴി കാട്ടേണ്ടവരാണ് എഴുത്തുകാര്‍ .അല്ലാതെ കലയെ പോലും അവര്‍ണ്ണ സവര്‍ണ്ണ തുലാസ്സുകൊണ്ട് അളക്കുന്ന നിങ്ങളെ പോലുള്ള വൃത്തികെട്ട മനസ്ഥിതിയുള്ളവരല്ല .
.
വാത്സ്യായനന്റെ കാമസൂത്രത്തിലെ വരികളെ ഉദ്ധരിച്ചുകൊണ്ട് നിങ്ങളിലെ സ്ത്രീക്ക് തോന്നിയ ലൈംഗിക കാഴ്ചപ്പാടുകള്‍ വച്ച് നിങ്ങള്‍ പടച്ചുണ്ടാക്കിയതാണല്ലോ സ്ത്രൈണ കാമശാസ്ത്രം ..അതില്‍ നിങ്ങളുടെ ചിന്തകള്‍ മാത്രമാണുള്ളത് .എന്നാല്‍ കമ്മട്ടിപാടമെന്നതു ഒരു യാഥാര്‍ത്ഥ്യമാണ്.ഗംഗയെന്ന വിനായകന്‍ നമുക്ക് കാട്ടിത്തരുന്നത് പച്ചയായ അയാളുടെ ജീവിതം തന്നെയാണ് .മൂന്ന് സെന്റ്‌ ഭൂമിയിലൂടെയും പിന്നീട് ഭൂ മാഫിയയിലൂടെയും നഷ്ടപ്പെട്ടു പോയ ഒരു ജനതയുടെ ജീവിതം .അത് മനസ്സിലാകണമെങ്കില്‍ ആദ്യം മായ്ച്ചു കളയേണ്ടത്‌ ഉള്ളിലുള്ള സവര്‍ണ്ണ മാടമ്പി ചിന്തകളെയാണ് .ആകാശവാണിയുടെ എ സി മുറികളിലും ചില്ലുമേടകളിലും ഇരുന്നു ശീലിച്ച നിങ്ങള്‍ക്ക് മണ്ണിന്റെ മണമുള്ള മനുഷ്യരുടെ മനോവിചാര വികാരങ്ങള്‍ മനസ്സിലാവണമെന്നില്ല ..തൂലികത്തുമ്പ്‌ കൊണ്ട് നിങ്ങള്‍ ആധുനിക എഴുത്തുകാരില്‍ പലരും അക്ഷരങ്ങളെ സ്വതന്ത്രരാക്കി അവയ്ക്ക് രൂപവും പേരും നല്കുന്നത് ഭാവന കൊണ്ടല്ലേ? .എന്നാല്‍ നല്ല എഴുത്തുകാര്‍ സ്വാനുഭവങ്ങളെയോ തങ്ങള്‍ കണ്ടതും കേട്ടതും അറിഞ്ഞതുമായ മറ്റുള്ളവരുടെ അനുഭവങ്ങളെയോ കഥാപാത്രങ്ങള്‍ ആക്കി വിസ്മയം തീര്‍ക്കാറുണ്ട്‌ .അങ്ങനെയൊരു വിസ്മയമാണ് കമ്മട്ടിപാടമെന്ന സിനിമ .സംവിധാനമികവിലൂടെ ,കെട്ടുറപ്പുള്ള തിരക്കഥയിലൂടെ ,അഭിനയത്തികവിലൂടെ,ക്യാമറയിലൂടെ,പാട്ടിലൂടെ ഒക്കെ വിസ്മയം ജനിപ്പിച്ച സിനിമയാണ് അത് .അതുകൊണ്ട് തന്നെയാണ് ആ ചിത്രത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത് .രാജീവ് രവിയുടെ ചിത്രമായത് കൊണ്ട് തന്നെ പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് ആ ചിത്രം കാണാന്‍ തിയേറ്ററുകളില്‍ കയറിയതും ..അത് രാജീവ് രവിയെന്ന സംവിധായകനില്‍ പ്രേക്ഷകര്‍ക്കുള്ള വിശ്വാസമാണ് .ആ വിശ്വാസത്തെ മുന്‍ ചിത്രങ്ങളിലെന്ന പോലെ നൂറുശതമാനം കാത്തുസൂക്ഷിക്കാന്‍ രാജീവ് രവിക്കായത് അദേഹത്തിന്‍റെ ക്രാഫ്റ്റ് ..ആ ചിത്രം പകുതി കണ്ടു തിയേറ്ററില്‍ നിന്നും ഇറങ്ങി പോകാന്‍ നിങ്ങളെ പ്രേരിപ്പിച്ചത് നിങ്ങളിലെ ഉള്ളിലുള്ള പ്രേക്ഷകയുടെ അഭിരുചിയുടെ വൈരുദ്ധ്യമാകാം .അത് നിങ്ങളുടെ അവകാശം .കെ ആര്‍ ഇന്ദിരയെന്ന നിങ്ങളുടെ “സ്ത്രൈണകാമാശാസ്ത്ര”മെന്ന പുസ്തകത്തെ ആദ്യ ഒന്ന് രണ്ടു പേജുകള്‍ മറിച്ചുനോക്കിയ ശേഷം ചവറ്റു കോട്ടയില്‍ തള്ളാന്‍ എന്നെ പ്രേരിപ്പിച്ചതും അഭിരുചിയിലെ വൈരുദ്ധ്യം തനെയാണ്‌ ..എന്നിരുന്നാലും നാളെ ഒരുപക്ഷേ ആ പുസ്തകത്തിനു അവാര്‍ഡ് നിങ്ങള്‍ക്ക് കിട്ടുകയാണെങ്കില്‍ അതിനെ വിമര്‍ശിച്ചു ,അതിന്റെ എഴുത്തുകാരിയെ അധിക്ഷേപിച്ചു പോസ്റ്റ്‌ ഇടാന്‍ ഞാന്‍ ഒരിക്കലും ഒരുങ്ങില്ല .കാരണം എനിക്ക് ഇഷ്ടപ്പെടാത്തത് കൊണ്ട് മാത്രം ആ പുസ്തകം മോശമാവില്ല .ആ പുസ്തകത്തെ ഇഷ്ടപ്പെട്ട ഒരുപാട് പേര്‍ ഉണ്ടായതുകൊണ്ടും അതിന്റെ ജനപ്രിയതകൊണ്ടും മൂല്യം കൊണ്ടുമാണ് അതിനു അവാര്‍ഡ് എന്ന് കരുതിയാല്‍ തീര്‍ന്നില്ലേ പ്രശ്നം ..അത് പോലെ തനെയല്ലേ കമ്മട്ടിപാടത്തിലെ അഭിനയത്തിനുള്ള അവാര്‍ഡും …

ഗംഗയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്നേഹിച്ചത് പച്ചയായ ആ അഭിനയം കണ്ടിട്ടാണ് .ആ നടനതികവ് അവാര്‍ഡ് കമ്മിറ്റിക്ക് ബോദ്ധ്യപ്പെട്ടത്‌ കൊണ്ടാണ് അദ്ദേഹം മികച്ച നടനായത് . വിനായകനു നല്കിയ അവാര്‍ഡില്‍ സവര്‍ണ്ണ –അവര്‍ണ്ണ രാഷ്ട്രതന്ത്രം തിരഞ്ഞ നിങ്ങളുടെയുള്ളില്‍ അടിഞ്ഞുകിടക്കുന്ന പുരുഷ വിദ്വേഷമല്ലേ ആ പുസ്തകമെഴുതാന്‍ നിങ്ങളെയും പ്രേരിപ്പിച്ചത് ?? അങ്ങനെയെങ്കില്‍ സ്ത്രൈണയുടെ കാമശാസ്ത്രം എന്ന പുസ്തകം സ്ത്രീ പുരുഷ ലിംഗങ്ങളെ തമ്മിലടിക്കാനുള്ള അധമബോധം കൊണ്ടുള്ളതാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് എതിര്‍ക്കാന്‍ കഴിയുമോ ?വിനായകന്‍ എന്ന അഭിനേതാവ് ആ സിനിമയില്‍ അഭിനയിക്കുകയല്ലായിരുനു .അതുകൊണ്ടാണ് നിങ്ങള്‍ക്ക് വിനായകനെ കാണാന്‍ കഴിയാത്തത് .അദ്ദേഹം ആ സിനിമയില്‍ ഗംഗയായി ജീവിക്കുകയായിരുന്നു .അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ പറഞ്ഞതുപോലെ എവിടെ അഭിനയം അല്ലേ??കഥാപാത്രമായി ജീവിക്കുന്ന ,അല്ലെങ്കില്‍ താദാത്മ്യം നേടിയ അദ്ദേഹത്തിന്റെ അഭിനയത്തെ കാണാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അവിടെയും ജയിച്ചത്‌ വിനായകന്‍ തന്നെ .മേയ്കപ്പിട്ട മുഖങ്ങളിലെ ചലനമറ്റ ഭാവങ്ങളെയും മരം ചുറ്റിയോട്ടത്തെയും വെളുപ്പില്‍ മാത്രം കേന്ദ്രീകൃതമാണ്‌ സൌന്ദര്യമെന്നു അടിവരയിട്ട നിങ്ങളുടെയൊക്കെ അഭിരുചികള്‍ക്ക് ഒരിക്കലും വിനായകനിലെ അഭിനയത്തെ കാണാന്‍ കഴിയില്ല .യഥാര്‍ത്ഥ അഭിനയമെന്തെന്നു തിരിച്ചറിയണമെങ്കില്‍ അത്യാവശ്യം വേണ്ടത് അല്പം ബുദ്ധിയും വകതിരിവുമാണ് .അതില്ലാത്ത നിങ്ങള്‍ക്ക് സിനിമയെന്നാല്‍ കേവലം വിനോദോപാധിയായ കുറെ നിറമുള്ള ഫ്രെയിമുകള്‍ മാത്രമാണ് .അല്ലാതെ അത് നല്‍കുന്ന സന്ദേശമോ ജീവിതയാഥാര്‍ത്ഥ്യമോ അല്ല ..

ഇനി മറ്റൊന്ന് കൂടി നിങ്ങളോട് ചോദിക്കട്ടെ –ഒരു സിനിമയില്‍ നായകകഥാപാത്രത്തിനു മാത്രമേ അവാര്‍ഡ് കൊടുക്കാവൂ എന്ന അലിഖിത നിയമം എവിടെയെങ്കിലും ഉണ്ടോ ??നിങ്ങള്‍ ഒരധ്യാപിക കൂടിയല്ലേ .ഒരുകാര്യം ചോദിക്കട്ടെ –ക്ലാസില്‍ ലീഡര്‍ സ്ഥാനം കിട്ടിയ കുട്ടി തന്നെയായിരിക്കുമോ പഠനത്തില്‍ ക്ലാസ് ഫസ്റ്റ്.?ലീഡര്‍ഷിപ്പ് കിട്ടിയത് കൊണ്ടുമാത്രം ഒരു കുട്ടിയെ സ്റ്റുഡണ്ട് ഓഫ് ദി ഇയര്‍ ആക്കുമോ ??അതുപോലെ തന്നെയാണ് ഇവിടെയും .കൃഷ്ണന്‍ എന്ന കഥാപാത്രം ശരിക്കും ഈ ചിത്രത്തില്‍ ഒരു സൂത്രധാരന്‍ മാത്രമാണ് .അദേഹത്തിലൂടെയാണ് കഥാകഥനം നടക്കുന്നത് ..ഗംഗയിലൂടെയാണ് കമ്മട്ടിപാടം പൂര്‍ണ്ണത കൈവരിക്കുന്നത് .ഗംഗയും ബാലനുമില്ലെങ്കില്‍ ഈ സിനിമയില്ല .അവരാണ് പാലത്തിനടിയിലുള്ള ആ ഇരുണ്ട ലോകം നമ്മെ കാണിക്കുന്നത് .ഗംഗയുടെ ഭാവങ്ങളിലൂടെയാണ് കമ്മട്ടിപാടത്തെ ജനതയുടെ ജീവിതത്തിന്റെ കയ്പും വേദനയും രോഷവും സ്വപ്നവും ഒക്കെ നമ്മള്‍ അറിയുന്നത് .ഗംഗയൊരു പ്രതീകമാണ് .നമ്മള്‍ കണ്ടില്ലെന്നു നടിക്കുന്ന പാലത്തിനടിയിലെ ഇരുണ്ടലോകത്തിലെ അനേകം യുവത്വങ്ങളുടെ പ്രതീകം .ഒരിക്കല്‍ അവര്‍ ഓടിക്കളിച്ചു നടന്ന പാടവും പറമ്പും അവര്‍ക്കന്യമായ കഥയാണ് കമ്മട്ടിപാടം.ജന്മിത്വം സിരകളില്‍ ആവേശമായി പടര്‍ന്ന ജനതയുടെ പ്രതിനിധികള്‍ക്ക് ഈ സിനിമ നല്കുന്നത് ചവര്‍പ്പുള്ള ഒരനുഭവമായിരിക്കും ..അവര്‍ക്ക് ഗംഗയെയും വിനായകനെയും അംഗീകരിക്കാനാവില്ല .സിരകളില്‍ ഓടുന്ന രക്തത്തില്‍ പോലും ആര്യ ദ്രാവിഡ വൈരുധ്യം കാണുന്നവര്‍ക്ക് കമ്മട്ടിപാടവും ഗംഗയും വിനായകനും തീണ്ടാപാടകലെയായിരിക്കും .പക്ഷേ നിങ്ങള്‍ ഒന്നോര്‍ക്കണം –വിഷമുള്ള വര്‍ണ്ണ വ്യവസ്ഥിതിയുള്ള മനസ്സില്‍ നിന്നും വമിക്കുന്ന ചിന്തകളെ എന്നും ഒരു തീണ്ടാപാടകലെ നിറുത്തുന്നവരാണ് ബുദ്ധിയും ബോധവുമുള്ള മലയാളികള്‍ .അത്തരക്കാരുടെ മനസ്സില്‍ നിങ്ങളെ പോലെയുള്ളവരുടെ സ്ഥാനം പടിക്ക് പുറത്താണ് .ആ ചിന്തകളെ പേപിടിച്ച നായയെ പോലെ ആട്ടിയോടിക്കും ഇനിയും പ്രതികരണ ശേഷി അടിയറവു വയ്ക്കാത്ത ഒരുവിഭാഗം ജനങ്ങള്‍ …

shortlink

Related Articles

Post Your Comments

Related Articles


Back to top button