NewsIndia

നടുറോഡില്‍ യുവതി പ്രസവിച്ചു; സഹായിച്ചത് വൃദ്ധ യാചക

ബംഗളൂരു: നടുറോഡില്‍ യുവതി പ്രസവിച്ചു. കര്‍ണാടകയിലെ റായ്ചുര്‍ ജില്ലയിലെ മന്‍വിലാണ് സംഭവം. കര്‍ഷകനായ രാമണ്ണയുടെ ഭാര്യയായ യെല്ലമ്മയാണ് തിരക്കേറിയ റോഡില്‍ പ്രസവിച്ചത്. പൂര്‍ണ ഗര്‍ഭിണി നടുറോഡില്‍ കുഴഞ്ഞുവീഴുന്നതുകണ്ട് ഒടിയെത്തിയ വൃദ്ധ യാചകയാണ് പ്രസവമെടുത്തത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. പെണ്‍കുഞ്ഞിനാണ് യെല്ലമ്മ ജന്മംനല്‍കിയത്.

റായ്ചുര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡോക്ടറെ കണ്ട ശേഷം ഭര്‍ത്താവിനൊപ്പം മടങ്ങും വഴി റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രക്തസ്രാവമുണ്ടായതോടെ എന്തു ചെയ്യണമെന്നറിയാതെ നിന്ന രാമണ്ണയ്ക്കു മുന്നില്‍ രക്ഷകയായി അവിടെ ഭിക്ഷയെടുത്തുകൊണ്ടിരുന്ന വൃദ്ധ ഓടിയെത്തുകയായിരുന്നു. ഇതുകണ്ട് സമീപമുണ്ടായിരുന്ന ചില സ്ത്രീകള്‍ കൂടി ഓടിയെത്തി യുവതിയെ ശുശ്രൂഷിച്ചു.

അമ്മയേയും കുഞ്ഞിനെയും മന്‍വി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ആളുകള്‍ മടിക്കുന്ന ഇക്കാലത്ത് മറ്റുള്ളവര്‍ക്ക് മാതൃകയാണ് വൃദ്ധയെന്ന് മന്‍വി എംഎല്‍എ ജി. ഹംപയ്യ നായക് ബല്ലാത്തി പറഞ്ഞു.

മൂന്നു ആണ്‍കുട്ടികളുടെ അമ്മയായ യെല്ലമ്മ ഒരു പെണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹവുമായാണ് വീണ്ടും ഗര്‍ഭം ധരിച്ചത്. ഏതായാലും പെണ്‍കുഞ്ഞിനെ നല്‍കി ദൈവം അനുഗ്രഹിച്ചെന്നും എല്ലാം ശുഭമായതിന് ദൈവത്തിന് നന്ദിപറയുന്നതായും രാമണ്ണയും യെല്ലമ്മയും പറഞ്ഞു.

shortlink

Post Your Comments


Back to top button