മുംബൈ: മഹാരാഷ്ട്രയില്‍ നിരവധി സ്ത്രീകളാണ് എഴുത്തും വായനയുമറിയാതെ ജീവിതം തള്ളിനീക്കുന്നത്. അടുക്കളയുടെ പുകമറയ്ക്കു പിന്നില്‍ ഒതുങ്ങിത്തീരുന്നതായിരുന്നു അവരുടെ ജീവിതം. എന്നാൽ ഒടുവില്‍ ഇവരുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്കി അറുപത് വയസിന് മുകളിലുള്ള മുത്തശ്ശിമാര്‍ക്ക് പഠിക്കാന്‍ സ്കൂള്‍ യാഥാര്‍ത്ഥ്യമായി. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ഒരു സ്കൂള്‍ ആദ്യമാണ് എന്നതാണ് ഇതിന് പിന്നിലെ പ്രത്യേകത.
മുത്തശ്ശിമാര്‍ക്കുള്ള ‘ആയിബായിചി ശാല’ മഹാരാഷ്ട്രയിലെ ഭാന്ഗാനെ എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ അറുപതിന് മുകളില്‍ പ്രായമുള്ള ഇരുപത്തി എട്ടോളം അമ്മമാരും, മുത്തശ്ശിമാരുമാണ് പഠിക്കാനെത്തുന്നത്. അനസൂയ ദേശ്മുഖാണ് ഇവരില്‍ ഏറ്റവും പ്രായം കൂടിയ ആള്. മറാത്തിയാണ് നിലവിൽ ഇവരെ പഠിപ്പിക്കുന്നത്. ആദ്യഘത്തില്‍ അക്ഷരങ്ങള്‍ മനസിലാക്കിയെടുക്കാന്‍ താന്‍ വളരെയധികം ബുദ്ധിമുട്ടിയെന്ന് അനസൂയ പറയുന്നു. ഇപ്പോള്‍ അക്ഷരങ്ങള്‍ മനസിലാക്കി തുടങ്ങി. സമയമെടുത്താണെങ്കിലും വായിക്കാന്‍ സാധിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
മുത്തശ്ശിമാര്‍ക്ക് ഒരു സ്കൂള്‍ എന്ന ആശയത്തിന് പിന്നില്‍ ഭാന്ഗാനെയിലെ പ്രൈമറി സ്കൂള്‍ അധ്യാപകനായ യോഗേന്ദ്ര ബാന്‍ഗ(40)റാണ്. അദ്ദേഹം ഒരിക്കല്‍ മതപരമായ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ആ ആശയം അദ്ദേഹത്തിന്റെ മനസില്‍ തോന്നിയത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ഒരു മുതിര്‍ന്ന സ്ത്രീ അദ്ദേഹത്തോട് തങ്ങളെ എഴുത്തും വായനയും പഠിപ്പിക്കണമെന്നാവശ്യപ്പെട്ടു. ദൈവികമായ പുസ്തകള്‍ തങ്ങള്‍ക്ക് സ്വയം വായിക്കുവാന്‍ അതിലൂടെ തങ്ങള്‍ക്ക് സാധിക്കുമെന്നും ഇപ്പോള്‍ മറ്റുള്ളവരുടെ സഹായത്തോടെയാണ് തങ്ങള്‍ അത്തരം വിവരങ്ങള്‍ വായിച്ച് കേള്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് വീട്ടില്‍ എത്തിയ യോഗേന്ദ്ര പ്രായമായവര്‍ക്ക് സ്കൂള്‍ എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കുകയും അതില്‍ നിന്ന് ആയിബായിചി ശാല രൂപം നൽകുകയും ചെയ്തു.
അധ്യയന സമയം ഉച്ചതിരിഞ്ഞ് രണ്ട് മണി മുതല്‍ നാല് മണിവരെയാണ്. ഇവര്‍ക്ക് പ്രത്യേകം യൂണിഫോമൊക്കെയുണ്ട്. പിങ്ക് കളറിലുള്ള സാരിയാണ് മുത്തശ്ശിമാരുടെ യൂണിഫോം. വിധവകള്‍ ഉള്‍പ്പെടെയുള്ളവര്‍ പഠിക്കാനെത്തുമ്പോള് എന്തുകൊണ്ട് പിങ്ക് കളറിലുള്ള സാരി എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. അതിന് യോഗേന്ദ്രക്ക് കൃത്യമായ മറുപടിയുണ്ട്. പണ്ടത്തെ ആചാരങ്ങളെ താല്‍ക്കാലികമായെങ്കിലും മാറ്റിനിര്‍ത്തിയേ മതിയാകൂ. അതിന് ഈ പിങ്ക് നിറത്തിന് സാധിക്കും.
Post Your Comments