
കൊച്ചി: വനിതാ ദിനത്തിൽ അപരിചതന്റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം പങ്ക് വെക്കുകയാണ് സ്നേഹ വെൻസ്‌ലാസ് എന്ന യുവതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്നേഹ തന്റെ അനുഭവം തുറന്നു പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ജീവിതത്തിൽ ഇന്ന് വരെ കിട്ടിയതിൽ വച്ച് ഏറ്റവും വൃത്തികെട്ട ചുംബനമായിരുന്നു അത്…
BeBoldForChange എന്ന് പറഞ്ഞു ലോകം വനിതാദിനം ആചരിക്കുമ്പോൾ ഞാൻ പോലീസ് സ്റ്റേഷനിലായിരുന്നു. എന്തിനാ പോലീസ് സ്റ്റേഷനിൽ പോയതെന്നല്ലേ? ഇന്നലെ വീടിന്റെ ഗേറ്റിനു മുൻപിൽ നിൽക്കവേ ഒരാൾ എന്റെ നേർക്കു അശ്ലീലം കലർന്ന കമന്റ് അടിക്കുകയും എനിക്ക് നേരെ വൃത്തികെട്ട ഒരു ചുംബനം എറിഞ്ഞു തരികയും ചെയ്തു. ആ സമയത്തു ആ മനുഷ്യന്റെ മുഖത്ത് വന്ന ഭാവ മാറ്റം അത്രയ്‌ക്ക് അറപ്പുളവാക്കുന്നതായിരുന്നു. ഞാൻ ബൈക്കിന് പിന്നാലെ ഓടി. എന്തായാലും ആ സമയത്തു അത് വഴി വന്ന അയൽക്കാരൻ പിന്നാലെ പോയി ബൈക്കിന്റെ നന്പർ പറഞ്ഞു തന്നു. കുട്ടികാലത്തൊക്കെ ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഞാനാദ്യം ചിന്തിച്ചിരുന്നത് അതെന്റെ ഭാഗത്തെ തെറ്റ് കൊണ്ടാണ് എന്നാണ്.എന്നാൽ ഇന്ന് തിരിച്ചറിയുന്നത് ചീത്തപ്പേരിനെ പേടിച്ചു, ഉപദ്രവത്തെ പേടിച്ചു,പിന്നീടുണ്ടാകുന്ന സമയനഷ്ടത്തെ പേടിച്ചു ഒക്കെ നമ്മൾ മിണ്ടാതിരിക്കുമ്പോൾ നമ്മുടെ മൗനം നമ്മളറിയാതെ തന്നെ അനുവാദം ആയിത്തീരുന്നു മറ്റൊരാളോട് ഇത് ആവർത്തിക്കാൻ. കൈക്കുഞ്ഞ് മുതൽ 70 വയസ്സായ അമ്മച്ചിമാർ വരെ പീഡിപ്പിക്കപ്പെടുന്ന നമ്മുടെ നാട്ടിൽ പെൺകുട്ടികളെ ‘മാന്യമായ’ വസ്ത്രം ധരിപ്പിച്ചത് കൊണ്ടോ പെൺകുട്ടികളുടെ ജീവിതത്തെ വീട്ടിൽ പൂട്ടി വെച്ചത് കൊണ്ടോ കാര്യമില്ല. നഴ്‌സറി മുതലേ രണ്ടു വശങ്ങളിലേക്ക് മാറ്റിയിരുത്തി, അവളെക്കുറിച്ചു അവന്റെയുള്ളിലും, അവനെക്കുറിച്ചു അവളുടെ ഉള്ളിലും അകാരണമായ ദുരൂഹത വളർത്തുന്നു. മാറേണ്ടത് ചെറുപ്പത്തിലേ ആരോഗ്യകരമായ സൗഹൃദം വളരാൻ അനുവദിക്കാത്ത അലിഖിത നിയമങ്ങളാണ്, സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകളാണ്.
അത് മാറാതെ 365 ദിവസം ഉള്ളതിൽ ബാക്കി എല്ലാ ദിവസങ്ങളും പുരുഷന്റേത് ആയിരിക്കുകയും ഒരു ദിവസം സ്ത്രീയുടേത് എന്ന് ആഘോഷിക്കപ്പെടുകയും ചെയ്‌യുന്നതിൽ ഒരു അർത്ഥവുമില്ലെന്നാണ് എന്റെ പക്ഷം.
Post Your Comments