പാലക്കാട്; കടുത്ത ചൂടില്‍ കേരളം വരളുമ്പോള്‍ വിവാദ വ്യവസായി വിജയ് മല്യയുടെ മദ്യക്കമ്പനിക്കു ബീയറുണ്ടാക്കാന്‍ ജല അതോറിറ്റിയുടെ അറിവോടെ മലമ്പുഴയിൽ നിന്നും രാത്രികാലങ്ങളിൽ ടാങ്കറുകളില്‍ വെള്ളം കടത്തുന്നു.പുലര്‍ച്ചെ മൂന്നുമണിക്കുശേഷം മലമ്പുഴ റോഡിലൂടെ സഞ്ചരിക്കുന്ന ടാങ്കര്‍ ലോറികളെ പിന്തുടർന്ന് ഒരു ചാനൽ നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.മലമ്പുഴയിലെ ജലശുദ്ധീകരണശാലയിലേക്കെത്തുന്ന ടാങ്കര്‍ ലോറികളില്‍ വെള്ളം നിറച്ച് പുതുശേരിയിലെ യുണൈറ്റഡ് ബ്രൂവറീസ് എന്ന വിജയ് മല്യയുടെ മദ്യനിര്‍മാണകമ്പനിയിലേക്ക് ദിനവും ലക്ഷക്കണക്കിനു ലീറ്റര്‍ വെളളമാണ് കടത്തുന്നത്.
പകൽ വെള്ളം കൊണ്ടുപോകാൻ ചില കമ്പനികളെ അനുവദിച്ചെങ്കിലും കടുത്ത വരൾച്ച മൂലം ഒന്നര മാസമായി ടാങ്കറില്‍ ആര്‍ക്കും വെളളം കൊടുക്കുന്നില്ലെന്നാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാൽ ഇതൊന്നും വകവെക്കാതെയാണ് രാത്രികാലങ്ങളിലുള്ള ഈ വെള്ളക്കടത്ത്. സാധാരണക്കാര്‍ക്ക് ആവശ്യമായ വെള്ളം എത്തിക്കാന്‍ കഴിയാതെ പ്രാദേശിക ഭരണ കൂടം പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് അനധികൃതമായുള്ള ഈ വെള്ളം കടത്തൽ.വരള്‍ച്ചാക്കാലത്ത് ഇരുട്ടിന്റെ മറവിലെ ഈ അന്യായം വാട്ടര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ കൂടി അറിഞ്ഞു കൊണ്ടാണ്. അധികാരികൾ നടപടി സ്വീകരിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
Post Your Comments