മെല്‍ബണ്‍ : പൊന്‍കുന്നം സ്വദേശിനി മോനിഷയെ ഓസ്ട്രേലിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അവരുടെ അമ്മയും ബന്ധുക്കളും തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ അതീവദുഃഖിതനാണെന്നു മോനിഷയുടെ ഭര്‍ത്താവ് അരുണ്‍ മെല്‍ബണില്‍ പറഞ്ഞു.
ഭാര്യ മരിച്ച് ഇത്രനാളായിട്ടും ഒരു മാധ്യമങ്ങളോടും സംസാരിക്കാതിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിശദീകരണം നല്‍കാതെ തരമില്ലെന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. എല്ലാവരും സംശയിക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്തത് സ്വകാര്യ ദുഃഖമായി കരുതുകയാണ്. ഞാനും ഭാര്യയും സ്നേഹത്തോടും പരസ്പര ബഹുമാനത്തോടുമാണ് കഴിഞ്ഞിരുന്നത്. മോനിഷയുടെ അമ്മയെ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കുകയും ചെയ്തു. കഴിയുന്ന തരത്തിലൊക്കെ അവരെ സഹായിച്ചിരുന്നു. സ്വന്തം മകനെപ്പോലെ തന്നെയാണ് അവരും എന്നെ കണ്ടിരുന്നത്.
കുടുംബത്തുണ്ടായിരുന്ന ചില പ്രശ്നങ്ങളെക്കുറിച്ച് അമ്മയുമായി സംസാരിക്കുകയും പരിഹാരം ആരായുകയും ചെയ്തിരുന്നു. മോനിഷയുടെ സഹോദരിയുടെ വിവാഹത്തിനു ശേഷം എല്ലാം വിശദമായി ചര്‍ച്ച ചെയ്യാമെന്ന് അവര്‍ സമ്മതിച്ചിരുന്നു. പ്രശ്നങ്ങളൊന്നും ബന്ധുക്കളെ അറിയിക്കരുതെന്ന് മോനിഷയുടെ അമ്മ തന്നെ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ആരെയും ഒന്നും അറിയിക്കാതിരുന്നത്.
മോനിഷയുടെ ആത്മഹത്യക്കു ശേഷം ബന്ധുക്കളും പിന്നെ അമ്മയും എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുവെന്നു കേട്ടപ്പോള്‍ ആദ്യം വിശ്വസിച്ചിരുന്നില്ല. പണത്തിനു വേണ്ടി മോനിഷയെ ഞാന്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി അമ്മ പരാതി കൊടുത്തുവെന്നറിഞ്ഞപ്പോഴും തെറ്റായ വാര്‍ത്തയാണെന്നാണ് കരുതിയത്. എന്നാല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്ഐആറിന്റെ കോപ്പി കണ്ടപ്പോള്‍ ശരിക്കും തകര്‍ന്നുപോയി. സ്നേഹിച്ചവരും ബഹുമാനിച്ചവരും തള്ളിപ്പറഞ്ഞപ്പോള്‍ ജീവിക്കേണ്ടതുണ്ടോ എന്നു പോലും ചിന്തിച്ചു.
ഇവിടെയുള്ള നല്ലവരായ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും കേസ് അന്വേഷിക്കുന്ന വിക്ടോറിയന്‍ പൊലീസും നല്കിയ ആത്മവിശ്വാസമാണ് പിടിച്ചുനില്ക്കാന് കെല്പ്പു നല്‍കിയത്. എല്ലാ ആരോപണങ്ങളെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമപരമായി നേരിടാനാണ് അവര്‍ നല്കിയ ഉപദേശം. കുടുംബത്തിലുണ്ടായ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അമ്മയും ബന്ധുക്കളും ഒപ്പം നിന്നിരുന്നെങ്കില്‍ മോനിഷയെ എനിക്കു നഷ്ടപ്പെടില്ലായിരുന്നു- അരുണ്‍ പറയുന്നു.
പൊന്‍കുന്നം പനമറ്റം സ്വദേശിനി മോനിഷ(27)യെ കഴിഞ്ഞ മാസം ആറാം തീയതിയാണ് ഓസ്ട്രേലിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ മോനിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ഭര്‍ത്താവ് അരുണ്‍ ബന്ധുക്കളെ അറിയിച്ചത്. മോനിഷയുടെ മൃതദേഹം 18-ന് നാട്ടിലെത്തിച്ചു സംസ്കരിച്ചു. അരുണ്‍ ക്ലേറ്റനില്‍ നഴ്സും മോനിഷ സോഫ്റ്റ്വെയര് എഞ്ചിനീയറുമായിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. മോനിഷയുടെ മരണത്തിനു കാരണം അരുണിന്റെ പീഡനമാണെന്ന് ആരോപിച്ച് അമ്മ സുശീലാ ദേവി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
Post Your Comments