ഇന്‍ഡോര്‍: ചൊവ്വാഴ്ച മദ്ധ്യപ്രദേശില്‍ ട്രെയിനില്‍ നടന്ന സ്‌ഫോടനം അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ പരീക്ഷണ ആക്രമണമെന്ന് റിപ്പോര്‍ട്ട്. സ്ഫോടനത്തിൽ 10 യാത്രക്കാര്‍ക്ക് പരിക്കേട്ടിരുന്നു. പുലർച്ചെ ജാബ്രി റെയില്‍വേ സ്‌റ്റേഷനിൽ വച്ചായിരുന്നു ഭോപ്പാല്‍ ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിന് നേരെ സ്‌ഫോടനം നടന്നത്. ഇതിന് പിന്നാലെ വന്‍ ആക്രമണമാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇത് ഇസ്‌ളാമിക് സ്‌റ്റേറ്റ് ഇന്ത്യയില്‍ നടത്തുന്ന ആദ്യ ആക്രമണമായിട്ടാണ് വിലയിരുത്തുന്നത്. സംഭവത്തെ തുടര്‍ന്ന് മദ്ധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും പോലീസ് സംഘം സംയുക്താന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തില്‍ എട്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് ലക്‌നൗവ്വില്‍ നടത്തിയ ഓപ്പറേഷനില്‍ നേതാവ് സൈഫുള്ളയെ വെടിവെച്ചു കൊന്നു. ഇയാളെ ജീവനോടെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ എടിഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇയാള്‍ വെടിവെയ്ക്കുകയായിരുന്നു.
ഐഎസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന് എംപി, യുപി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിനുള്ള നിര്‍ദേശം എവിടെ നിന്നാണ് വന്നതെന്ന പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇറാഖിലും സിറിയയിലും വരെ നെറ്റ്‌വര്‍ക്കുള്ള അന്താരാഷ്ട്ര തീവ്രവാദി സംഘടനയുടെ ഓണ്‍ലൈന്‍ ഹാന്‍ഡ്‌ലര്‍ വഴിയാകാം ഇതെന്നാണ് പോലീസിന്റെ സംശയം. ഇതുവരെ ഐഎസ് തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടികണ്ട് തകര്‍ക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്.
Post Your Comments